പുഴയും പുഴയിലെ മണലും.!
പുഴയിൽ മണലടിഞ്ഞു പോകുന്നതു കാരണമാണത്രേ പ്രളയമുണ്ടാകുന്നത്! കരിങ്കൽ ക്വാറിക്കാരെ സഹായിക്കാനാണത്രേ മണൽ വാരൽ നിർത്തലാക്കിയത്. ഇപ്പോൾ നടക്കുന്ന വ്യാപകമായ പ്രചരണമാണിത്!
ആയിരക്കണക്കിന് വർഷം കൊണ്ട് പുഴകളിൽ അടിഞ്ഞു കൂടിയ മണൽ അൻപത് വർഷത്തിനുള്ളിലുള്ളിൽ പത്തിരുപതടി ആഴത്തിൽ കോരിയെടുത്തുക്കഴിഞ്ഞു. വെറും ഇരുപത് വർഷത്തെ നിരോധനം കാരണം ഈ മണൽ വീണ്ടും അടിഞ്ഞുകൂടി പ്രളയത്തിന് കാരണമായി എന്നു പറയുന്നവർ പുഴയുടെ പഴയ ഫോട്ടോകൾ എടുത്ത് നോക്കണം. എൺപതുകുളിൽ പുഴയുടെ തീരങ്ങളിൽ ചിത്രീകരിച്ച മലയാള സിനിമകൾ കാണണം. എന്നിട്ട് നേരിട്ട് വന്ന് പുഴ നോക്കീട്ടറിയണം മണൽ എത്ര വാരിപ്പോയിട്ടുണ്ടെന്ന്!
പുഴയിലെ മണൽ പുഴയുടെ ഒഴുക്കിനെ തടയുമോ.. മണലെടുക്കുമ്പോൾ യഥാര്‍ത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്.?
വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിക്കുമ്പോൾ പരന്നൊഴുകി നീരൊഴുക്ക് വർദ്ധിക്കുന്നതിനും ഒഴുക്ക് കുറയുമ്പോൾ വെള്ളം മുഴുവൻ ഒഴുകി പോകാതെ സാവധാനം സഞ്ചരിക്കുകയും ചെയ്യുന്നു എന്നതാണ് മണൽ ചെയ്യുന്ന പ്രധാന ധർമ്മം. അതായത് മഴക്കാലത്ത് വെള്ളം ഒഴുക്കി കളയാനും വേനൽക്കാലത്ത് വെള്ളം പിടിച്ചു നിർത്താനും മണൽ പുഴയിൽ ആവശ്യമാണ്.
മിക്കവാറും കേരളത്തിലെ എല്ലാ പുഴകളിലും പലയിടങ്ങളിലും പത്ത് – ഇരുപതടി താഴ്ചയില്ലെങ്കിലും മണലെടുത്തിട്ടുണ്ട്! അതിനാൽ സ്വാഭാവികമായും പരന്നൊഴുകേണ്ട പുഴ ഇന്ന് ചാലു പോലെ ഇടുങ്ങി ഒഴുകി കൊണ്ടിരിക്കുന്നു..
മണലെടുത്ത സ്ഥലങ്ങളിൽ ചെളിയടിഞ്ഞു വലിയ പുല്ലുകൾ വളർന്നു പുഴയുടെ ഇരുവശങ്ങളിലും രൂപപ്പെട്ടിട്ടുമുണ്ട്.
കൂട്ടം കൂടി വളരുന്ന ഈ പുല്ലുകൾ നീരൊഴുക്കിന്റെ വേഗതയെ ബാധിക്കുന്നു..
വ്യാപകമായി മണൽ വാരുന്നതിന് മുമ്പ്
മണൽ പരപ്പുകളായിരുന്നു പുഴയാകെ. ചിലയിടങ്ങളിൽ മണൽകൂനകൾ വരെയുണ്ടായിരുന്നു.. വേനൽക്കാലത്ത ചുട്ടു പൊള്ളുന്ന ഈ മണൽ പരപ്പിൽ ഒരു പുൽക്കൊടി പോലും മുളയ്ക്കില്ലായിരുന്നു.! മണലെടുത്തു തുടങ്ങിയപ്പോൾ ആണ് ചെളിയടിഞ്ഞ് വലിയ പുല്ലുകളും കുറ്റിച്ചെടികളും വളരാൻ തുടങ്ങിയത്. ഇത് പുഴയുടെ മൊത്തം സ്വാഭാവികതയെ തകർത്തു കളഞ്ഞു. പുഴയിലെ അടിത്തട്ടിൽ ജലം സംഭരിച്ചിരുന്നത് വർഷങ്ങൾക്കൊണ്ട് അടിഞ്ഞുകൂടിയ അതിലെ മണൽ കാരണമായിരുന്നു.
ഇതുമൂലം ഭൂഗര്‍ഭജലം സംരക്ഷിച്ച് പുഴത്തീരത്തുള്ള കിണറുകളും കുളങ്ങളും വേനലിൽ വറ്റി പോകാതെ സംരക്ഷിക്കുന്നു.
മണലെടുപ്പു മൂലമാകട്ടെ മഴക്കാലം കഴിഞ്ഞാൽ പുഴയിലെ വെള്ളം മുഴുവൻ ഒഴുകി പോകുന്ന അവസ്ഥയാണിന്ന്. ഭാരതപുഴയിലൊക്കെ ഇന്നിതാണ് സംഭവിക്കുന്നത്.
കൂടാതെ പുഴയിലെ വെള്ളം ശുദ്ധീകരിക്കൂന്നതിന് മണൽ സഹായിക്കുന്നു. ചെളികലരാതെ വെള്ളം ശുദ്ധമായി നിലനിർത്തിയിരുന്നത് പുഴയിലെ മണലായിരുന്നു.
കരപ്രദേശങ്ങൾ ഇടിയാതെ വെള്ളം കയറുമ്പോൾ സ്വാഭാവികമായി കയറിയിറങ്ങാൻ സഹായിച്ചത് പുഴയിലെ മണലായിരുന്നു. മണലെടുപ്പു മൂലം കരയും പുഴയും തമ്മിലകന്നു. പുഴയുടെ ആഴം വർദ്ധിച്ചു. മാത്രമല്ല നിരന്തരമായ മണലെടുപ്പ് മൂലം പലയിടങ്ങളിലും കുളിക്കടവുകൾ ഇല്ലാതായി. ഇന്ന് പുഴയിൽ കുളിക്കാനിറങ്ങിയാൽ തന്നെ പെട്ടെന്ന് ചെളി കലരുന്ന അവസ്ഥയാണ് ഉള്ളത്. പുഴയിൽ അങ്ങിങ്ങായി കുഴികൾ രൂപപ്പെട്ടു. നീന്താനറിയുന്നവർക്കു മാത്രമേ പുഴയിൽ കുളിക്കാൻ പറ്റൂവെന്നവസ്ഥ വന്നു.
മണൽ ചെയ്യുന്ന മറ്റൊരു ഉപകാരം പുഴയിലെ ആഴം കുറച്ച് തീരപ്രദേശങ്ങളിൽ വേനൽക്കാലത്ത് ഉപ്പു വെള്ളം കയറുന്നതിനെ തടയുന്നു എന്നതാണ്.
പുഴ താഴ്ന്നാൽ തീര പ്രദേശങ്ങളിൽ വേൽക്കാലത്ത് ഉപ്പു വെള്ളം കയറുന്നത് വർദ്ധിക്കും. കേരളത്തിൽ പുഴ കടലിൽ വന്നു ചേരുന്ന പലയിടങ്ങളിലും ഉപ്പു വെള്ളം കയറുന്നത് അവിടങ്ങളിലെ കുടിവെള്ളത്തെയും കൃഷിയെയും നിലവിൽ ബാധിക്കുന്നുണ്ട്.
പുഴയിൽ മണലുള്ളപ്പോൾ വെള്ളം നിറയുമ്പോൾ ഇടത്തോടുകളിലൂടെ അടുത്തുള്ള വയലിലേക്ക് പുഴ വെള്ളം റീചാർജ്ജ് ചെയ്യും.! വയലുകൾ പുഴയുടെ റിസർവോയറുകളായി മാറും. പുഴയിലെ മത്സ്യങ്ങൾ വയലുകളിൽ വന്ന് മുട്ടയിട്ട് പ്രജനനം നടത്തും.!
ഇന്ന് വയൽ, തോട്, കുളം, കായൽ നശീകരണം കാരണം
കരയിലെ ജലസംഭരണം തടസ്സപ്പെട്ടിരിക്കുന്നതിനതിനാൽ വെള്ളത്തിന്റെ സമ്മര്‍ദ്ദം മുഴുവൻ ഇപ്പോൾ പുഴകൾക്കാണ് ഉണ്ടാകുന്നത്.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഇടയ്ക്കിടെയുള്ള അശാസ്ത്രീയമായ തടയണ നിർമ്മാണങ്ങൾ മണലും ചെളിയും ചില സ്ഥലങ്ങളിൽ മാത്രം അടിഞ്ഞു കൂടുന്നതിനിടയാക്കുന്നു. ഇത് വാരിക്കളയേണ്ടത് തന്നെയാണ്. പക്ഷേ തിരിച്ച് ഒഴുകുന്ന പുഴയിൽ മണലെടുത്ത സ്ഥലങ്ങളിൽ തന്നെയാണ് നിക്ഷേപിക്കേണ്ടത്!
യഥാർത്ഥത്തിൽ പുഴയല്ല പ്രളയത്തിന് ഉത്തരവാദി! നികത്തിപ്പോയ വയലും കുളങ്ങളും തോടുകളുമാണ്. അത് മറച്ചു വെക്കാൻ വേണ്ടിയാണ് ഈ മണൽവാരൽ തിയറി പടച്ചു വിടുന്നത്!
മഴ കൂടുമ്പോൾ ഒഴുകി വരുന്ന മുഴുവൻ വെള്ളവും പെട്ടെന്ന് ഒഴുക്കികളയാൻ സാധിക്കാത്തതിനാൽ ഇരുകരകളും കവിഞ്ഞു പുഴയ്ക്കൊഴുകേണ്ടതായി വരുന്നു.
കഴിഞ്ഞ 40 വർഷത്തിനിടയ്ക്ക് മാത്രം ഏഴു ലക്ഷം ഹെക്ടറിനടുത്ത് വയലുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. വയലും പുഴയും ബന്ധിപ്പിക്കുന്ന നിരവധി തോടുകളും ഇല്ലാതായി. വയലുകളുടെ അടുത്തുണ്ടായിരുന്ന വെള്ളം നിയന്ത്രിക്കുന്ന തലക്കുളങ്ങളും നികത്തപ്പെട്ടു.
ആ വയലുകളും തോടുകളും കുളങ്ങളും ഇന്നുണ്ടായിരുന്നുവെങ്കിൽ ഈ പ്രളയദുരിതത്തിന്റെ കെടുതികൾ കുറയ്ക്കാമായിരുന്നു.
പുഴയെന്ന് പറയുന്നത് കേവലം ജലം ഒഴുക്കി കളയാനുള്ള കനാലുകളല്ലെന്ന് നാം മനസ്സിലാക്കണം. പരിസ്ഥിതി സംരക്ഷണത്തിൽ വിവിധ ധർമ്മങ്ങൾ വഹിക്കുന്ന ധരണിയുടെ നാഡീഞരമ്പുകളാണ് പുഴകൾ!
പുഴ സ്വാഭാവികമായി ഒഴുകട്ടെ..
പുഴയായി തന്നെ മണലോടു കൂടി.. അല്ലാതെ വെളളം ഒഴുക്കിക്കളയാനുള്ള അഴക്കുചാലായല്ല ഒഴുകേണ്ടത്.!
ഇല്യാസ് കെ പി
Posted inUncategorized