#ഓർമ്മ
#കേരളചരിത്രം
പട്ടം താണുപിള്ള.
പട്ടം താണുപിള്ളയുടെ (1885-1970) ചരമവാർഷികദിനമാണ്
ജൂലൈ 27.
കേരളം കണ്ട ഏറ്റവും തലയെടുപ്പുള്ള രാഷ്ടീയനേതാവായിരുന്നു പട്ടം. ആലോചിച്ച് തീരുമാനം എടുക്കുക. പിന്നീട് എത്ര എതിർപ്പ് വന്നാലും ധീരമായി തൻ്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുക ഇതായിരുന്നു പട്ടത്തിൻ്റെ ശൈലി.
തിരുവനന്തപുരം ലോ കോളേജിൽനിന്ന് ബിരുദം നേടി വക്കീലായി പ്രാക്ടീസ് തുടങ്ങിയ പട്ടം എ താണുപിള്ള, തിരുവനന്തപുരം മുനിസിപ്പൽ കൗൺസിൽ അംഗം, ശ്രീമൂലം പ്രജാസഭാ അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ, 1922ൽ ദിവാൻ രാഘവയ്യ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങളിൽ പ്രതിഷേധിച്ച് പ്രജാസഭാ അംഗത്വം രാജിവെച്ചു.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയജീവിതം ആരംഭിച്ച പട്ടം അതിവേഗം അതിൻ്റെ ഏറ്റവും പ്രമുഖനായ നേതാവായി മാറി. പട്ടം, സി കേശവൻ, ടി എം വർഗീസ് ത്രിമൂർത്തികൾ നയിച്ച പ്രക്ഷോഭം ദിവാൻ സർ സി പി രാമസ്വാമി അയ്യർ വെട്ടേറ്റ് നാടുവിട്ടതോടെ വിജയം കണ്ടെത്തി.
സ്വതന്ത്ര്യപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിൻ്റെ പ്രഥമ പ്രധാനമന്ത്രിയായി 1948 മാർച്ച് 24ന് സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിലെ അന്തഛിദ്രത്തിൻ്റെ ഫലമായി 6 മാസം കഴിഞ്ഞപ്പോൾ രാജിവെക്കേണ്ടി വന്നു. ആരുടെയും മുന്നിൽ തല കുനിക്കാൻ തയാറില്ലാത്ത പട്ടം കോൺഗ്രസ് വിട്ട് പി എസ് പി യിൽ ചേരുന്നത് വരെയെത്തി കാര്യങ്ങൾ .
തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായി 1954ൽ ചുമതല എൽക്കുമ്പോൾ കോൺഗ്രസിൻ്റെ പകുതി എം എൽ എമാർ പോലും പി എസ് പി ക്ക് ഇല്ലായിരുന്നു. കാരണം ഒന്നാമനായിട്ടല്ലാതെ മന്ത്രിസഭയിൽ ഇരിക്കാൻ പട്ടം തയാറല്ല.
ഒരു വർഷം മാത്രമേ ആ മന്ത്രിസഭയ്ക്ക് ആയുസ് ഉണ്ടായുള്ളൂ.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മാരകം സ്ഥാപിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥലം നൽകാൻ രാജകുടുംബത്തിൻ്റെ അപ്രീതി ഭയന്ന് പട്ടം വിസമ്മതിച്ചു. ഭാര്യക്ക് മരച്ചീനി നടാനല്ല സ്ഥലം ചോദിച്ചത് എന്ന് കുമ്പളത്ത് ശങ്കുപ്പിള്ള ഗർജ്ജിച്ചു.
കോൺഗ്രസിനുള്ളിൽ വിമതസ്വരം ഉയർന്നപ്പോൾതന്നെ രാജിയെഴുതി ഗവരണർക്ക് സമർപ്പിച്ചു. ഒരു പദവിയും തൻ്റെ ആത്മാഭിമാനത്തെ ക്കാൾ വലുതല്ല എന്ന് പട്ടം വിശ്വസിച്ചു.
വിമോചനസമരം കഴിഞ്ഞ് 1960ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും പ്രശ്നം പഴയത് തന്നെ. ഏത് സദസ്സിലും പട്ടത്തിന് ഒന്നാംസ്ഥാനം വേണം. ചെറിയ കക്ഷിയായ പി എസ് പി യുടെ നേതാവ് പട്ടം മുഖ്യമന്ത്രിയായി.
മുഖ്യമന്ത്രിക്കസേര നേടിയെടുക്കാൻ കോൺഗ്രസ് കണ്ട വഴിയാണ് പട്ടത്തിനെ പഞ്ചാബ് ഗവർണറായി പറഞയക്കുക. 1962 ഒക്ടോബർ 1ന് പട്ടം പഞ്ചാബ് ഗവർണറായി. 1964മെയ് മുതൽ 1968 ഏപ്രിൽ വരെ ആന്ധ്രാപ്രദേശ് ഗവർണറായി സേവനമനുഷ്ഠിച്ചശേഷം വിരമിച്ച് തിരുവനന്തപുരത്ത് ശിഷ്ടജീവിതം ചെലവഴിച്ചു.
നിയമസഭയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഉജ്വലപ്രസംഗങ്ങൾ നടത്തിയിരുന്ന പട്ടത്തിൻ്റെ ചില പ്രസ്താവനകൾ ചരിത്രത്തിൻ്റെ ഭാഗമാണ്.
” കോൺഗ്രസ് എത് കുറ്റിച്ചൂലിനെ സ്ഥാനാർഥി ആക്കിയാലും ജയിക്കും “.
“മലയാറ്റൂർ രാമകൃഷ്ണൻ അല്ല, വൈകുണ്ഡം പരമേശ്വരനായാലും കമ്മ്യൂണിസ്റ്റ്കാരന് സര്ക്കാർ ഉദ്യോഗം കൊടുക്കില്ല”.
പട്ടത്തിന് തുല്യം പട്ടം മാത്രം.
– ജോയ് കള്ളിവയലിൽ.



