മാപ്പിളക്കുട്ടികളുടെ സങ്കടഹർജി

#കേരളചരിത്രം

മാപ്പിളക്കുട്ടികളുടെ
സങ്കടഹർജി

നൂറു വർഷം പഴക്കമുള്ള ഒരു ചരിത്രരേഖ കാണുക.

വിദ്യാഭ്യാസരംഗത്ത് മുസ്ലിം പെൺകുട്ടികൾ അടുത്തകാലത്ത് കൈവരിക്കുന്ന നേട്ടങ്ങൾ അസൂയാവഹമാണ് .
എന്നാൽ ഒരു നൂറ്റാണ്ടു മുൻപ് കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്ലിം പെൺകുട്ടികളിൽ അധികം പേർക്കും ആധുനിക വിദ്യാഭ്യാസം നേടാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.
ഉൽപതിഷ്ണുക്കളും ധനികരുമായ ചുരുക്കം മാതാപിതാക്കൾ അവരുടെ പെൺകുട്ടികളെ സ്കൂളിൽ അയക്കാൻ തയാറായാൽ തന്നെ കടുത്ത മതവിവേചനമാണ് അവർക്ക് നേരിടേണ്ടി വന്നത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ആധുനിക കേരളത്തിലും ഇസ്ലാമോഫോബിയ ചെറിയ തോതിലെങ്കിലും നിലനിൽക്കുന്നു എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
– ജോയ് കള്ളിവയലിൽ.

1918 ഫെബ്രുവരി 4ന് മഞ്ചേരി ബോർഡ് സെക്കൻഡറി സ്കൂളിൽ നടന്ന പുസ്തകസമ്മാന ഉത്സവദിനത്തിൽ അനന്തനാരായണ അയ്യർ എന്ന ഒരു ഹെഡ്മാസ്റ്റർ 25 മാപ്പിളക്കുട്ടികളെ സ്കൂളിൽനിന്ന് അകാരണമായി പുറത്താക്കിയതാണ് സംഭവം .
ഏറനാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്.
ഹെഡ്മാസ്റ്ററുടെ വിവേചനപൂർവ്വമായ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ മുസ്ലിംഗളുടെ ആധികാരികസഭയായിരുന്ന മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ സഭയിലേക്ക് നൽകിയ ഹരജിയാണ് ചിത്രത്തിൽ.
വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അന്നത്തെ മുസ്ലിം പ്രമാണിമാരുടെ മക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ആനക്കയത്തെ ഖാൻ സാഹിബ് കെ വി ചേക്കു അധികാരിയുടെ പുത്രനും പിൽക്കാലത്ത് ഡിവൈഎസ്പിയുമായ കെ.വി മുഹമ്മദ് എന്ന DSP മാനുഹാജി, മലപ്പുറത്തെ അറിയപ്പെട്ട സമ്പന്നനായിരുന്ന കിളിയമണ്ണിൽ മൊയ്തു സാഹിബിന്റെ മകനും പിൽക്കാലത്ത് ‘രാമസിംഹൻ’ എന്ന പേരിലറിയപ്പെട്ടിരുന്ന കിളിയമണ്ണിൽ ഉണ്ണീൻ ഹാജി, തുടങ്ങി 25 മാപ്പിളക്കുട്ടികളുടെ പേരുകൾ ഹർജിയിൽ കാണാം.

” മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ സഭയിലേക്ക്,
മഞ്ചേരി ബോർഡ് സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളായ താഴെ പേര് എഴുതി ഒപ്പിടുന്നവർ ബോധിപ്പിക്കുന്ന ഹരജി.

ഞങ്ങളുടെ സ്കൂൾ വകയായി 1918 ഫെബ്രുവരി നാലിന് നടത്തിയതായ പുസ്തകസമ്മാന ഉത്സവദിവസം ഞങ്ങൾ സ്കൂളിൽ മൂന്നു മണിക്ക് ശേഷം പതിവ് പ്രകാരം ചെല്ലുകയും ആ ഉത്സവത്തിന് ഒരു അംഗമായതും നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളതുമായ ചായ പലഹാരത്തെ അനുഭവിച്ചറിയുവാൻ ചെന്ന് സ്കൂൾ മുറിയിൽ ഒരു ഭാഗത്ത് ഞങ്ങൾ ഇരുന്നിരുന്ന മധ്യേ മേപ്പടി സ്കൂൾ ഹെഡ്മാസ്റ്റർ അവർകൾ ഞങ്ങളുടെ അടുക്കൽ വന്ന് എല്ലാവരെയും ഒന്നു നോക്കി മടങ്ങിപ്പോവുകയും ഉടനെതന്നെ ഞങ്ങളുടെ അടുക്കലേക്ക് വന്ന് എല്ലാവരുടെയും മുഖത്തേക്ക് നോക്കി
“എല്ലാ മുഹമ്മദീയ വിദ്യാർത്ഥികളും പുറത്തു പോകുക” എന്നു പറഞ്ഞു. ഇത് കേട്ട് ഞങ്ങൾ എല്ലാവരും പുറത്തു പോയി സ്കൂൾ വരാന്തയിൽ ഇരിക്കുകയും ഞങ്ങൾ ഇരുന്നിരുന്ന ബഞ്ചിൽ ഹിന്ദു കുട്ടികളെ കൊണ്ടുവന്ന് ബ്രാഹ്മണരേയും നായന്മാരെയും വെവ്വേറെ ഇരുത്തി അവർക്ക് ചായ പലഹാരങ്ങൾ കൊടുപ്പാൻ ശ്രമിക്കുകയും ചെയ്തു.
ഞങ്ങളോട് ചെയ്തതായ അനീതിയെ വിചാരിച്ചുകൊണ്ട് ഞങ്ങൾ അല്പനേരം കൂടി അവിടെത്തന്നെ ക്ഷമയോടുകൂടി നിന്നു. മറ്റു കുട്ടികൾ ചായ പലഹാരങ്ങൾ കഴിക്കുന്നത് കണ്ട് ലജ്ജിച്ച് ഞങ്ങൾ റോഡിലേക്ക് ഇറങ്ങിപോന്നു. ഹിന്ദു കുട്ടികൾ ചായ പലഹാരങ്ങൾ കഴിച്ചു പുറത്തേക്ക് വന്നശേഷം വീണ്ടും ഞങ്ങൾ സ്കൂളിലേക്ക് മടങ്ങിച്ചെന്നു. മറ്റു കുട്ടികൾ ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോൾ “മാപ്പിളക്കുട്ടികൾക്ക് നല്ല അടി കിട്ടേണ്ട എന്നുണ്ടെങ്കിൽ പുറത്തു പോവുകയാണ് നല്ലത് ” എന്ന് മേപ്പടി ഹെഡ്മാസ്റ്റർ വളരെ ഗൗരവത്തോടു കൂടി വീണ്ടും ഞങ്ങളോട് പറഞ്ഞു. അടി കിട്ടും എന്നുള്ള ഭയം നിമിത്തം ഞങ്ങൾ സ്കൂൾ വിട്ടു കണ്ണുനീരോടു കൂടി പുറത്തിറങ്ങി പോന്നു. പുസ്തക സമ്മാനങ്ങൾ നൽകുന്ന സമയം ഞങ്ങളിൽ ഒരുവനെ വിളിച്ച് കൊണ്ടുപോയി സമ്മാനം കൊടുത്തിട്ടുമുണ്ട്. സമ്മാനം വാങ്ങാൻ അർഹതയുള്ള മറ്റുകുട്ടികളെ വിളിക്കുക ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല അവർ ഹാജരല്ലെന്ന് ഉത്സവ ആഘോഷത്തിൽ അഗ്രാസനാധിപത്യം വഹിച്ചിരുന്ന മലപ്പുറം ഡിവിഷനൽ ഓഫീസർ അവർകളെ ഹെഡ്മാസ്റ്റർ അവർകൾ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മുൻ നടപടിക്ക് വിരോധമായി ഹെഡ്മാസ്റ്റർ അവർകൾ ബ്രാഹ്മണരെയും നായന്മാരെയും ബഹുമാനപൂർവ്വം സൽക്കരിക്കുകയുണ്ടായി എന്ന് മാത്രമല്ല ഞങ്ങളെ നിന്ദിക്കുകയുമാണ് ചെയ്തത്. ഈ അവസ്ഥ മുസൽമാൻ സംഘത്തിന് ഒരുപോലെ അപമാനകരമായിട്ടുള്ളതാണെന്ന് ഞങ്ങൾ പ്രസ്താവിക്കേണ്ടതില്ലല്ലോ. മുമ്പുണ്ടായിരുന്ന ഹെഡ്മാസ്റ്റർമാർ ഒരു ജാതിക്കാർക്കും യാതൊരു ഇച്ഛാഭംഗത്തിനും ഇടവരുത്താതെ ഒരുപോലെ ഒരുമിച്ച് കൊണ്ട് നടത്തിവന്നിരുന്ന അവസ്ഥയെ ഈ സന്ദർഭത്തിൽ ഞങ്ങൾ എടുത്തുപറയേണ്ടി വന്നിരിക്കുന്നു. മേൽപ്പറഞ്ഞ സംഗതികൾ സഭ പിരിഞ്ഞ ഉടനെ മേപ്പടി ഡിവിഷനൽ ഓഫീസർ അവർകളോട് മുഖദാവിൽ ബോധിപ്പിച്ചിട്ടുണ്ട്.
അതിനാൽ ഞങ്ങൾക്ക് അനുഭവിച്ചതായ സങ്കടത്തെയും അപമാനത്തെയും മുസൽമാൻമാരുടെ ഗുണത്തെ നോക്കുന്നതായ മേപ്പടി സഭയിൽ വെച്ച് ഇതുകളെ അധികാര ഉദ്യോഗസ്ഥന്മാരുടെ ദൃഷ്ടിയിൽ പെടുത്തി ഞങ്ങൾക്ക് അനുഭവിച്ചതായ അപമാനത്തിന് ഒരു നിവാരണം ഉണ്ടാക്കി തരുന്നതോടുകൂടി മേലിലെങ്കിലും ഞങ്ങൾക്ക് ഈ വക അവസ്ഥകളെ അനുഭവിക്കാതിരിക്കത്തക്കവണ്ണം ഒരു കൽപ്പന വരുത്തി തരേണ്ടതിന് അപേക്ഷിക്കുന്നു.
……എന്ന് 1918 ഫെബ്രുവരി 6ന്

1.വലിയമണ്ണിൽ കൂരിമണ്ണിൽ മമ്മദ് കുട്ടി,
2.കിളിയമണ്ണിൽ ഉണ്ണീൻ,
3.കളപ്പാടൻ അവറാൻ കുട്ടി,
4.മധുരക്കറിയൻ മോയിൻകുട്ടി, 5.കറളിക്കാട്ടിൽ ഖാദർ,
6.കറളിക്കാട്ടിൽ കുഞ്ഞിമൊയ്തീൻ കുട്ടി,
7.കെ.പി വലിയ കുട്ട്യസ്സൻ, 8.വരിക്കോടൻ കുഞ്ഞിമമ്മു,
9.കെ.പി വലിയ മുഹമ്മദ്,
10.വരിക്കോടൻ കുഞ്ഞാലൻ,
11.പണ്ടാര അറക്കൽ അഹ്മദ് കുട്ടി,
12.കോഡൂർ വലിയ പീടിയേക്കൽ,ഉണ്ണീൻ കുട്ടി,
13.വലിയ പീടിയേക്കൽ മുഹമ്മദ്‌,
14.കെ.പി.സി കുട്ട്യസ്സൻ,
15.കോർമത്ത് കുഞ്ഞഹമ്മദ്, 16.കോർമത്ത് അലവിക്കുട്ടി, 17.പറമ്പാളൻ മുഹമ്മദ്‌,
18.കെ.വി മൊയ്‌തീൻ കുട്ടി,
19.വല്ലാഞ്ചിറ പോക്കർ, 20.പാറാത്തൊടി മുഹമ്മദ്,
21.എടലോളി അലവി,
22.മേലെതിൽ അബ്ദുറഹ്മാൻ,
23.കാക്കമൂലക്കൽ അലവി,
24.കാക്കമൂലക്കൽ മൊയ്തീൻകുട്ടി,
25.നടുവിലെ കളത്തിൽ കുഞ്ഞമ്മു.”

ഹർജി സംബന്ധിച്ച് നടന്ന യോഗം.

ഹർജിയെ തുടർന്ന് ഫെബ്രുവരി 19ന് ഹിദായത്തുൽ മുസ്‌ലിമീൻ സഭ അടിയന്തിരമായി യോഗം വിളിച്ചുകൂട്ടി.
“സുഖമില്ലാത്തതിനാൽ സഭക്ക് ഹാജരാകാത്തതിൽ വ്യസനിക്കുന്നു എന്നും ഹെഡ്മാസ്റ്റർ അവർകൾ മുഹമ്മദീയ വിദ്യാർത്ഥികളോട് ചെയ്തതായ അനീതിയെ പറ്റി വേണ്ട ആക്ഷേപങ്ങൾ അധികൃതരുടെ ദൃഷ്ടിയിൽ എത്തിക്കേണ്ടതാണ് എന്നും അറിയിച്ചുകൊണ്ട് ആനക്കയത്തെ ഖാൻ ബഹദൂർ കെ.വി. ചേക്കുട്ടി ഇൻസ്പെക്ടർ അവർകളും മറ്റും അയച്ച കത്തുകൾ യോഗത്തിൽ വായിച്ചുകേൾപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
മഞ്ചേരി ബോർഡ് സെക്കൻഡറി സ്കൂളിൽ വെച്ച് ഫെബ്രുവരി നാലിന് നടന്നതായ പുസ്തക സമ്മാനദാനത്തിൽ വിദ്യാർഥികൾക്ക് ചായയും പലഹാരവും നൽകുന്ന സന്ദർഭത്തിൽ മേപ്പടി സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദീയ വിദ്യാർത്ഥികളോട് ചെയ്തതായ അനീതിയെ ആക്ഷേപിച്ചും വ്യസനിച്ചും മേപ്പടി വിദ്യാർത്ഥികൾ സഭയിലേക്ക് ഒപ്പിട്ട് അയച്ച ഹരജി വായിച്ച് റിക്കാർഡാക്കി.
ഹെഡ്മാസ്റ്റർ അനന്തനാരായണ അയ്യർ മുഹമ്മദീയ വിദ്യാർഥികളെ സ്കൂളിൽനിന്ന് നിർബന്ധമായി പുറത്താക്കിയത് മുഹമ്മദീയ സംഘത്തിന് വ്യസനകരവും അപമാനകരവും ആയിട്ടുള്ളതുമാകയാൽ വേണ്ടത് പ്രവർത്തിക്കേണ്ടതാണെന്ന് തലാപ്പിൽ ആലി അവർകൾ അഭിപ്രായപ്പെട്ടതിനെ യോഗത്തിൽ സർവ്വസമ്മതമായി അംഗീകരിച്ചു.
വിദ്യാഭ്യാസരംഗത്ത് പിന്നണിയിൽ നിൽക്കുന്നതായ മുഹമ്മദീയ സംഘത്തിന് ഇപ്പോൾ വന്നിട്ടുള്ളതായ അല്പമായ ഒരു ഉണർവ്വിന് ഈ വക സംഭവങ്ങൾ തടസ്സമായി വരുന്നതിനാൽ മേലാൽ ആ വക അനീതികൾ പ്രവർത്തിക്കാതിരി ക്കേണ്ടതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് വിദ്യാർത്ഥികളുടെ ഹരജിയുടെ ഓരോ പകർപ്പ് സഹിതം അയച്ചു കൊടുക്കേണ്ടതാണെന്നും കെ. മമ്മദ് മോയീൻ കുരിക്കളും കെ.ഉണ്ണിമോയീൻ അവർകളും അഭിപ്രായപ്പെട്ടത് പ്രകാരം ചെയ്യുവാൻ യോഗം സംയുക്തമായി തീരുമാനിച്ചു സഭ പിരിയുകയും ചെയ്തു.”
(സഭ മിനുട്സ്
1918 ഫെബ്രുവരി 19 ).

ഹർജിയിൽ പരാമർശിക്കപ്പെടുന്ന വിദ്യാർത്ഥികളിൽ മഞ്ചേരിയിലെ കോർമത്ത് അലവിക്കുട്ടി പിൽക്കാലത്ത് ഏറനാട്ടിലെ ആദ്യത്തെ മുസ്ലിം ബി എ ബിരുദവും ആനക്കയത്തെ കെ വി മുഹമ്മദ് എം എ ബിരുദാനന്തര ബിരുദവും നേടിയപ്പോൾ ഹിദായത്തുൽ മുസ്‌ലിമീൻ സഭ പ്രത്യേകം യോഗം വിളിച്ചുചേർത്തു അവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തായി മിനുട്സുകളിൽ കാണാം .

മലബാറിലെ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് 1897ൽ സ്ഥാപിക്കപ്പെട്ടതാണ് മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ സഭ. ധാരാളം സാമൂഹ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും വിഭാവനം ചെയ്ത ഈ സഭ അക്കാലത്ത് നടത്തിയ വിപ്ലവാത്മകമായ പുരോഗമന പ്രവർത്തനങ്ങൾ ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്നവയാണ്.
മാപ്പിളക്കുട്ടികൾ നേരിട്ട വിവേചനത്തിന്റെ സാക്ഷ്യപത്രമായി നിലകൊള്ളുന്ന മേൽപറയപ്പെട്ട ഹർജിയടക്കം ഏറനാടിന്റെ ഗതകാലചരിത്രത്തെ കോറിയിട്ട അമൂല്യമായ ചരിത്രരേഖകളാൽ സമ്പന്നമാണ് ഹിദായത്തുൽ മുസ്‌ലിമീൻ സഭ. തുടക്കം തൊട്ടുള്ള മിനുട്സുകളും മറ്റു രേഖകളും വളരെ ഭദ്രമായി സഭയിൽ സൂക്ഷിക്കപ്പെടുന്നുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്.

✍️
ഒ.സി സകരിയ്യ
ആനക്കയം

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *