#കേരളചരിത്രം
#books
മന്നത്ത് പത്മനാഭന്റെ ആത്മകഥ.
32 അവാന്തരവിഭാഗങ്ങളായി വിഘടിച്ചു കഴിഞ്ഞിരുന്ന കേരളത്തിലെ നായർ സമുദായത്തെ ഒന്നിപ്പിച്ച് ഇന്നു കാണുന്ന സർവോത്ന്മുഖമായ പുരോഗതിയിലേക്ക് വഴി കാട്ടിയ നവോത്ഥാന നായകനാണ് മന്നത്ത് പദ്മനാഭൻ. ജാതിവാലിലല്ല നായരുടെ ഉത്‌കർഷം എന്ന് മന്നത്ത് പത്മനാഭപിള്ള എന്ന സ്വന്തം പേരിലെ വാല് മുറിച്ചുകൊണ്ട് ചെറുപ്പത്തിൽ തന്നെ അദ്ദേഹം പ്രഖ്യാപിച്ചു.
കേരളം , തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടന്നിരുന്ന അക്കാലത്ത് ബ്രിട്ടീഷുകാരുടെ ഭരണത്തിൻ്റെ പാർശ്വഫലമായി മലബാറിലെ നായർ സമുദായം താരതമ്യേന പുരോഗമന ആശയങ്ങൾ ഉൾക്കൊണ്ട് പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.
നമ്പൂതിരിമാരുടെ സഹായികളായ മലയാള ശൂദ്രർ എന്നതായിരുന്നു അക്കാലത്ത് തിരുവിതാംകൂറിലെ അവസ്ഥ. മക്കൾക്ക് യാതൊരു സ്ഥാനവുമില്ലാത്ത, കൂട്ടുകുടുംബ വ്യവസ്ഥയിൽ അമ്മാവന്മാരുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ, സാമ്പത്തികമായി തകരുന്ന നായർ തറവാടുകൾ സർവ്വസാധാരണമായി. അടിയന്തിരങ്ങൾ നടത്തിയും വ്യവഹാരങ്ങളിൽ ഏർപ്പെട്ടും സ്വത്ത് മുഴുവൻ നശിപ്പിക്കുന്ന സ്ഥിതി മാറണം എന്ന് മന്നം എന്ന യുവാവ് തീരുമാനിച്ചു.
ഗോപാലകൃഷ്ണ ഖോഖലെ സ്ഥാപിച്ച
സർവൻ്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയാണ് സമുദായസംഘടന രൂപീകരിക്കാൻ തനിക്ക് പ്രയോജനമായത് എന്ന് മന്നം ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്.
സമാനചിന്താഗതിക്കാരായ കുറച്ച് പേരെ കൂടെകൂട്ടി നായർ സമുദായ ഭൃത്യജന സംഘം എന്ന പേരിൽ 1914 ഒക്റ്റോബർ 31നാണു് രൂപീകരിക്കുന്നത്.
ചങ്ങനാശ്ശേരി എസ് ബി സ്കൂളിൽ അധ്യാപനായി എത്തിയ മലബാറുകാരനായ കെ കേളപ്പൻ നായരായിരുന്നു പ്രഥമ പ്രസിഡൻ്റ്. മന്നം സെക്രട്ടറിയായി.
ഗാന്ധിജിയുടെ ആകർഷണവലയത്തിൽപെട്ട കേളപ്പൻ പിന്നീട് സമുദായപ്രവർത്തനം ഉപേക്ഷിച്ച് കോൺഗ്രസ് നേതാവെന്ന നിലയിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ മുഴുകി.
താമസിയാതെ നായർ സർവീസ് സൊസൈറ്റി എന്നു പേരുമാറ്റിയ സംഘടനയുടെ സെക്രട്ടറിയായി നീണ്ട 31 കൊല്ലവും പ്രസിഡൻ്റായി 3 കൊല്ലവും സേവനം ചെയ്ത മന്നം തിരുവിതാംകൂറിലും കേരളത്തിലും രാഷ്ട്രീയ ഗതിവിഗതികൾ നിയന്ത്രിക്കുന്ന പ്രബല ശക്തിയായി എൻ എസ് എസിനെ വളർത്തി. മന്നം തന്നെ പറഞ്ഞതുപോലെ തൻ്റെ ദേവനും ദേവിയും എല്ലാം എൻ എസ് എസ് ആയിരുന്നു.
എൻ എസ് എസിൻ്റെ പ്രേരണയിൽ സമുദായ പരിഷ്‌കരണത്തിന് പ്രയോജനകരമായ നിയമങ്ങൾ വരുന്നതിന് മുമ്പുള്ള നായർ സമുദായത്തിൻ്റെ സ്ഥിതി മന്നം തൻ്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
1957ലാണ് മന്നത്ത് പത്മനാഭൻ എൻ്റെ ജീവിത സ്മരണകൾ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
ആത്മകഥയിൽ നിന്ന്;
…………..”ഇന്നും സമുദായചിന്തയില്ലാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ അതു നായന്മാർ മാത്രമാണ്. രാജ്യമൊട്ടാകെയുള്ള നായന്മാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്ന ചിന്ത ഏതുകാലത്തെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയിക്കുന്നു. അവർ ജാതിവ്യത്യാസം കൊണ്ടും ദേശഭേദം കൊണ്ടും അന്യോന്യബന്ധമില്ലാത്തവരായി ജീവിക്കുന്നവരാണ്. ഒരു കരയ്ക്കകത്തു പോലും നായർ ഭവനങ്ങളെല്ലാം ഒരു സമുദായത്തിൽപ്പെട്ടതാണെന്ന തോന്നൽ ഇതുവരെ സമ്പൂർണ്ണമായി ഉണ്ടായിട്ടില്ല. ഏതോ ഒരദൃശ്യശക്തി നായരും ശൂദ്രരും ഒന്നാണെന്നുള്ള വിശ്വാസം പരത്തുകയും, നായർശബ്ദം തന്നെ ഇല്ലാതാക്കുകയും ചെയ്തിരുന്നു. അത് ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായ മാറ്റമാണ്. ഇല്ലക്കാരും സ്വരൂപക്കാരും ഇടശ്ശേരിയും ചക്കാലയും എന്നിങ്ങനെ ഉച്ചനീചത്വമുള്ള അനവധി ഉപജാതികളായി തിരിഞ്ഞ് അനുലോമ വിവാഹവും ഭക്ഷണവും അല്ലാതെ അന്യോന്യവിവാഹവും ഭക്ഷണവും പാടില്ലെന്നുള്ള വ്യവസ്ഥയിലും, യാതൊരു നടപടികൊണ്ടും ഒരു സമുദായത്തില് പെട്ടവരാണെന്നു ചിന്തിക്കാൻ പോലും സാധ്യമല്ലാതെയും , സൃഷ്ടിയിൽ തന്നെ വിഭജിക്കപ്പെട്ടവരാ ണെന്ന വിശ്വാസത്തിലും വളരെനാളായി കഴിച്ചുകൂട്ടുന്ന ഒരു കൂട്ടരുടെ ഇടയിലെ സമുദായബോധവും ബന്ധവും എങ്ങനെയിരിക്കുമെന്ന് ഏറെക്കുറെ ഊഹ്യമാണല്ലോ. ഒരുമിച്ചിരിക്കാൻ പാടില്ല, സമനിലയിൽ സംസാരിക്കാൻ പാടില്ല എന്നിങ്ങനെ പല പാടില്ലാഴികയ്ക്കകത്തുകൂടി ഒരു കൂട്ടിൽ അടയ്ക്കപ്പെട്ട പുലിയും പശുവും പോലെ, ഒരു ദേശാതിർത്തിയിൽപ്പെട്ട അന്നത്തെ കരക്കാർ ഒരു സാമൂഹ്യബന്ധമുള്ളവർ എന്നുള്ളതിലും കവിഞ്ഞ് അന്യോന്യവിദ്വേഷികൾ എന്നു പറയുന്നതായിരിക്കും അധികം ശരി”. …..
( അദ്ധ്യായം 6).
…..”സർവീസ് സൊസൈറ്റിയിൽ വളരെ കുറച്ച് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊമ്പും കുഴലുമുള്ള ആഢ്യൻ നായരും വെറും നായരും അതിൽ ഉൾപ്പെട്ടിരുന്നു. അവർ തമ്മിൽ മാത്രമല്ല, ഒരു നായരും തമ്മിലും ഒരു വ്യത്യാസവുമില്ലെന്നുള്ള ബോദ്ധ്യത്തിൽ അന്യോന്യഭക്ഷണവും പെരുമാറ്റവും സമനിലയിൽ പരസ്യമായിത്തന്നെ നടത്തിയിരുന്നു. യാഥാസ്ഥിതികന്മാരിൽ ചില പിറുപിറുപ്പുകൾ ഉണ്ടായെങ്കിലും ഞങ്ങളിൽ ഓരോരുത്തർക്കും അവരവരുടെ ദിക്കിൽ വേണ്ട സ്വാധീനവും ഒട്ടൊക്കെ പ്രാമാണ്യവു മുണ്ടായിരുന്നതു കൊണ്ട് അതൊന്നും പുറത്തേക്കുവരാൻ ഇടയായില്ല. കുറെ കഴിഞ്ഞപ്പോൾ അവരും അഭിപ്രായൈക്യംകൊണ്ട് ഞങ്ങളിൽ ഒന്നായിത്തീർന്നു.
അതുപോലെ തന്നെ താലികെട്ടുകല്യാണം, തെരണ്ടുകുളി, പുളികുടി മുതലായ അടിയന്തിരങ്ങൾ നിർത്തൽ ചെയ്യണമെന്നും പെൺകുട്ടിക്കു പ്രായമാകുമ്പോൾ സംബന്ധം മതിയെന്നും ജനങ്ങളെ യുക്തിപൂർവം മനസ്സിലാക്കി.
അക്കാലത്ത് സംബന്ധവും അതിന്റെ ചടങ്ങുകളും അപ്രധാനമായി കരുതിയിരുന്നു. ധനസ്ഥിതിയുള്ള നായരുടെ ഇടയിൽപ്പോലും അന്നത്തെ സംബന്ധം അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചും ചെറിയതോതിലും അനാഡംബരമായ നിലയിലുമാണ് നടത്തിവന്നത്. ഒരു നിലവിളക്കു മാത്രം കത്തിച്ചുവെച്ച് മുറിയിൽ, വന്ന ബന്ധുക്കൾക്കു പോലും കാണാൻ സൗകര്യം കൊടുക്കാതെ, വധുവിനെ ഉന്തിത്തള്ളിക്കൊണ്ടു വന്ന്, അവിടെവെച്ചു നടത്തുന്ന വസ്ത്രദാനമാണ് വിവാഹച്ചടങ്ങ്. വധുവിന് വരനെയോ വരന് വധുവിനെയോ മുൻകൂട്ടി കാണാനും അവരുടെ സമ്മതവിസമ്മതം പ്രകടിപ്പിക്കാനും അവസരമോ അവകാശമോ ഉണ്ടായിരുന്നില്ല. ചില പ്രദേശങ്ങളിൽ സംബന്ധം നടത്തുന്നതു പോലും വരനുവേണ്ടി അമ്മയോ മൂത്തസഹോദരിയോ ആയിരിക്കും. അതായിരുന്നു നല്ല തറവാട്ടുകാരുടെ ലക്ഷണം. അല്ലാതുള്ള നടപടി തറവാടിത്തം വിറ്റുതിന്നുന്ന അഴിഞ്ഞാട്ടത്തിന്റെ ലക്ഷണമാണെന്നാണ് നാട്ടിൻപുറത്തെ പല കാരണവന്മാരുടെയും അഭിപ്രായവും വിശ്വാസവും. മരിച്ചാലും അതിന് ഒരയവുവരുത്താൻ അവർ തയ്യാറല്ലായിരുന്നു. ഞാൻ ജനിച്ച പെരുന്നയിൽ അന്നുതന്നെ ഈ വിഷയത്തിലും അല്പസ്വല്പം ചില പരിഷ്ക്കാരങ്ങൾ നടപ്പിൽ വന്നിരുന്നെങ്കിലും, പെരുന്നയുടെ തൊട്ടുകിഴക്കുള്ള തൃക്കൊടിത്താനം യാഥാസ്ഥിതികത്വത്തിനു മാതൃക തന്നെയായിരുന്നു. അവർക്കു പെരുന്നയെപ്പറ്റി അല്പം പുച്ഛവുമായിരുന്നു. ഭക്ഷണത്തിലും സംബന്ധത്തിലും ജാതിനിർബന്ധം ആവശ്യം പോലെ മാത്രം പാലിക്കുന്ന പട്ടണവാസികളുടെ കൂട്ടത്തിൽ അവർ ഞങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ഞാൻ വിവാഹം ചെയ്തിരുന്നത് തൃക്കൊടിത്താനത്ത് പണ്ട് ഒന്നാം സ്ഥാനമുള്ള പെരിഞ്ചേരിൽ വീട്ടിൽ നിന്നായിരുന്നു. ഞങ്ങൾ പഴയകാലത്തു തന്നെ അന്യോന്യം ബന്ധുക്കളായിരുന്നിട്ടും, എന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ മുൻകൂർ ഒന്നു കാണാൻ അനുവാദം സിദ്ധിച്ചിരുന്നില്ല. വിവാഹദിവസം പോലും അതിനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. എന്റെ ഭാര്യയാകാൻ പോകുന്നവൾ പക്ഷിയോ മൃഗമോ എന്നറിയാൻ പോലും അവകാശമില്ലാത്ത ആ നാട്ടുനടപ്പിൽ എനിക്കു പ്രതിഷേധമുണ്ടായിരുന്നെങ്കിലും, അതു പ്രകടിപ്പിച്ചാൽ വിവാഹം വെള്ളത്തിലാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് സ്വന്തം കാര്യം വരുമ്പോൾ ധൈര്യപൂർവം കീഴടങ്ങുന്ന പരിഷ്കൃതപ്രമാണിക ളെപ്പോലെ, എന്റെ പ്രതിഷേധവും പുറത്തേക്കുവരാതെ ഉദിച്ചിടത്തു തന്നെ അസ്തമിപ്പിക്കേണ്ടിവന്നു. വിവാഹം നിശ്ചയംചെയ്തത് എന്റെ ഒരു വലിയ മുത്തശ്ശിയായിരുന്നു. ബന്ധുജനങ്ങളോടുകൂടി പോയി എനിക്കുവേണ്ടി വധുവായ കല്യാണിക്കു വസ്ത്രദാനം ചെയ്തത് എന്റെ കൊച്ചമ്മയായിരുന്നു. ഞാൻ അന്ന് ആ ദിക്കിൽപോലും കേറാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്. സമുദായത്തിൽ ഒട്ടാകെത്തന്നെ ഈ വിഷയത്തിൽ വലിയ പരിവർത്തനമുണ്ടായിട്ടുണ്ട്. താലികെട്ടുകല്യാണവും തെരണ്ടുകുളിയും പുളികുടിയും സമുദായത്തിൽ നിന്നും എന്നെന്നേക്കുമായി യാത്രപറഞ്ഞു പിരിഞ്ഞു. നായന്മാരെ സംബന്ധിച്ചിടത്തോളം സംബന്ധമാണു സാക്ഷാൽ വിവാഹമെന്നു സമുദായവും ഗവണ്മെന്റും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
( അദ്ധ്യായം 10).
– ജോയ് കള്ളിവയലിൽ.


