#ഓർമ്മ
ഡോക്റ്റർ പി ജെ തോമസ്.
ഡോക്ടർ പി ജെ തോമസിൻ്റെ ചരമവാർഷികദിനമാണ്
ജൂലൈ 26.
മലയാളികൾ മറന്ന മഹാന്മാരിൽ ഒരാളാണ് ഇന്ത്യാ ഗവർമെൻ്റിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ.
കുറവിലങ്ങാട് പാറേക്കുന്നേൽ ( പകലോമറ്റം) കുടുംബത്തിൽ ജനിച്ച തോമസ്, മാന്നാനം സെൻ്റ് എഫ്രംസ് സ്ക്കൂൾ, സി എം എസ് കോളെജ് കോട്ടയം, സെൻ്റ് ജോസഫ്സ് കോളേജ് ത്രിച്ചി എന്നിവടങ്ങളിൽ പഠിച്ച് എം എ പാസായശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ അധ്യാപകനായി.
1920ൽ ഇംഗ്ലണ്ടിലേക്ക് പോയ അദ്ദേഹം 1924ൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി സിലോൺ യൂണിവേഴ്സിറ്റിയിൽ സ്ഥാപകനായി. 1927 മുതൽ 1942 വരെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ സ്ഥാനം വഹിച്ചു. 1937ൽ മദ്രാസ് നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഡോക്ടർ തോമസ്, 1942 വരെ നിയമസഭാംഗമായി കൂടി പ്രവർത്തിച്ചു.
ആ വര്ഷം വൈസ്റോയ് അദ്ദേഹത്തെ ഇന്ത്യാ ഗവൺമെൻ്റിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. സ്വതന്ത്ര ഇന്ത്യയിലും 1948 വരെ അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാൻ നിർബന്ധിച്ചു എന്നത് സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നനിലയിൽ എത്ര ഉയരത്തിലായിരുന്നു അദ്ദേഹം എന്നതിൻ്റെ തെളിവാണ്. രാജ്യത്തിൻ്റെ സാമ്പത്തികനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നിരവധി പ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു. ബ്രെട്ടെൻവുഡ്സ് എഗ്രീമെൻ്റ് എന്ന അന്താരാഷ്ട്ര സാമ്പത്തിക ഉടമ്പടി ഇന്ത്യക്ക് വേണ്ടി ഒപ്പുവെച്ചത് ഡോക്ടർ തോമസാണ്. 1945ൽ ഐക്യരാഷ്ട്രസഭ രൂപീകരിക്കാനുള്ള ഇന്ത്യൻ സംഘത്തിൽ അംഗമായി.
1950ൽ പാലായിൽ പുതുതായി ആരംഭിച്ച സെൻ്റ് തോമസ് കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പൽ ആകാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. പക്ഷേ അധികാരികളുടെ ഇടപെടലുകളിൽ പ്രതിഷേധിച്ച് 1952ൽ സ്ഥാനം രാജിവെച്ചു.
കുറവിലങ്ങാട് പളളി പൊളിക്കുന്നതിനെ എതിർത്ത ഡോക്ടർ തോമസ് പ്രതിഷേധസൂചകമായി താമസംതന്നെ കുറവിലങ്ങാട് നിന്ന് മാറ്റി. പെരുമ്പാവൂർ ആലുവ റോഡിൽ തെക്കേ വാഴക്കുളത്ത് വിശാലമായ ഒരു എസ്റ്റേറ്റ് വാങ്ങി അവിടെ താമസമാക്കി.
16 ഏക്കർ സ്ഥലം സംഭാവന നൽകി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച ഇൻഫൻ്റ് ജീസസ് പള്ളിയിലാണ് ആ മഹാൻ്റെ മൃതദേഹം കബറടക്കം ചെയ്തത്.
ഡോക്റ്റർ ഇ എം തോമസ് എഴുതിയ ജീവചരിത്രം മുഖ്യമായും, അദ്ദേഹത്തിൻ്റെ സാമ്പത്തികരംഗത്തെ സംഭാവനകൾ രേഖപ്പെടുത്തുന്ന പുസ്തകമാണ്.
ഡോക്റ്റർ തോമസിൻ്റെ ശതാബ്ദി സ്മാരകമായി തൃക്കാക്കര ഭാരത മാതാ കോളെജ് Economist of the Year അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized