#ഓർമ്മ
ചെമ്മാങ്കുടി.
കർണ്ണാടക സംഗീതസമ്രാട്ട് ചെമ്മാങ്കുടി ആർ ശ്രീനിവാസ അയ്യരുടെ (1908-2003) ജന്മവാർഷികദിനമാണ്
ജൂലൈ 25.
ശാസ്ത്രീയസംഗീതത്തിന്റെ ഈറ്റില്ലമായ തഞ്ചാവൂരിൽ ജനിച്ച ശെമ്മാങ്കുടി, ചെറുപ്രായത്തിൽത്തന്നെ തന്റെ പ്രതിഭ തെളിയിച്ചു. 1947ൽ, സംഗീതകലാനിധി പുരസ്‌കാരം നേടുന്ന ഏറ്റവും ചെറുപ്പക്കാരനായ സംഗീതജ്ഞനായി.
1934ൽ അദ്ദേഹത്തിന്റെ ഒരു കച്ചേരി കേട്ട തിരുവിതാംകൂർ മഹാറാണി സേതു പാർവതിബായി, ചെമ്മാങ്കുടിയെ സ്വാതിതിരുനാൾ കൃതികൾ ചിട്ടപ്പെടുത്തി സമാഹരിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു.
ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരിൽ നിന്ന് സ്വാതിതിരുനാൾ സംഗീത കോളേജിന്റെ പ്രിൻസിപ്പൽ സ്ഥാനമേറ്റ ചെമ്മാങ്കുടി, നീണ്ട 23 വർഷം ആ സ്ഥാനത്ത് തുടർന്ന് എണ്ണമറ്റ ശിഷ്യപരമ്പരയുടെ ഗുരുവായി മാറി. 1957ൽ ജി എൻ ബി ക്ക് കസേര കൈമാറി, മദ്രാസ് എ ഐ ആറിന്റെ കർണ്ണാടകസംഗീത പരിപാടിയുടെ മുഖ്യ പ്രൊഡ്യൂസറായി. 1960വരെ ആ സ്ഥാനത്ത് തുടർന്നു.
അവഗണിക്കപ്പെട്ടു കിടന്ന സ്വാതിതിരുനാൾ കൃതികൾക്ക് അർഹതപ്പെട്ട അംഗീകാരം നേടിക്കൊടുത്ത മഹാൻ എന്ന നിലയിലാണ് മലയാളം ചെമ്മാങ്കുടിയെ ഓർക്കുന്നത്. 1979ൽ കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ഈ മഹാസംഗീതഞ്ജനെ ആദരിച്ചു. രാഷ്ട്രം പദ്മവിഭൂഷൺ പുരസ്‌കാരം നൽകിയാണ് ആദരം പ്രകടിപ്പിച്ചത്.
കർണ്ണാടക സംഗീതലോകത്തെ ആധുനികകാലത്തെ ത്രിമൂർത്തികൾ എന്നാണ് ചെമ്മാങ്കുടി, ജി എൻ ബി, മധുര മണി അയ്യർ എന്നീ സംഗീതകാരന്മാർ അറിയപ്പെടുന്നത്. 90 വയസ്സ് വരെ കച്ചേരി പാടിയിരുന്ന ചെമ്മാങ്കുടിയുടെ ശിഷ്യപരമ്പര, എം എസ് സുബ്ബലക്ഷ്മി മുതൽ ടി എം കൃഷ്ണ വരെ നീളുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized