#ചരിത്രം
#ഓർമ്മ
ഡേവിഡ് സസൂൺ.
യൂദന്മാരും ഇന്ത്യയുമായുള്ള ബന്ധത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട് . ക്രിസ്തുശിഷ്യനായ സെൻ്റ് തോമസ് കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്തത് കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന യഹൂദ കുടുംബങ്ങളാണ്. ഇന്ന് കേരളത്തിൽ യഹൂദന്മാരുടെ ഓർമ്മകൾ നിലനിർത്താൻ ഏതാനും സിനഗോഗുകൾ മാത്രം അവശേഷിക്കുന്നു.
മഹാനഗരമായ ബോംബെയുടെ സ്ഥാപനത്തിലും വളർച്ചയിലും ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചയാൾ ഒരു യഹൂദനാണ് – ഡേവിഡ് സസൂൺ ( 1792-1864).
ഇറാക്കിലെ ബാഗ്ദാദ് നഗരത്തിൽ ധനികനായ കച്ചവടക്കാരനായിരുന്ന സസൂണും കുടുംബവും ഇന്ത്യയിലെത്താൻ കാരണം യഹൂദസമുദായം അവിടെ നേരിടേണ്ടി വന്ന കടുത്ത പീഠനങ്ങളാണ്.
അക്കാലത്ത് ബോംബെയിലെ വ്യാപാരരംഗം കൈയടക്കിവെച്ചിരുന്നത് പാർസികളാണ്. ചൈനയുമായുള്ള വ്യാപാരബന്ധം പുന:സ്ഥാപിച്ച സസൂണിന് ജാംഷെഡ്ജി ജീജിബോയിയുടെ നേതൃത്വത്തിലുള്ള 24 കച്ചവടപ്രമുഖരുടെ കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. എങ്കിലും ചൈനീസ് സിൽക്ക്, കറുപ്പ് വ്യാപാരമേഖലകളിൽ മേൽകൈ നേടാൻ സസൂണിനു കഴിഞ്ഞു.
ലാഭം മുഴുവൻ തുറമുഖത്തോടു ചേർന്നുള്ള വിലപിടിപ്പുള്ള സ്ഥലങ്ങൾ വാങ്ങിക്കൂട്ടാനാണ് ദൂരക്കാഴ്ചയുള്ള സസൂൺ വിനിയോഗിച്ചത്. കൊളാബാ പ്രദേശത്ത് സ്വന്തമായി ഒരു തുറമുഖം തന്നെ അദ്ദേഹം നിർമ്മിച്ചു – പ്രശസ്തമായ സസൂൺ ഡോക്ക്സ്. തൻ്റെ ഭാരിച്ച സ്വത്തിൻ്റെ ബഹുഭൂരിഭാഗവും സമൂഹത്തിന് ഉപകരിക്കുന്ന സ്ഥാപനങ്ങൾ പടുത്തുയർത്താനാണ് ആ മനുഷ്യസ്നേഹി വിനിയോഗിച്ചത്.
സസൂണും മക്കളും ബോംബെയിലും പൂനയിലും നിർമ്മിച്ച് സംഭാവനചെയ്ത സ്ഥാപനങ്ങൾ നിരവധിയാണ്. കാലാഘോടയിലെ ഫ്ലോറാ ഫൗണ്ടൻ അത്തരത്തിൽ ഒന്നാണ്. ഇന്നും നിൽനിൽക്കുന്ന പൂനയിലെയും ബോംബെയിലെയും സസൂൺ ആശുപത്രികൾ, ബോംബെ സസൂൺ ലൈബ്രറി തുടങ്ങിയവ പ്രശസ്തമാണ്. സസൂൺ 1853ൽ സംഭാവനചെയ്ത സ്ഥലത്താണ് ലോകപ്രശസ്തമായ ആൽബർട്ട് ( ഇപ്പോൾ ഛത്രപതി ശിവജി മഹാരാജ്) മ്യൂസിയം സ്ഥിതിചെയ്യുന്നത്. എൽഫിൻസ്റ്റൻ കോളെജാണ് മറ്റൊരു ശാശ്വതസ്മാരകം.
– ജോയ് കള്ളിവയലിൽ.







