കൊട്ടാരത്തിൽ ശങ്കുണ്ണി

#ഓർമ്മ

കൊട്ടാരത്തിൽ ശങ്കുണ്ണി.

ഐതിഹ്യമാല എന്ന മഹദ്ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിൽ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ (1855-1937) ഓർമ്മദിവസമാണ്
ജൂലൈ 22.

യഥാർത്ഥ പേര് വാസുദേവൻ എന്നായിരുന്നു.
ജീവിച്ചിരുന്ന കാലത്ത് തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് സർക്കാരുകളിൽനിന്ന് ഇത്രയധികം സമ്മാനങ്ങൾ ലഭിച്ച വേറൊരു കവിയില്ല.
1915ൽ ആരംഭിച്ച കോട്ടയം എം ഡി സെമിനാരി ഹൈസ്‌കൂളിലെ ആദ്യത്തെ മലയാളം മുൻഷിയായി.
കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ പ്രേരണയിൽ ഭാഷപോഷിണി മാസികയിൽ ലേഖനങ്ങളായിട്ടാണ് ഐതിഹ്യമാല പ്രസിദ്ധീകരിക്കപ്പെട്ടത്.

“കേവലം നിസ്സാരങ്ങളും യാതൊരു ഉപയോഗവുമില്ലാത്ത
വയുമായ പറയി പെറ്റ പന്തിരുകുലം എന്നും മറ്റുമുള്ള ഉപന്യാസങ്ങൾ ഭാഷാപോഷിണിയിൽ ചേർക്കുന്നത് ന്യായമല്ല. അതിലേക്ക് ചിലവായിട്ടുള്ള കടലാസുകളുടെ വിലയും അച്ചടിക്കൂലിയും ശങ്കുണ്ണിയിൽനിന്ന് ഈടാക്കണം” എന്നുംമറ്റും വിമർശനങ്ങൾ ഉണ്ടായെങ്കിലും മലയാളികൾ കഥകൾ സർവാത്മനാ സ്വാഗതം ചെയ്തു. ഒരു നൂറ്റാണ്ടിനിടയിൽ ഇത്രയേറെ കോപ്പികൾ വിറ്റ വേറൊരു ഗ്രന്ഥമില്ല.
1974വരെ തൃശൂർ മംഗളോദയം കമ്പനിയാണ് പുസ്തകം പ്രസിദ്ധം ചെയ്തിരുന്നത്. പിന്നീട് ഡി സി കിഴക്കേമുറിയുടെ അപേക്ഷയിൽ മുഖ്യമന്ത്രി അച്യുതമേനോൻ അനുവദിച്ച 10000 രൂപ കൊണ്ട് ശങ്കുണ്ണി സ്മാരകസമിതി പകർപ്പവകാശം വിലയ്ക്കുവാങ്ങി. 1974 മുതൽ 2006 വരെ മാത്രം 213000 കോപ്പികളാണ് ചെലവായത്.
പകർപ്പാവകാശ കാലാവധി അവസാനിച്ചതോടെ നിരവധി പ്രസാധകർ ഇപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്. അവയെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്നു.
കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന മഹാനോട് കൈരളി എക്കാലവും കടപ്പെട്ടിരിക്കും.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *