മാലിന്യ നിർമ്മാർജന സംസ്കാരം

#കേരളചരിത്രം

മാലിന്യ നിർമാർജന സംസ്കാരം.

മാലിന്യം നീക്കാനിറങ്ങിയ ഒരു തൊഴിലാളി മരണപ്പെട്ടത് തിരുവനന്തപുരം നഗരത്തിലെ രൂക്ഷമായ മാലിന്യപ്രശ്നം ദിവസങ്ങളോളം ചർച്ചചെയ്യാൻ ഒരു വിഷയമായി എന്നതിൽ കവിഞ്ഞ് ശാശ്വതമായ പരിഹാരം ഉണ്ടാകും എന്ന് ആരും കരുതുന്നില്ല.
കാരണം ഈ മാലിന്യം ഉൽപാദിപ്പിക്കുന്ന ജനങ്ങൾ അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകുന്നില്ല എന്നതുതന്നെ.
ഞാൻ ആദ്യമായി തിരുവനന്തപുരം സന്ദർശിക്കുന്നത് 60 വര്ഷം മുൻപ് എൻ്റെ കുട്ടിക്കാലത്താണ്. ഒരു ഗ്രാമത്തിൻ്റെ വിശുദ്ധിയും നൈർമല്യവും പേറുന്ന തലസ്ഥാനനഗരിയാണ് എൻ്റെ ഓർമ്മയിലുള്ളത്.

പക്ഷെ അത് സ്വയമേവ ഉണ്ടായ ഒന്നല്ല , അധികാരികളുടെ ബോധപൂർവമായ ഇടപെടലുകൾ മൂലമാണ് എന്ന് വ്യക്തമാക്കുന്ന ഒരു പുസ്തകം വായിക്കാൻ ഇടയായി.

വി വി കെ വാലത്ത് എഴുതിയ തിരുവനന്തപുരം ജില്ലയെ സംബന്ധിച്ച പുസ്തകത്തിൽ നൂറുകൊല്ലം മുൻപ് തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കപ്പെട്ട ഒരു ഹർജിയുടെ വിവരങ്ങൾ നൽകുന്നുണ്ട് ( പേജ് 133).

വരമ്പാശ്ശേരി മാതേവൻ കൃഷ്ണനും കൂട്ടരുമാണ് ഹർജിക്കാർ.

കുഞ്ഞുകുഴി പ്രദേശത്തെ ഒരു മാംസ വിൽപ്പന കേന്ദ്രമാണ് പ്രശ്നക്കാർ. അവിടെവെച്ച് കൊല്ലുന്ന മൃഗങ്ങളുടെ എല്ലുകളും മറ്റ് അവശിഷ്ടങ്ങളും കാക്കയും, കഴുകനും, മറ്റും കൊത്തിവലിച്ച് ജനങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിച്ചുവരുന്ന പൊതുകിണറ്റിൽ കൊണ്ടുപോയി ഇടുന്നു.
സ്‌ലോട്ടർ ഹൗസ് ഉയർന്ന പ്രദേശത്തായതുകൊണ്ട് നെയ്യും ചോരയും മറ്റും താഴ്ന്ന സ്ഥലങ്ങളിലേക്ക് ഒലിച്ചിറങ്ങി രോഗങ്ങൾ പടർത്തുന്ന സ്ഥിതിയാണ്.
അറക്കപ്പെടുന്ന മൃഗങ്ങളുടെ ദയനീയമായ നിലവിളികൾ പാതിരായ്ക്ക് പോലും തദ്ദേശവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു, ദുസ്വപ്നങ്ങൾക്ക് കാരണമാകുന്നു…..

തിരുവനന്തപുരം നഗരത്തിൻ്റെ വളർച്ചയ്ക്കനുസരിച്ച് മാലിന്യങ്ങളുടെ തോതും കൂടിക്കൂടി വരുന്നു. അതനുസരിച്ച് മാലിന്യനിർമാർജനത്തിനുളള പദ്ധതികൾ ഉണ്ടായില്ല. വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ ഒരു മാലിന്യനിർമാർജന സംസ്കാരം വളർത്തിയെടുക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും മാലിന്യക്കൂമ്പാരങ്ങൾ ഇന്ന് സാധാരണ കാഴ്ചയാണ്.
നിപ്പയും, ഡെങ്ങിയും മലേറിയയും എല്ലാം തിരിച്ചുവന്നിട്ടും കൂസാതെ, ഇതൊക്കെ വേറെ ആരുടെയോ ഉത്തരവാദിത്തമാണ് എന്നുള്ള ജനങ്ങളുടെ സമീപനം മാറാതെ രക്ഷയില്ല.
ഹരിത കർമ്മസേന മാത്രം വിചാരിച്ചാൽ പോരാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും മുഖംനോക്കാതെ കർശനനടപടികൾ സ്വീകരിക്കണം. Polluter Pays എന്ന ലോകത്തെവിടെയുമുള്ള നിയമം നമ്മുടെ നാട്ടിലും വന്നേ തീരൂ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *