പഥൻമാർ

#ചരിത്രം

പഥൻമാർ / പട്ടാണികൾ .

1903ലെ ദില്ലി ദർബാറിൻ്റെ ( എഡ്വാർഡ് രാജാവിൻ്റെ കിരീടധാരണത്തോട് അനുബന്ധിച്ച് വൈസ്രോയി സംഘടിപ്പിച്ച മാമാങ്കമാണ് ദില്ലി ദർബാർ)
ഒരു ചിത്രം എന്നെ പഥൻമാരുടെ ചരിത്രം ഓർമിക്കാൻ പ്രേരിപ്പിച്ചു.
സായിപ്പന്മാർ, ആഫ്രിക്കക്കാർ തുടങ്ങിയവരാണ് ഏറ്റവും ഉയരമുള്ളവർ എന്നാണ് നമ്മുടെ ധാരണ. പക്ഷെ പൊക്കത്തിലും കായബലത്തിലും പഥൻമാരെ വെല്ലാൻ ആരുമില്ല.
ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ രാജ്യങ്ങളിൽ ഉൾപെട്ട പാഷ്ട്ടൂണിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു. ഇന്നുവരെ ഒരു വിദേശ ശക്തിക്കും കീഴടക്കാൻ കഴിഞ്ഞിട്ടില്ലാത്ത വർഗ്ഗമാണ് പഥൻ മാർ. ബ്രിട്ടനും, റഷ്യയും , അമേരിക്കയുമെല്ലാം ഈ ഗിരിവർഗ്ഗ ജനതയുടെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
കഠിനമായ ജോലികൾ ചെയ്യുന്നതിന് ഒരു മടിയുമില്ലാത്ത അവർ ഇന്ത്യയിലെ മിക്ക നാട്ടുരാജ്യങ്ങളിലെയും സേനയിൽ സേവനം ചെയ്തിരുന്നു. തിരുവിതാംകൂർ സൈന്യത്തിൽ ജോലി ചെയ്തിരുന്നവരുടെ പിന്മുറക്കാർ ഇന്നും തിരുവനന്തപുരം മണക്കാട് പ്രദേശങ്ങളിൽ ഉണ്ട്.
ഒരു പക്ഷെ ഏറ്റവും പ്രശസ്തനായ പഥൻ അതിർത്തി ഗാന്ധി എന്ന് വിളിക്കപ്പെട്ടിരുന്ന ഘാൻ അബ്ദുൽ ഖാഫർ ഖാനാണ്. കൈയ്ക്ക് കൈ, കണ്ണിന് കണ്ണ് എന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന ഒരു ജനതയെ ഗാന്ധിജിയുടെ അഹിംസാപാതയിൽ കൊണ്ടുവരാൻ ശ്രമിച്ച ഖാനെ വിഭജനസമയത്ത് എല്ലാവരും തഴഞ്ഞു. പാഷ്ട്ടൂണിസ്ഥാൻ അനുവദിച്ചില്ല എന്ന് മാത്രമല്ല പാകിസ്ഥാൻ്റെ ഭാഗമാകാൻ നിര്ബന്ധിതമായ തൻ്റെ ജനതയെ കോൺഗ്രസ് വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുത്തു എന്നാണ് ഗാഫർ ഖാൻ പറഞ്ഞത്.
എനിയ്ക്ക് പഥൻ എന്ന് പറഞ്ഞാൽ ടാഗോറിൻ്റെ കാബൂളിവാലയാണ്. പെൺകുട്ടിയുടെ സ്നേഹിതനായ വൃദ്ധ വ്യാപാരിയെപ്പോലെ ഹൃദയം കവരുന്ന കഥാപാത്രം വേറെ എത് ചെറുകഥയിലാണുള്ളത്?
ഇന്ന് പക്ഷേ ആകെയുള്ള ബന്ധം ഇഷ്ടവിഭവമായ കാബൂളി ചന്ന എന്ന പട്ടാണി പയറാണ്.
വിഭജനത്തിനു ശേഷം ഇന്ത്യയിൽ അവശേഷിച്ച പഥൻമാർ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ അതാത് സംസ്കാരങ്ങളുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്നു.
ഹിന്ദി ചലച്ചിത്ര നടൻ പ്രാൺ, ക്രിക്കറ്റ് താരം യൂസഫ് പഥാൻ തുടങ്ങി പ്രശസ്തരായ വ്യക്തികൾ അനവധിയുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *