#ഓർമ്മ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ (1912-1991) ചരമവാർഷികദിനമാണ് ജൂലായ് 20.
1749 മുതൽ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം 1949 ൽ തിരുഃ കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത് വരെ നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ.
മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ 1924 ഓഗസ്റ്റ് 7നു നിര്യാതനായി. അതോടെ മരുമക്കത്തായപ്രകാരം രാജാവിൻ്റെ ഇളയസഹോദരി സേതു പാർവതിബായിയുടെ മൂത്തമകനായ ബാലരാമവർമ്മ, 12 വയസ്സിൽ പുതിയ രാജാവായി.
ബ്രിട്ടീഷ് സർക്കാരിൻ്റെ നിബന്ധനയനുസരിച്ച്, പ്രായപൂർത്തിയാകുന്നതുവരെ അമ്മയുടെ മൂത്ത സഹോദരി സേതു ലക്ഷ്മിബായിയാണ് റീജന്റ് ആയി രാജ്യഭരണം നടത്തിയത്.
1931 നവംബർ 6ന് ശീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവായി സ്ഥാനമേറ്റു. ഉപദേശകനും പിന്നീട് ദിവാനുമായി സർ സി പി രാമസ്വാമി അയ്യർ നിയമിതനായി.
ഭക്തനും സാത്വികനുമായിരുന്ന അദ്ദേഹം അവിവാഹിതനായി ശ്രീപദ്മനാഭസ്വാമിദാസനായി കഴിഞ്ഞപ്പോൾ
യഥാർത്ഥ ഭരണാധികാരികൾ അമ്മ മഹാറാണിയും, ദിവാൻ സർ സി പി രാമസ്വാമി അയ്യരും ആയിരുന്നു.
മഹാത്മാഗാന്ധിയുടെ വാക്കുകളിൽ , 1936ലെ ക്ഷേത്രപ്രവേശന വിളംബരം ആയിരിക്കും എക്കാലവും ഈ മഹാരാജാവിന്റെ ഓർമ്മ നിലനിർത്തുക. 70 കൊല്ലക്കാലം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം നേടിയ വിജയമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.
തിരുവിതാംകൂർ ( പിന്നിട് കേരള) യൂണിവേഴ്സിറ്റി, തിരുവനന്തപുരം വിമാനത്താവളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതി, ഫാക്ട്, തുടങ്ങി തിരുവിതാംകൂറിൻ്റെ പ്രധാന നേട്ടങ്ങളെല്ലാം രാജാവിന്റെ കഴിവിനേക്കാൾ, സി പി യുടെ സംഭാവനകളാണെങ്കിലും സർവകലാശാലയുടെ മുൻപിൽ ചിത്തിര തിരുനാളിന്റെ പ്രതിമയാണുള്ളത്.
കുപ്രസിദ്ധമായ പുന്നപ്ര വയലാർ വെടിവെപ്പ്, സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രക്ഷോഭം, സ്വതന്ത്ര തിരുവിതാംകൂർ വാദം ഒക്കെക്കുമുള്ള പഴിയും സി പി യുടെ തലയിൽ വെച്ച് രാജകുടുംബത്തിനെ വെള്ളപൂശുന്ന സമീപനമാണ് മിക്ക ചരിത്രകാരന്മാരും സ്വീകരിച്ചത്. രേഖകളുടെ പിൻബലത്തോടെ എ ശ്രീധരമേനോൻ, ഇവയുടെ പാപഭാരം വിശ്വസ്തസേവകനെന്ന നിലയിൽ സി പി ഏറ്റെടുക്കുകയായിരുന്നു, എന്ന് തെളിയിച്ചിട്ടുണ്ട്.
1947 ഓഗസ്റ്റ് 15ന് രാജഭരണം അവസാനിച്ചു.
1949 ജൂലായ് 1 മുതൽ 1956 ഒക്ടോബർ 31 വരെ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖ് ( ഇന്നത്തെ ഗവർണർ) പദവി വഹിച്ചു.
തിരുവനന്തപുരത്തെ രാജഭക്തർ പക്ഷേ, മരണംവരെ അദ്ദേഹത്തെ പൊന്നുതമ്പുരാൻ ആയിട്ടാണ് കരുതിയത്.
1960കളിൽപോലും , എന്റെ ചെറുപ്പത്തിലെ ഒരു വിസ്മയക്കാഴ്ച, രാവിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ ഒരു പച്ച സ്റ്റുഡീബേക്കർ കാറിൽ പോകുന്ന രാജാവിനെ, ജനങ്ങൾ വഴിയരികിൽ കാത്തുനിന്നു മുട്ടുകുത്തി തൊഴുന്നതാണ്.
പ്രസിദ്ധമായ ആറാട്ട് ഉത്സവത്തിന് ക്ഷേത്രം മുതൽ ശംഖുമുഖം കടൽപ്പുറം വരെ ഉടവാൾ എന്തി നഗ്നപാദനായി മുന്നിൽ നടക്കുന്ന പതിവ് അദ്ദേഹം മരണം വരെ തുടർന്നു.
ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ ഉപാധിയായി ഒപ്പുവെച്ച കവനെന്റ് പ്രകാരം ശ്രീപദ്മനാഭ ക്ഷേത്രത്തിന്റെ അവകാശം ചിത്തിര തിരുനാളിന് ആയിരുന്നു .
ആ അവകാശം, ഉപാധികളോടെ അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നു .
70 വർഷം കഴിഞ്ഞിട്ടും തിരുവനന്തപുരം പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇന്നും രാജഭക്തരായി തുടരുന്നതിനു കാരണവും പഴയ രാജകുടുംബവും ക്ഷേത്രവുമായുള്ള ഈ ബന്ധമാണ്.
ചിത്തിര തിരുനാളിന്റെ 10 ലക്ഷം രൂപ സംഭാവനയുമായി മുഖ്യമന്ത്രി സി അച്യുതമേനോൻ തുടക്കമിട്ട
തിരുവനന്തപുരം ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്ന് ആഗോളപ്രശസ്തമായ ആരോഗ്യ, ഗവേഷണസ്ഥാപനമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized