#ചരിത്രം
#ഓർമ്മ
നിർമ്മൽ സിംഗ് ശിഖോൺ.
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ അനർഘനിമിഷമാണ് 1971 ഡിസംബർ 16.
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരമവീര ചക്ര ഒരു പ്രാവശ്യം മാത്രമേ നേടിയിട്ടുള്ളു . മരണാനന്തര ബഹുമതിയായി പരമവീര ചക്ര നേടിയ ധീരനായ സൈനികനാണ് ഫ്ലൈിയിംഗ് ഓഫീസർ നിർമ്മൽ സിംഗ് ശിഖോണ് ( 1943-1971).
1971ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം. ശ്രീനഗർ വിമാനത്താവളം പിടിച്ചാൽ കശ്മീർ മുഴുവൻ തങ്ങളുടെ അധീനതയിലാകും എന്ന് പാകിസ്ഥാന് പണ്ടേ അറിയാം. 1947ൽ പാകിസ്താൻ ആർമി നടത്തിയ ശ്രമം തകർത്തത്തിനാണ് മേജർ സോംനാഥ് ശർമ്മ രാജ്യത്തിൻ്റെ ആദ്യത്തെ പരമവീര ചക്ര നേടിയത്.
അമേരിക്കയിൽനിന്ന് കരസ്ഥമാക്കിയ അത്യാധുനിക സാബർ ജെറ്റുകൾ ഉപയോഗിച്ച് അനായാസം ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധം തകർക്കാം എന്ന് പാകിസ്താൻ കരുതി. ഇന്ത്യയുടെ പക്കൽ ആകെയുള്ളത് ചെറിയ ഗ്നാട്ട് വിമാനങ്ങൾ മാത്രമാണ്.
1971 ഡിസംബർ 16നു 4 സാബർ ജെറ്റുകൾ മുന്നറിയിപ്പില്ലാതെ ശ്രീനഗർ വിമാനത്താവളം ആക്രമിച്ചു. രണ്ട് ഗ്നാട്ട് വിമാനങ്ങൾക്ക് മാത്രമാണ് പറന്നുയരാൻ സമയം കിട്ടിയത്. ബോംബുകൾ വീഴുന്നതിനിടയിൽ വിമാനം ഉയർത്താൻ സാധിച്ച ശിഖോൺ അവിശ്വസനീയമായ പ്രത്യാക്രമണമാണ് കാഴ്ച വെച്ചത്. ഉയർന്നും താഴ്ന്നും പുറകേ കൂടിയും വെടിയുതിർത്ത ശിഖോൻ്റെ മുന്നിൽ വെടിയേറ്റ നാലു സാബർ വിമാനങ്ങൾക്കും പിൻവാങ്ങേണ്ടിവന്നു. വെടിയേറ്റ ശിഖോൻ്റെ വിമാനം തീപിടിച്ചു തകർന്നുവീണു. ശിഖോൺ വീരമൃത്യു വരിച്ചു.
ധീരനായ പോരാളിയുടെ പേരിൽ രാജ്യം ഒരു കപ്പൽ തന്നെ ഇറക്കി. സ്മാരക സ്റ്റാമ്പും, സ്മാരക പ്രതിമയും വഴി ആദരിക്കപ്പെട്ട ചുരുക്കം വൈമാനികരിൽ ഒരാളാണ് ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ സിംഗ് ശിഖോൺ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized