#ഓർമ്മ
രാമായണം.
കർക്കടകം രാമായണ മാസമായാണ് കേരളത്തിൽ ആചരിച്ചുവരുന്നത്. വീടുകളിൽ ഒന്നാം തിയതി മുതൽ ദിവസവും രാമായണ പാരായണം പതിവാണ്.
എനിയ്ക്ക് രാമായണം എല്ലാ ഭാരതീയരും വായിച്ചിരിക്കേണ്ട പുരാണ കഥയാണ്.
പക്ഷെ നമ്മുടെ നാട്ടിൽ കാലാകാലങ്ങളായി ജാതി ഉച്ചനീചത്തങ്ങൾ നിലനിർത്തുന്നതിൽ രാമായണം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് യുക്തിവാദിയായ ഡോക്ടർ കെ എസ് ഭഗവാൻ്റെ പക്ഷം.
രാമായണം ഒരു വേറിട്ട വായന.
“ഒരുതരത്തില്‍ നോക്കിയാലും രാമന്‍ ഒരു മാതൃകാപുരുഷനല്ല . അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ല ; നല്ലൊരു ഭരണാധികാരിയുമായിരുന്നില്ല . കാരണം, ഒരു തെറ്റും ചെയ്യാത്ത ശംഭുകനെപ്പോലുള്ള ശൂദ്രന്റെ കഴുത്ത് വെട്ടുകയാണ് രാമന്‍ ചെയ്തത് ! ശൂദ്രനായി ജനിച്ചതിെന്റെ പേരിൽ മാത്രം !”
ഡോ : കെ.എസ്. ഭഗവാൻ
“സമൂഹത്തിലെ നാല് അടുക്കുകളുള്ള വ്യവസ്ഥയെ സംരക്ഷിക്കാന്‍ തന്നെയാണ് രാമന്‍ നിലകൊള്ളുന്നതെന്ന് രാമായണം വ്യക്തമായി പറയുന്നുണ്ട് . ചാതുര്‍വര്‍ണ്യത്തിന്റെ രക്ഷകനായാണ് രാമനെ അവതരിപ്പിച്ചിട്ടുള്ളത് . ചാതുര്‍വര്‍ണ്യ രക്ഷകൻ എന്നതിലൂടെ വിവക്ഷിക്കുന്നത് സാമൂഹിക അസന്തുലിതാവസ്ഥയുടെ സംരക്ഷകനെന്നാണ് . ബ്രാഹ്മണര്‍ ഏറ്റവും ഉന്നതിയിലും ശൂദ്രര്‍ താഴെതലത്തിലുമുള്ള അധികാരഘടന പിന്തുടരുന്ന ഒരു സമൂഹത്തെപ്പറ്റിത്തന്നെയാണ് ഇതിലും പറയുന്നത് . എന്തിനാണ് നമുക്ക് ഇത്തരത്തിലുള്ള ഒരു സമൂഹം ? എല്ലാ ജാതികള്‍ക്കും തുല്യപദവി നല്‍കുന്ന ഒരു സംവിധാനം വേണ്ട സ്ഥാനത്ത് മറിച്ചുള്ള ഒന്നിനെ എന്തിനാണ് നാം സ്വീകരിക്കുന്നത് ? അതുകൊണ്ടുതന്നെ ഈ മതപരമായ സംഹിതയെ പിന്തുടരേണ്ടതില്ല . അതില്‍ നീതിയോ ധർമ്മമോ ഒന്നുമില്ല . അത് അധികാരവര്‍ഗ്ഗങ്ങളുടെ അധീശത്വം പ്രകടിപ്പിക്കുന്ന ഒരു സംഹിത മാത്രമാണ് . അതില്‍ മാനവികതയില്ല , മനുഷ്യത്വവുമില്ല . അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഈ കൃതികളെ പുനര്‍വിലയിരുത്തലിന് വിധേയമാക്കുകയും പ്രയോജനരഹിതമായ ഒന്നാണെന്ന തീര്‍പ്പുകളിലേക്ക് എത്തിച്ചേരുകയും തള്ളിക്കളയുകയുമാണ് വേണ്ടത് .
രാമന്‍ ദൈവത്തിന്റെ അവതാരമാണെന്ന് വാത്മീകി ഒരിടത്തും പറഞ്ഞിട്ടില്ല . മനുഷ്യനാണെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട് . രാമന്‍ സ്വയം പറയുന്നു ഞാന്‍ ദശരഥന്റെ മകനാണ് , മനുഷ്യനാണ് എന്ന് .
‘ അഹം മാനുഷം മന്യേ ; രാമം ദശരഥാത്മജം ’ എന്നാണ് രാമന്‍ പറയുന്നത് . രാമായണത്തിന്റെ പലഭാഗത്തും ഇത് ആവര്‍ത്തിക്കുകകൂടി ചെയ്യുന്നു . വാത്മീകിയും ഇതുതന്നെയാണ് പറഞ്ഞത് .
എന്റെ ലളിതമായ ചോദ്യം ഇതാണ് : രാമന്‍ ദൈവമാണെങ്കില്‍ , ദൈവത്തെക്കുറിച്ചുള്ള നിര്‍വ്വചനമെന്താണ് ? ത്രികാല ജ്ഞാനിയെന്നാണ് . മൂന്നു കാലത്തെക്കുറിച്ചും അറിവുള്ളവന്‍ , സര്‍വ്വശക്തന്‍ . ഇതെല്ലാം അറിയുന്ന ദൈവമാണ് രാമനെങ്കില്‍ , രാമന് അറിയില്ലേ സീത എവിടെയെന്നും ആരാണ് ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയതെന്നും ? അദ്ദേഹത്തിന് അത് മനസ്സിലാക്കാനായില്ലല്ലോ . അതിനര്‍ഥം രാമന്‍ ദൈവമല്ലെന്നും മനുഷ്യനാണെന്നുമാണ് . ഇതിനുള്ള ധാരാളം തെളിവുകള്‍ രാമയണത്തിലുടനീളം കാണാം .
ഇതുമാത്രമല്ല , രാമന്‍ സീതയോട് പാതിവ്രത്യം തെളിയിക്കാന്‍ പലതവണ ആവശ്യപ്പെടുന്നുണ്ട് . പന്ത്രണ്ടുവര്‍ഷം വനത്തില്‍ വത്മീകിയുടെ ആശ്രമത്തില്‍ കഴിഞ്ഞ് ലവകുശന്മാര്‍ക്ക് ജന്മംനല്‍കി തിരിച്ചെത്തിയപ്പോഴും , രാമന്‍ സീതയോട് പതിവ്രതയാണോ എന്ന ചോദ്യം ഉന്നയിക്കുന്നു . ആര്‍ക്കെങ്കിലും ഇത് അംഗീകരിക്കാനാകുമോ ? അങ്ങനെയല്ലേ സ്വയം ലജ്ജാവതിയായും രാമനെക്കുറിച്ചോര്‍ത്ത് ലജ്ജിച്ചും സീത വേദനയോടെ അമ്മയെ വിളിച്ച് എന്നെ രക്ഷിക്കൂ എന്ന് വിലപിക്കുന്നതും അമ്മയിലേക്ക് മടങ്ങി അപ്രത്യക്ഷയാകുന്നതും ? പിന്നീടെന്താണുണ്ടായത് ? ദുഃഖിതനായ രാമന്‍ സരയൂനദിയിലേക്ക് പോയി ആത്മഹത്യ ചെയ്തു . രാമന്‍ ദൈവമായിരുന്നുവെങ്കില്‍ എങ്ങനെയാണ് ആത്മഹത്യ ചെയ്യാനായത് ? ഒരു മനുഷ്യന്‍ മാത്രമായ രാമന് , ദുഃഖം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സരയൂ നദിയിലേക്ക് പോകുന്നതും ആത്മഹത്യ ചെയ്യുന്നതും . ആത്മഹത്യ ചെയ്തതിനാണോ ജനങ്ങള്‍ രാമനെ ആരാധിക്കേണ്ടത് ? ഒരുതരത്തില്‍ നോക്കിയാലും രാമന്‍ ഒരു മാതൃകാപുരുഷനല്ല . അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ല ; നല്ലൊരു ഭരണാധികാരിയുമായിരുന്നില്ല . കാരണം, ഒരു തെറ്റും ചെയ്യാത്ത ശംഭുകനെപ്പോലുള്ള ശൂദ്രന്റെ കഴുത്ത് വെട്ടുകയാണ് രാമന്‍ ചെയ്തത് ! ശൂദ്രനായി ജനിച്ചതിെന്റെ പേരിൽ മാത്രം ! അതുകൊണ്ടുതന്നെ ഈ കാവ്യം എങ്ങനെയാണ് മാതൃകാപരമാകുന്നത് – ഇതാണെന്റെ ചോദ്യം .
തങ്ങള്‍ രാമന്റെ മക്കളാണെന്ന് അവര്‍ അവകാശപ്പെടുന്നുവെങ്കില്‍ എനിക്ക് അവരോട് സഹതാപമേയുള്ളു . കാരണം, അവര്‍ നല്ല ഭര്‍ത്താക്കന്മാരോ അച്ഛന്മാരോ ആകുന്നില്ല . അവരൊന്നും വാത്മീകിയുടെ രാമായണമല്ല വായിച്ചിട്ടുണ്ടാവുക . രാമന്റെ കഥ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും ഭാഷയിലെഴുതിയ പുസ്തകങ്ങളാവും വായിച്ചിട്ടുണ്ടാവുക . ഞാന്‍ വായിച്ചത് വാത്മീകി രാമായണമാണ് . എന്റെ നിരീക്ഷണങ്ങളും അതിനെക്കുറിച്ചാണ് . വാത്മീകിയുടെ രാമായണം ഒരു കഥയല്ല, ഒരു തത്വദര്‍ശനമാണ്, സാമൂഹികവ്യവസ്ഥയാണ് . ദര്‍ശനത്തെയും സാമുഹിവ്യവസ്ഥയെയും കലയിലൂടെ ഉള്‍ച്ചേര്‍ത്തതാണ് ആ കൃതി. അത് ഒരു പുരോഗമനസമൂഹത്തിന് ഒരുതരത്തിലും മാതൃകയാക്കാവുന്ന കൃതിയല്ല . ഒരു സാഹിത്യസൃഷ്ടി എന്നനിലയിൽ വായിച്ച് തള്ളിക്കളയുകയാണ് വേണ്ടത് . അത് പ്രചരിപ്പിക്കുകയോ മാതൃകയാക്കുകയോ ചെയ്യരുത് . രാമരാജ്യം വരണം എന്ന് ഗാന്ധിജി പറഞ്ഞാലും വേറാരുപറഞ്ഞാലും ശുദ്ധ അസംബന്ധമാണത് എന്നു തുറന്നുപറയാനുള്ള ആർജ്ജവമാണ് ഒരു യുക്തിവാദിക്കും സ്വതന്ത്രചിന്തകനും ഉണ്ടാകേണ്ടത് “.

