കെ കാമരാജ്

#ഓർമ്മ

കെ കാമരാജ്.

കാമരാജിൻ്റെ ( 1903-1975)
ജന്മവാർഷിക ദിനമാണ്
ജൂലൈ 15.

ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയനായിരുന്നു കാമരാജ്. തമിഴ് നാട്ടിൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഉച്ചഭക്ഷണവും ഏർപ്പെടുത്തുക വഴി പതിനായിരകണക്കിന് പാവപ്പെട്ട വിദ്യാർഥികൾക്ക് അക്ഷരം പഠിക്കാൻ ഈ മഹാൻ വഴിയൊരുക്കി. കൽവി തന്തൈ ( കുട്ടികളുടെ പിതാവ് ) എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്.
കുമാരസ്വാമി കാമാച്ചി നാടാർ എന്നായിരുന്നു പേര്. അമ്മ രാജാ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ കാമരാജായി. സ്കൂൾ പഠനം ഉപേക്ഷിച്ചു 1920 കളിൽ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടിയ കാമരാജ് 1937ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ളിയിൽ ആദ്യമായി അംഗമായി.
1954 മുതൽ 1963 വരെ കാമരാജ് മുഖ്യമന്ത്രിയായിരുന്ന കാലം തമിഴ് നാടിൻ്റെ സുവർണ്ണ കാലമായിരുന്നു. വഴിയരികിൽ പാടത്ത് പണിയെടുക്കുന്ന സ്വന്തം അമ്മയെ വണ്ടി നിർത്തി ആശ്ലേഷിക്കുന്ന മുഖ്യമന്ത്രി ദീപ്തമായ ഓർമ്മയാണ്.
1964 ൽ എം പിയായ കാമരാജ്, കോൺഗ്രസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റു, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ മൂന്ന് പ്രധാനമന്ത്രിമാരുടെ കാലത്ത് പാർട്ടിയെ നയിച്ച കാമരാജ് കിങ് മേക്കർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നെഹ്രുവിൻ്റെ കാലത്ത് തൻ്റെ പ്രസിദ്ധമായ കാമരാജ് പ്ലാൻ അനുസരിച്ച് ദീർഘകാലമായി അധികാരം കൈവിടാതെ നിലനിർത്തിയിരുന്ന കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരേയും രാജിവെപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നെഹ്റുവിന് ശേഷം ശസ്ത്രിയെയും, പിന്നീട് മൊറാർജി ദേശായിയുടെ ശക്തമായ എതിർപ്പ് മറികടന്ന് ഇന്ദിരാഗാന്ധിയെയും പ്രധാനമന്ത്രിയാക്കിയത് 1964 മുതൽ 1967 വരെ കോൺഗ്രസ് അധ്യക്ഷനായിരുന്ന കാമരാജ് എന്ന കൗശലക്കാരനാണ്. സ്വയം പ്രധാനമന്ത്രിയാകാനുള്ള നിർദേശം തനിക്ക് ഹിന്ദി അറിയില്ല എന്ന് പറഞ്ഞു നിരസിച്ച രാജ്യസ്‌നേഹിയാണ് കാമരാജ്. ഏത് കുഴഞ്ഞ പ്രശ്നവും പാർക്കലാം എന്ന തൻ്റെ ട്രേഡ്മാർക്ക് മറുപടിയിലൂടെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു.
1969ലെ കോൺഗ്രസ് പിളർപ്പിൽ ഔദ്യോഗിക പക്ഷത്ത് നിന്ന കാമരാജ് 1975ൽ ഹൃദ്രോഗം മൂലം മരണം വരെ അധ്യക്ഷസ്ഥാനത്ത് തുടർന്നു.
ചെന്നൈയിലെ മറീന ബീച്ചിൽ കുട്ടികളെ ചേർത്ത് പിടിച്ചിരിക്കുന്ന കാമരാജ് പ്രതിമ നമ്മെ ഈ ജനനേതാവിൻ്റെ കാലം ഓർമ്മിപ്പിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *