സി ജെ തോമസ്

#ഓർമ്മ

സി ജെ തോമസ്

സി ജെ തോമസിൻ്റെ (1918-1960) ചരമവാർഷികദിനമാണ്
ജൂലൈ 14.

നാടകകൃത്ത്, നിരൂപകൻ, വിവർത്തകൻ,പത്രപ്രവർത്തകൻ, അധ്യാപകൻ, ഉപന്യാസകാരൻ, ആകാശവാണി ഉദ്യോഗസ്ഥൻ, ചിത്രകാരൻ, ചെറിയൊരു കാലം അഭിഭാഷകൻ, എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു സി ജെ.
കൂത്താട്ടുകുളത്ത് മലങ്കര സഭയിലെ ഒരു വൈദികൻ്റെ മകനായി ജനിച്ച ചൊള്ളംപേൽ ജോൺ തോമസ് ബിരുദാനന്തരം അച്ഛൻ്റെ വഴിയിൽ വൈദികനാകാനാണ് ആഗ്രഹിച്ചത്. പക്ഷെ വൈദികപഠനം പാതിയിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനായി. ജോലി വേണ്ടെന്നുവെച്ചു തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി ഒരു വർഷം വക്കീൽപണിയും നോക്കി.
പിന്നീട് എം പി പോളിൻ്റെ പ്രശസ്തമായ പോൾസ് കോളേജിൽ അദ്ധ്യാപകനായി.
തന്നെക്കാൾ ഇളയതായ പോളിൻ്റെ മകൾ റോസിയുമായുള്ള പ്രണയം വിശ്വാസവഞ്ചനയായാണ് പോൾ കണ്ടത്. എതിർപ്പുകൾ അവഗണിച്ച് 1952ൽ അവർ വിവാഹിതരായി. ആ കഥ പിന്നീട് റോസി ഇവൻ എൻ്റെ പ്രിയ സി ജെ എന്ന കൃതിയിൽ ഹൃദയഹാരിയായി വിവരിച്ചിട്ടുണ്ട്.
കുറച്ചു കാലം മദ്രാസിൽ ജോലി ചെയ്തശേഷം തിരിച്ചെത്തി ആകാശവാണിയിൽ ജോലി, പത്രപ്രവർത്തനം , നാടകരചന, ലേഖനമെഴുത്ത് തുടങ്ങിയവ തുടർന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ പുസ്തകങ്ങളുടെ കവറുകൾ ചിത്രീകരിച്ചിരുന്നത് സി ജെയാണ്.
കമ്മ്യൂണിസ്റ്റ് ആയിരുന്ന സി ജെ 1957ൽ കമ്മ്യൂണിസ്റ്റ് സര്ക്കാര് അധികാരത്തിൽ വന്നതിനുശേഷം കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായി മാറി.
നാടകകൃത്ത് എന്ന നിലയിലാണ് സി ജെയുടെ യശസ്സ്.
അവൻ വീണ്ടും വരുന്നു, 1128ൽ ക്രൈം 28, ആ മനുഷ്യൻ നീ തന്നെ, ഉയരുന്ന യവനിക, ധിക്കാരിയുടെ കാതൽ മുതലായവയാണ് പ്രധാന കൃതികൾ.
വെറും 8 വര്ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ ബ്രെയിൻ ട്യൂമർ ബാധിച്ചു വെല്ലൂർ മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി. മൃതദേഹം വെല്ലൂരിൽ തന്നെ സംസ്കരിക്കുകയായിരുന്നു.
മണൽക്കാറ്റിൻ്റെ ശബ്ദം എന്ന പേരിൽ ജോർജ് ഓണക്കൂർ ജീവചരിത്രം എഴുതിയിട്ടുണ്ട്.
കൂത്താട്ടുകുളത്തെ സി ജെ സ്മാരക സമിതി ഈ പ്രതിഭയുടെ സ്മരണ നിലനിര്ത്തുന്നു.
– ജോയ്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *