#ഓർമ്മ
യുൾ ബ്രിന്നർ.
യുൾ ബ്രിന്നറുടെ ( 1920-1985) ജന്മവാർഷികദിനമാണ്
ജൂലൈ 11.
ഹോളിവുഡ് കണ്ട എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് റഷ്യയിൽ ജനിച്ച ബ്രിന്നർ. യഥാർത്ഥ പേര് യുളിയി ബോറിസോവിച്ച് ബ്രൈനർ. പിതാവ് ബോറിസ് സ്വിസ് പൗരനായിരുന്നെങ്കിലും 1922 ൽ സോവിയറ്റ് യൂണിയൻ രൂപംകൊണ്ടതോടെ സോവിയറ്റ് പൗരത്വം സ്വീകരിക്കാൻ നിർബന്ധിതനായി. 1927ൽ ചൈനയിലേക്ക് കുടിയേറിയ ബ്രൈനർ കുടുംബം 1933ൽ പാരീസിലെത്തി. അമ്മയുടെ ചികിത്സക്കായി ബ്രിന്നർ 1940ൽ അമേരിക്കയിലേക്ക് കുടിയേറി.
രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലേക്ക് റഷ്യൻ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ അനൗണ്സറാ യി ജോലിചെയ്തു.
1949ൽ ഷേയ്ക്സ്പിയറുടെ 12ത് നൈറ്റ് എന്ന നാടകത്തിൽ അഭിനയച്ചുകൊണ്ടാണ് അഭിനയജീവിതത്തിന് തുടക്കമിട്ടത്.
ജീവിതം മാറ്റിമറിച്ചത് കിംഗ് ആൻ്റ് ഐ എന്ന നാടകമാണ്. അതിലെ രാജാവായി 4625 തവണയാണ് അരങ്ങത്ത് വന്നത്. ആ വേഷത്തിനായി തല മുട്ടയടിച്ചത് പിന്നീട് ബ്രിന്നറുടെ ട്രേഡ് മാർക്കായി മാറി.
1956ൽ നാടകം സിനിമയായപ്പോഴും വൻ വിജയമായി.
ലോകം മുഴുവൻ ബ്രിന്നറെ ഓർക്കുന്നത് 1956ലെ ടെൻ കമാൻഡ്മെൻ്റ്സ് എന്ന ഇതിഹാസചിത്രത്തിലെ രാംസെസ് രാജാവായിട്ടാണ്. മോശയായി വേഷമിട്ട ചാൾട്ടൺ ഹെസ്ട്ടനുമായി മത്സരിച്ച് അഭിനയിച്ച ബ്രിന്നർ തൻ്റെ റോൾ അവിസ്മരണീയമാ ക്കി. 1956ൽ പുറത്തുവന്ന അനസ്തെസ്യയും വൻ വിജയമായി.
കുറോസോവയുടെ സെവൻ സമുറായ് യെ അനുകരിച്ച് നിർമ്മിച്ച മാഗ്നിഫിസ്സൻ്റ് സെവൻ (1960) എന്ന വെസ്റ്റേൺ സിനിമയും ബ്രിന്നറുടെ അതിപ്രശസ്തമായ സിനിമകളിൽ ഒന്നാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized