#ചരിത്രം
അതിജീവനത്തിൻ്റെ ഒരു കഥ.
അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്.
പക്ഷേ ദുരിതത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും ഒരു കാലത്തിൻ്റെ ചരിത്രം അമേരിക്കൻ ഐക്യനാടുകൾക്കും പറയാനുണ്ട്.
The Great Depression എന്ന് അറിയപ്പെടുന്ന 1929 മുതൽ 1941 വരെ നീണ്ട ഇരുണ്ട നാളുകൾ .
പക്ഷേ എല്ലാം സർക്കാർ ചെയ്തുതരണം എന്ന നമ്മുടെ നാട്ടിലെ ചിന്തയല്ല അവിടത്തെ ആളുകൾക്ക് ഉണ്ടായിരുന്നത്.
1930കളിൽ അമേരിക്കയിൽ ധാന്യങ്ങൾ സൂക്ഷിച്ചിരുന്നത് തുണികൊണ്ട് ഉണ്ടാക്കിയ ചാക്കുകളിലായിരുന്നു. അത്തരം ഒരു കമ്പനിയായിരുന്നു കാൻസാസ് വീറ്റ് കമ്പനി. ദാരിദ്ര്യത്തിൻ്റെ ആ നാളുകളിൽ തങ്ങളുടെ തുണിച്ചാക്കുകൾ പാവപ്പെട്ട കുടുംബങ്ങൾ വെട്ടിത്തയ്ച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉടുപ്പുകളായി ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കി. ഒരു ചെറിയ സഹായം എന്ന നിലയിൽ ചാക്കുണ്ടാക്കാനായി നല്ല പൂക്കളുടെ പ്രിൻ്റുകൾ ചെയ്ത നിറമുള്ള തുണികൾ ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചു.
സംഭവം വിജയമായി. കമ്പനിയുടെ ലോഗോയും മറ്റും പ്രിൻ്റ് ചെയ്യുന്നതിന് എളുപ്പത്തിൽ മാഞ്ഞുപോകുന്ന മഷി ഉപയോഗിച്ചുതുടങ്ങി. ചില ചാക്കുകളിൽ ഡിസൈനുകൾ പ്രിൻ്റ് ചെയ്യാനും തുടങ്ങി. അവ വെട്ടിത്തയ്ച്ചാൽ മാത്രം മതി എന്നായി.
ഒരു കച്ചവടതന്ത്രം എന്ന നിലയിൽ തുടങ്ങിയ പതിവ് നൂറുകണക്കിന് അമേരിക്കൻ കുടുംബങ്ങൾക്ക് അതിജീവനത്തിനുള്ള മാർഗമായി മാറി. അത്തരം വസ്ത്രങ്ങൾ ചിലർ വിറ്റ് കൂടുതൽ വരുമാനം നേടാൻ തുടങ്ങി എന്നുകൂടി അറിയുമ്പോൾ നമ്മൾ അത്ഭുതം കൂറും.
– ജോയ് കള്ളിവയലിൽ.


