#ഓർമ്മ
#films
ഗുരുദത്ത്.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായ ഗുരുദത്തിൻ്റെ 1925-1964) ജന്മവാർഷികദിനമാണ്
ജൂലൈ 9.
നടൻ, സംവിധായകൻ, കഥാകൃത്ത്, പ്രൊഡ്യൂസർ എന്ന നിലയിലെല്ലാം ദത്ത് തിളങ്ങി.
യഥാർത്ഥ പേര് വസന്ത് കുമാർ ശിവശങ്കർ പാദുകോൺ. ( കർണാടകയിലെ ഉഡുപ്പിക്കടുത്ത ഒരു പ്രദേശമാണ് പാദുകോൺ). കുട്ടിക്കാലത്തുണ്ടായ ഒരു അപകടത്തിനുശേഷം ജ്യോതിഷപ്രകാരം പേര് ഗുരുദത്ത എന്നാക്കി മാറ്റി.
കുട്ടിക്കാലം കൽക്കത്തയിൽ ചെലവിട്ടതുകൊണ്ട് ബംഗാളി അസ്സലായി പഠിച്ചു.
1947ൽ പ്രഭാത് സ്റ്റുഡിയോയിൽ ജോലിക്കാരനായി കയറി. അവിടെവെച്ച് ആരംഭിച്ചതാണ് ദേവ് ആനന്തുമായുള്ള സൗഹൃദം. എന്നെങ്കിലും താൻ സിനിമ നിർമ്മിച്ചാൽ സംവിധായകൻ ഗുരുദത്ത് ആയിരിക്കും എന്ന് ദേവും താൻ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്താൽ ദേവ് ആനന്ദ് ആയിരിക്കും നായകൻ എന്ന് ദത്തും പ്രതിജ്ഞചെയ്തു. അങ്ങിനെയാണ് ദേവിൻ്റെ നവകേതൻ നിർമ്മിച്ച ബാസി എന്ന സിനിമ 1951ൽ പിറവിയെടുത്തത്.
1957ൽ പുറത്തുവന്ന പ്യാസ എന്ന ചിത്രം, ഇന്ത്യൻ സിനിമയിലെ ഒരു ക്ലാസിക്ക് ആയാണ് വിലയിരുത്തപ്പെടുന്നത്. ടൈം മാസികയുടെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളുടെ പട്ടികയിൽ പ്യാസ ഇടം നേടി. പ്യാസയും കാഗസ് കേ ഫുലും ( 1959) സൈറ്റ് ആൻഡ് സൗണ്ട് മാസികയുടെ ലോകോത്തര സിനിമകളുടെ പട്ടികയിൽ സ്ഥാനം നേടിയ ചിത്രങ്ങളാണ്.
സി എൻ എൻ, ഏഷ്യയിലെ ഏറ്റവും മികച്ച 25 നടന്മാരിൽ ഒരാളായി 2010ൽ ഗുരുദത്തിനെ തെരഞ്ഞെടുത്തു.
1953ൽ പ്രസിദ്ധ പിന്നണിഗായിക ഗീതാ റോയ്ചൗധരിയെ വിവാഹം ചെയ്തു.
മദ്യവും മദിരാക്ഷിയുമായിരുന്നു ദത്തിൻ്റെ എക്കാലത്തെയും ബലഹീനത. വഹീദ റഹ്മാനുമായുള്ള ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. വഹീദ പിന്നീട് ഒരിക്കലും വിവാഹം കഴിച്ചില്ല.
1964ൽ ഗുരുദത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയോ മരണമോ എന്ന് തീർച്ചയില്ല. അമിതമദ്യപാനം മൂലം 41 വയസ്സിൽ 1972ൽ ഗീതാ ദത്തും മരണമടഞ്ഞു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized