സി കേശവൻ

#ഓർമ്മ

സി കേശവൻ.

സി കേശവൻ്റെ (1891-1969) ചരമവാർഷികദിനമാണ്
ജൂലൈ 7 .

തിരുവിതാംകൂർ സ്വാതന്ത്യ സമരം നയിച്ച ത്രിമൂർത്തികളിൽ ഒരാളാണ് സി കേശവൻ. പട്ടം താണുപിള്ള, ടി എം വർഗീസ് എന്നിവരാണ് മറ്റ് രണ്ട് നേതാക്കൾ.

കൊല്ലം മയ്യനാട് ജനിച്ച കേശവൻ, കൊല്ലത്ത് അഭിഭാഷകനായിരുന്നു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ കേശവൻ, ഒന്നാന്തരം പ്രസംഗകൻ ,ഗായകൻ എന്ന നിലകളിൽ പ്രശസ്തനായി.
1935 മെയ് 13 ന് കോഴഞ്ചേരിയിൽ നടന്ന സ്റ്റേറ്റ് കോണ്ഗ്രസ് സമ്മേളനത്തിലെ പ്രസംഗത്തിൻ്റെ പേരിൽ കേശവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദിവാൻ സർ സി പി ജെയിലിലടച്ചു. ഉറ്റ സുഹൃത്ത് ടി എം വർഗീസ് പ്രതിക്കുവേണ്ടി ഹാജരായപ്പോൾ അതികായനായ മള്ളൂർ ഗോവിന്ദപിള്ളയാണ് സർക്കാരിന് വേണ്ടി വാദിച്ചത്. ശിക്ഷിക്കപ്പെട്ട കേശവൻ്റെ അപ്പീൽ വാദിച്ചത് പ്രഗത്ഭനായ ബാരിസ്റ്റർ ജോർജ് ജോസഫ് ആണ്. ശിക്ഷ വർധിപ്പിച്ചു എന്നതായിരുന്നു ഫലം.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ തിരുവിതാംകൂറിൽ ഒരു ചലനവും ഉണ്ടായില്ല. പക്ഷേ കേശവൻ്റെ ജെയിൽവാസം സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭം ആളിക്കത്താൻ കാരണമായി.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മന്ത്രിയായ സി കേശവൻ, 1950 മുതൽ 52 വരെ തിരുക്കൊച്ചി മുഖ്യമന്ത്രിയുമായി.
സി വി കുഞ്ഞിരാമൻ്റെ മകളുടെ ഭർത്താവ്, കെ ബാലകൃഷ്ണൻ്റെ അച്ഛൻ, സി കേശവൻ്റെ വിശേഷണങ്ങൾ ഏറെയാണ്.
ജീവിതസമരം എന്ന ആത്മകഥ മലയാളഭാഷക്കും ചരിത്രത്തിനും ഒരു മുതൽക്കൂട്ടാണ്.
മകൻ കെ ബാലകൃഷ്ണനാണ് ആമുഖം എഴുതിയത് എന്ന പ്രത്യേകത കൂടി പുസ്തകത്തിനുണ്ട്.
ആർ പ്രകാശം എഴുതിയ ജീവചരിത്രം സി കേശവൻ്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
തിരുവനന്തപുരത്തെ അനവധി പ്രതിമകളുടെ കൂടെ സി കേശവനും തലയുയർത്തി നിൽക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *