#ഓർമ്മ
പൊൻകുന്നം വർക്കി.
പൊൻകുന്നം വർക്കിയുടെ ( 1910-2004) ചരമവാർഷികദിനമാണ്
ജൂലൈ 2.
എടത്വയിൽ ജനിച്ച വർക്കി, മലയാളം വിദ്വാൻ പരീക്ഷ പാസായി കാഞ്ഞിരപ്പള്ളിയിൽ കത്തോലിക്കാ സഭയുടെ ഒരു സ്കൂളിൽ അധ്യാപകനായി. അതോടെ പൊൻകുന്നം വർക്കിയായി. 1942ൽ പാമ്പാടി സ്കൂളിൽ ജോലിക്ക് ചേർന്നെങ്കിലും താമസിയാതെ രാജിവെച്ച് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയായി. 6 മാസം തടവിലും കിടന്നു.
തിരുമുൽക്കാഴ്ച എന്ന കവിതാസമാഹാരമാണ് ആദ്യത്തെ സാഹിത്യ സംഭാവന. ക്രമേണ തൻ്റെ തട്ടകം ചെറുകഥയാണ് എന്ന് വർക്കി തിരിച്ചറിഞ്ഞു. കത്തോലിക്കാസഭയിലെ പുഴുക്കുത്തുകൾക്ക് എതിരെ തൻ്റെ കഥയിലൂടെ അദ്ദേഹം സമരം ചെയ്തു. തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിന് എതിരെ കഥകൾ എഴുതിയ വർക്കിയുടെ രണ്ട് കഥാസമാഹാരങ്ങൾ നിരോധിക്കപ്പെട്ടു. ശബ്ദിക്കുന്ന കലപ്പ എന്ന കഥ ഭാഷയിലെ എക്കാലത്തെയും മികച്ച കഥകളിൽ ഒന്നായി എണ്ണപ്പെടുന്നു. 24 കഥാസമാഹാരങ്ങൾ പ്രസിദ്ധം ചെയ്തിട്ടുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായിരുന്നു വർക്കി. സ്നേഹസീമ, ഭാര്യ, അൾത്താര, സ്കൂൾ മാസ്റ്റർ, തുടങ്ങിയ സിനിമകൾ ശ്രദ്ധേയമാണ്.
1944 ൽ കോട്ടയത്ത് നാഷണൽ ബുക്ക് സ്റ്റാൾ തുടങ്ങിയവരിൽ ഒരാളാണ് പൊൻകുന്നം വർക്കി. പിന്നീട് എൻ ബി എസ് എഴുത്തുകാരുടെ പ്രസാധകസംഘമായ എസ് പി സി എസിൻ്റെ ഭാഗമായപ്പോൾ വർക്കിയായിരുന്നു പ്രസിഡൻ്റ്. അവിടെ തൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഡി സി യെ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു വർക്കി ചരിത്രം സൃഷ്ടിച്ചു.
വള്ളത്തോൾ (1994), എഴുത്തച്ഛൻ (1997) തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ പൊൻകുന്നം വർക്കിയെ തേടിയെത്തി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized