#ഓർമ്മ
ഡി ഡി കൊസാമ്പി.
ഡി ഡി കൊസാമ്പിയുടെ ( 1907- 1966) ചരമവാർഷിക ദിനമാണ് ജൂൺ 29.
ഗോവയിൽ ജനിച്ച ദാമോദർ ദർമ്മാനന്ദ കൊസാമ്പി കേംബ്രിഡ്ജിൽ അധ്യാപകനായിരുന്ന അച്ഛൻ്റെ ഒപ്പം നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1924ൽ ഹാർവാർഡിൽ ചേർന്നെങ്കിലും അച്ഛനോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 1926ൽ തിരിച്ചുപോയി. 1929ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പരമോന്നത ബഹുമതിയായ സുമ്മ കം ലൗഡെ നേടിയാണ് പാസായത്. ഏറ്റവും സമർത്ഥരായ വിദ്യാർഥികൾക്ക് മാത്രം ലഭിക്കുന്ന ഫൈ ബീറ്റാ കാപ്പാ സൊസൈറ്റിയിൽ അംഗത്വവും ലഭിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തി ബനാറസ് ഹിന്ദു യൂണിവേഴസിറ്റിയിൽ ഗണിതശാസ്ത്ര പ്രൊഫസറായി. 1931ൽ അലിഗർ സർവകലാശാലയിലേക്ക് മാറി. 1932ൽ പൂനയിലെ ഫെർഗുസൻ കോളേജിൽ പ്രൊഫസറായി ചേർന്ന കൊസാമ്പി, 14 വര്ഷം അവിടെ തുടർന്നു. ഇക്കാലത്താണ് സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു തുടങ്ങിയത് . 1948ൽ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിൽ ഗണിതശാസ്ത്ര വിഭാഗം തലവനായി . 16 വര്ഷം അവിടെ തുടർന്നു. കടുത്ത മാർക്സിസ്റ്റ് ആയിമാറിയത് ഇക്കാലത്താണ്.
1956ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യാ ചരിത്രത്തിന് ഒരാമുഖം’ എന്ന കൃതി കൊസാമ്പിയെ രാജ്യത്തെ ഏറ്റവും മികച്ച ചരിത്രകാരൻമാരിൽ ഒരാൾ എന്ന സ്ഥാനത്ത് എത്തിച്ചു. ഇക്കാലത്ത് യുനെസ്കോ പണ്ഡിതൻ എന്ന നിലയിൽ പല വിദേശരാജ്യങ്ങളിലും പഠനപര്യടനങ്ങൾ നടത്തി.
1966ൽ സി എസ് ഐ ആറ് എമെരിറ്റസ് പ്രൊഫസറായി നിയമിതനായെങ്കിലും ഹൃദ്രോഗം ആ വിലപ്പെട്ട ജീവൻ അപഹരിച്ചു.
കൊസാമ്പിയെ വായിക്കാതെയുള്ള ഇന്ത്യാചരിത്ര പഠനം അപൂർണ്ണമാണ്.
– ജോയ് കള്ളിവയലിൽ.







