#ഓർമ്മ
എ. എസ്.
എ എസിൻ്റെ
(1936 – 1988) ഓർമ്മദിവസമാണ്
ജൂൺ 30.
എ. എസ്. നായർ എന്ന അത്തിപ്പറ്റ ശിവരാമൻ നായർ ജനിച്ചത് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത് കാറൽമണ്ണയിലാണ് . ചേർപ്പുളശ്ശേരി ഹൈസ്കൂളിൽ നിന്ന് എസ്. എസ്. എൽ. സി പാസായി.
പന്ത്രണ്ടു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.
എ എസ് പിന്നീട് എഴുതി:
“ചോരവാർന്ന് അസ്ഥികൂടത്തിൽ നിന്നും പ്രാണൻ പറന്നുപോയപ്പോൾ അതു മൂടിയിടാൻ ഒരു പഴന്തുണി പോലും എന്റെ വീട്ടിലുണ്ടായിരുന്നില്ല.”
കടുത്ത ദാരിദ്ര്യം മൂലം ഉപരിപഠനം ഉപേക്ഷിക്കേണ്ടി വന്നു.
അക്കാലത്താണ് തൃക്കടീരി മനയിലെ വാസുദേവൻ നമ്പൂതിരി ചിത്രകലാപഠനം കഴിഞ്ഞ് മദിരാശിയിൽ നിന്നും എത്തിയത്. നമ്പൂതിരി, ശിവരാമനെ മദിരാശി സ്കൂൾ ഓഫ് ആർട്സിൽ കെ സി എസ് പണിക്കരുടെ കീഴിൽ ചിത്രകല പഠിക്കാൻ പറഞ്ഞയച്ചത് എ.എസ്സിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
1961ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ, എം വി ദേവൻ രാജിവെച്ച ഒഴിവിൽ, നമ്പൂതിരിയോടൊപ്പം ചിത്രകാരനായി ജോലിക്ക് ചേർന്നു.
വി എസ് ഖണ്ഡേക്കറുടെ യയാതി, ഒ വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം, ഗുരുസാഗരം, പി പദ്‌മരാജന്‍റെ പെരുവഴിയമ്പലം, സി വി ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം, ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ അഗ്നിസാക്ഷി, എം മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ആശാപൂര്‍ണ്ണാദേവിയുടെ പ്രഥമ പ്രതിശ്രുതി, ശ്രീകൃഷ്ണ ആലനഹള്ളിയുടെ പാവത്താൻ, ഭുജംഗയ്യന്റെ ദശാവതാരങ്ങൾ, പി വത്സലയുടെ കൂമൻകൊല്ലി, മാടമ്പ് കുഞ്ഞുക്കുട്ടന്റെ ഭ്രഷ്ട്, തുടങ്ങിയ നോവലുകള്‍ക്ക് വരച്ച രേഖാചിത്രങ്ങള്‍ എ എസ് എന്ന ചിത്രകാരൻ്റെ പ്രതിഭ വെളിവാക്കുന്നവയാണ് .
ഒന്നാന്തരം കാർട്ടൂണിസ്റ്റു കൂടിയായിരുന്നു എ എസ്.
‘മാതൃഭൂമി’ ചീഫ് ആർട്ടിസ്റ്റായിരിക്കെ 1988 ജൂൺ 30ന്, അൻപത്തിരണ്ടാം വയസ്സിൽ അപ്രതീക്ഷിതമായി അന്തരിക്കുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized