#ഓർമ്മ
ദാദാഭായ് നവ്റോജി.
ദാദാഭായ് നവ്റോജിയുടെ (1825-1917)
ചരമവാർഷികദിനമാണ്
ജൂൺ 30.
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നാണ് ബ്രിട്ടിഷ് പാർലിമെൻ്റിൽ അംഗമായ ആദ്യത്തെ ഈ ഇന്ത്യാക്കാരൻ അറിയപ്പെട്ടിരുന്നത്.
ബഹുമുഖ പ്രതിഭയായിരുന്നു നവ്റോജി. സ്വാതന്ത്യസമര നേതാവ്, അധ്യാപകൻ, പത്രാധിപർ, ഭരണാധികാരി, ബിസിനസുകാരൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, പാർലമെൻ്ററിയൻ, എന്നുവേണ്ട ദാദാഭായി തിളങ്ങാത്ത മേഖലകളില്ല.
ഗുജറാത്തിലെ നവസാരിയിൽ ഒരു പാർസി കുടുംബത്തിൽ ജനിച്ച ഈ മഹാൻ ബോംബെ എൽഫിൻസ്റ്റൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം 1855ൽ അവിടെത്തന്നെ ഗണിതശാസ്ത്ര പ്രൊഫസറായി.
1874 മുതൽ ബറോഡ രാജ്യത്തിൻ്റെ ദിവാനായി.
കാമ ആൻഡ് കമ്പനിയുടെ പങ്കാളിയായി ലണ്ടനിലേക്ക് പോയ ദാദാഭായ് 1859ൽ ദാദാഭായ് ആൻഡ് കോ എന്ന സ്വന്തം കമ്പനി സ്ഥാപിച്ച് കോട്ടൺ കച്ചവടം തുടർന്നു.
1865ൽ ലണ്ടൻ ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടർന്നു.
അദ്ദേഹം എഴുതിയ Poverty and UnBritsh Rule in India എന്ന പുസ്തകത്തിലൂടെ ബ്രിട്ടൺ എങ്ങനെയാണ് ഇന്ത്യയുടെ സ്വത്ത് കവർന്നെടുത്ത് ഇന്ത്യയെ ദരിദ്രരാജ്യമാക്കി മാറ്റിയത് എന്ന് തുറന്നുകാട്ടി.
റസ്ത് ഗോഫ്താർ ( സത്യനാദം) എന്ന ഗുജറാത്തി മാസികയും വോയ്സ് ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രവും അദ്ദേഹം നടത്തിയത് സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യക്കാരുടെ ശബ്ദം ഉയർത്താനാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സഹസ്ഥാപകനായ ദാദാഭായ് 1886നും 1907നുമിടക്ക് രണ്ടാമത്തെയും, ഒൻപതാമത്തെയും ഇരുപത്തി രണ്ടാമത്തെയും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ് പാർലിമെൻ്റിൽ എം പി യായ ( 1892-95) ആദ്യത്തെ ഇന്ത്യക്കാരനാണ്.
ബോംബെയിലും ലണ്ടനിലും കറാച്ചിയിലും ദാദാഭായ് റോഡുകൾ ഈ മഹാൻ്റെ സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized