#ഓർമ്മ
പി വി നരസിംഹറാവു.
ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രിയായിരുന്ന (1991-96) പി വി നരസിംഹറാവുവിൻ്റെ ( 1921- 2004) ജന്മവാർഷിക ദിനമാണ്
ജൂൺ 28.
ലൈസൻസ് പെർമിറ്റ് ക്വോട്ട രാജിലും സോഷ്യലിസത്തിൻ്റെ കപടമുദ്രാവാക്യങ്ങളിലും കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോളവൽക്കരണ, ഉദാരവൽക്കരണ
നയങ്ങളിലൂടെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച നേതാവാണ് പി വി.
ധനകാര്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വലംകൈയ്യായി പ്രവർത്തിച്ചത് രാഷ്ട്രീയക്കാരനല്ലാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ മൻമോഹൻസിംഗ് ആണ്.
ആന്ധ്രയിൽ 1957 മുതൽ എം എല് എയും മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന റാവു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം തുടങ്ങിയ അതിപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.
ആന്ധ്രയിൽ ജനിച്ച പമുലപർത്തി വെങ്കട നരസിംഹറാവു പൂനയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവുമായിട്ടാണ് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയത് .
രാഷ്ട്രീയനേതാക്കളിൽ പാണ്ഡിത്യത്തിൽ റാവുവിനെ വെല്ലാൻ അധികമാരുമില്ല. സംസ്കൃതത്തിലും തെലുഗുവിലും മറാത്തിയിലും അഗാധപാണ്ഡിത്യം. ഹിന്ദി, ഒറിയ, ബംഗാളി, തമിഴ്, കന്നട, ഉർദു, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബി, ജർമൻ, പേർഷ്യൻ ഉൾപ്പെടെ 17 ഭാഷകൾ സംസാരിക്കാൻ റാവുവിന് അറിയാമായിരുന്നു.
ചാണക്യനായിരുന്ന റാവുവിൻ്റെ ഒരു തീരുമാനം അദ്ദേഹത്തെ ചരിത്രത്തിൽ വെറുക്കപ്പെടുന്ന കഥാപാത്രമാക്കി മാറ്റി.
ബാബ്റി മസ്ജിദ് തകർക്കാൻ ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് ആളുകൾ അയോധ്യയിൽ തടിച്ചുകൂടുന്നു എന്ന ഇൻ്റെലിജൻസ് റിപ്പോർട്ടുകൾ കിട്ടിയിട്ടും റാവു കണ്ടില്ലെന്നു നടിച്ചു.
സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് മസ്ജിദ് പൊളിച്ചുതുടങ്ങി എന്ന് റിപ്പോർട്ടുകൾ വന്നുതുടങ്ങിയപ്പോൾ പ്രധാനമന്ത്രി പൂജാമുറിയിൽ കയറി കതകടച്ചു. പൂർണമായും നിലംപൊത്തി എന്ന് ഉറപ്പായപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞ് കതക് തുറന്നു. റാവു തുറന്നുവിട്ട ഭൂതം സംഘ പരിവാറിൻ്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയെ അധികാരത്തിൽ എത്തിച്ചു .
തൻ്റെ ചെയ്തികളെ ക്കുറിച്ച് റാവു പറഞ്ഞത്: “ഞാൻ ഒരു തീരുമാനം എടുക്കാതെയിരിക്കുമ്പോൾ അതേക്കുറിച്ച് ചിന്തിക്കാത്തത് കൊണ്ടല്ല, മറിച്ച് ഒരു തീരുമാനം ഏറ്റിക്കേണ്ടതില്ല എന്ന തീരുമാനിച്ചത് കൊണ്ടാണ്”.
രാഷ്ട്രീയം വിട്ടു നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്ന റാവുവിനെ രാജീവ്ഗാന്ധിയുടെ വധമാണ് പ്രധാനമന്ത്രിക്കസേരയിൽ എത്തിച്ചത്. ഗാന്ധി കുടുംബത്തിൻ്റെ പ്രാധാന്യം ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ റാവുവിനെ സോണിയ ഗാന്ധിക്കും കോൺഗ്രസിനും പിന്നീട് അനഭിമതനാക്കി.
റാവുവിൻെറ ജന്മശതാബ്ദി അവർ അറിഞ്ഞമട്ട് നടിച്ചില്ല.
ഹീറോയായും വില്ലനായും നരസിംഹറാവു ചരിത്രത്തിൽ ഓർമിക്കപ്പെടുക തന്നെ ചെയ്യും.
The Insider എന്ന നോവൽ ആത്മകഥയുടെ അംശങ്ങൾ ഉൾക്കൊള്ളുന്നു എന്നു കരുതപ്പെടുന്നു. അതിലെ സ്ത്രീകഥാപാത്രം ലക്ഷ്മികാന്തമ്മ എന്ന നേതാവാണ് എന്നാണ് വിശ്വാസം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized