#ഓർമ്മ
ഫീൽഡ് മാർഷൽ മനേക് ഷാ.
ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ സാം മനേക് ഷായുടെ (1914-2008) ചരമവാർഷികദിനമാണ്
ജൂൺ 27.
ബ്രിട്ടീഷ് റോയൽ ഇന്ത്യൻ ആർമിയിൽ ഓഫീസറായി ചേർന്ന മനേക് ഷാ, രണ്ടാം ലോകമഹായുദ്ധത്തിൽ തൻ്റെ പോരാട്ടവീര്യത്തിന് അത്യുന്നത ബഹുമതിയായ മിലിട്ടറി ക്രോസ്സ് നേടിയ സൈനികനാണ്.
സ്വതന്ത്ര്യത്തിനുശേഷം ഗൂർഖാ റൈഫിൾസ് അംഗമായ അദ്ദേഹം, പടിപടിയായി ഉയർന്നു മേജർ ജനറൽ ആയി. സൈനികമേധാവികളുടെ ചില ചെയ്തികളെ വിമർശിച്ചതിന് വിചാരണ നേരിടേണ്ടി വന്നു. വിറമ്മിക്കേണ്ടി വരും എന്ന് കരുതിയിരിക്കുമ്പോൾ 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിലുണ്ടായ വൻ തിരിച്ചടികൾ സർക്കാരിനെ അദ്ദേഹത്തെ അതിർത്തിയിൽ നിയോഗിക്കാൻ നിർബന്ധിതമാക്കി. പിന്നീട് പശ്ചിമ, കിഴക്കൻ ആർമി കമാണ്ടുകളുടെ മേധാവിയായ മനേക് ഷാ, 1971 ലെ ഇന്ത്യ – പാകിസ്താൻ യുദ്ധത്തിൽ കരസേനാ മേധാവി എന്ന നിലയിൽ രാജ്യത്തിന് അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്തു. രാജ്യം അദ്ദേഹത്തെ പ്രഥമ ഫീൽഡ് മാർഷലാക്കി ആദരിച്ചു. ഒരു ഫീൽഡ് മാർഷൽ മരണം വരെ സേനയുടെ അംഗമായിരിക്കും. ഔദ്യോഗികമായി വിരമിച്ചശേഷം ഊട്ടിയിലായിരുന്നു വിശ്രമജീവിതം.
പത്മഭൂഷൺ, പത്മവിഭൂഷണ ബഹുമതികളും സാം ബഹാദൂർ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന ഈ യുദ്ധവീരനെ തേടിയെത്തി.
– ജോയ് കള്ളിവയലിൽ.





