#ഓർമ്മ
#കേരളചരിത്രം
ഉദയംപേരൂർ സൂനഹദോസ്.
ഉദയംപേരൂർ സൂനഹദോസ് സമാപിച്ച ദിവസമാണ്
1599 ജൂൺ 26.
കേരളത്തിലെ മാർതോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ കൂനൻ കുരിശ് സത്യത്തിൻ്റെ തുടക്കം ഉദയംപേരൂർ സൂനഹദോസ് ആണെന്നാണ് വിശ്വാസം.
പക്ഷെ സൂനഹദോസ് കഴിഞ്ഞ് രണ്ടു തലമുറകൾ ( അര നൂറ്റാണ്ട്) കഴിഞ്ഞുണ്ടായ പിളർപ്പ് പോർച്ചുഗീസുകാർ അധികാരം ഉപയോഗിച്ച് തദ്ദേശീയരായ വിശ്വാസികളെ തങ്ങളുടെ കീഴിൽ കൊണ്ടുവരാൻ നടത്തിയ ഉദ്യമങ്ങളാണ് എന്ന് കാണാം.
നാല് നൂറ്റാണ്ടുകൾ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ സൂനഹദോസിൽ ഉണ്ടായ മിക്ക തീരുമാനങ്ങളും ( കാനോനകൾ) ഇന്നത്തെ നിലയിൽ അങ്ങേയറ്റം പുരോഗമനകരമായിരുന്നു എന്ന് കാണാം.
നാട്ടുകാരുടെ ഇടയിൽ ഉയർന്ന കടുത്ത എതിർപ്പ് മൂലം കാനോനകൾ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയില്ല എന്ന് വേണം കരുതാൻ.
സൂനഹദോസ് നടത്തിയ ഗോവ മെത്രാപ്പോലീത്ത അലക്സിസ് മേനസിസിൻ്റെ സഹായിയായ , നന്നായി മലയാളം കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരുന്ന, ഫ്രാൻസിസ് റോസ് എന്ന പുരോഹിതനാണ് ( പിൽക്കാലത്ത് മെത്രാനായി) മലയാളപരിഭാഷ തയാറാക്കിയത്.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കെ എൻ ഡാനിയൽ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയാണ് നമുക്ക് ആദ്യം കിട്ടിയത്. പിൽക്കാലത്ത് ട്യൂബിംഗ്ടൻ സർവകലാശാലയിലെ ഒറിജിനൽ രേഖകൾ പരിശോധിച്ച് സ്കറിയ സക്കറിയ തയാറാക്കിയ ആധുനിക മലയാളത്തിലുള്ള പരിഭാഷയും വന്നു.
കേരളസഭാ ചരിത്രത്തിൽ ഇത്രയേറെ പഠനവിഷയമായ ചരിത്രസംഭവം വേറെയില്ല.
കേരളത്തിൽ തന്നെ മലങ്കര സഭയും സുറിയാനി കത്തോലിക്കാ സഭയും ലത്തീൻ സഭയും വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നാണ് സൂനഹദോസിനെ നോക്കിക്കാണുന്നത്.
മലയാള ശൂദ്രരായ നായന്മാരുടെ ആചാരമര്യാദകൾ അപ്പാടെ സ്വീകരിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികളെ പാശ്ചാത്യ രീതികളിലേക്ക് മാറ്റാൻ അധികാരത്തിൻ്റെ മുഷ്ക്ക് ഉപയോഗിച്ചു എന്നതാണ് മെനസിസ് ചെയ്ത തെറ്റ് .
സഭയുടെ ആസ്ഥാനമായ അങ്കമാലിക്കു പകരം പോർച്ചുഗീസുകാർക്ക് നിർണ്ണായക സ്വാധീനമുള്ള, കൊച്ചി രാജാവിൻ്റെ കീഴിലുള്ള ഉദയംപേരൂർ എന്ന കൊച്ചു പളളിയിൽ വെച്ച് സൂനഹദോസ് നടത്താൻ തീരുമാനിച്ചു എന്നതുതന്നെ തദ്ദേശീയരുടെ ശക്തമായ എതിർപ്പ് ഉണ്ടാകും എന്ന് മേനേസിസിന് അറിയാമായിരുന്നു എന്നതിൻ്റെ തെളിവാണ്.
ഉദയംപേരൂർ സൂനഹദോസ് ഉണ്ടാക്കിയ മുറിവുകൾ നാലു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കരിയാതെ നിൽക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.
– ജോയ് കള്ളിവയലിൽ.
Posted inUncategorized