ലഹരി ദിനം

#ഓർമ്മ

ലഹരി വിരുദ്ധ ദിനം.

ജൂൺ 26 ലഹരി വിരുദ്ധ ദിനമാണ്.

എന്റെ തലമുറയിൽ മദ്യവും പുകവലിയുമായിരുന്നു യുവാക്കളുടെ ലഹരി. ഇന്ന് അത് മയക്കുമരുന്നാണ്.
ദിനംപ്രതിയെന്നോണം പിടികൂടുന്ന കോടിക്കണക്കിന് രൂപയുടെ വിവിധതരത്തിലും രൂപത്തിലുമുള്ള ലഹരിപദാർത്ഥങ്ങൾ വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ്. കേരളത്തിലെത്തുന്ന മയക്കുമരുന്നിന്റെ ചെറിയ ഒരു അംശം മാത്രമാണ് പിടിക്കപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാം.
ഏറ്റവും ആപൽക്കരമായ വസ്തുത ധാരാളം യുവതികളും ഇന്ന് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നു എന്നതാണ്. ലഹരികച്ചവടക്കാരിൽ ഭൂരിപക്ഷവും 25 വയസിനു താഴെയുള്ളവരാണ് എന്നത് ഭീതിപ്പെടുത്തുന്ന കണക്കാണ്.
ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ വ്യാപരിക്കുന്നു എന്ന ദുഃഖസത്യത്തിന് അധികാരികളുടെയും ജനങ്ങളുടെയും കണ്ണുതുറപ്പിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.
മാനസികരോഗം പോലെതന്നെ വസ്തുതകൾ മൂടിവെക്കുന്നതാണ് തങ്ങളുടെ കുട്ടികളുടെ ഭാവിക്ക് നല്ലത് എന്ന ഒരു മിഥ്യാധാരണ കുറേപ്പേർക്കെങ്കിലും ഉണ്ട്.
പഞ്ചാബിന്റെ അനുഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണം.
ഇത് സർക്കാരിന്റെയും ലഹരിക്ക് അടിമകളായവരുടെയും മാത്രം പ്രശ്നമാണ് എന്ന ചിന്ത വെടിഞ്ഞ് ലഹരിക്കെതിരെ പോരാടാൻ ഈ ദിവസത്തിൽ പ്രതിജ്ഞയെടുക്കാം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *