#ഓർമ്മ
#books
വിശ്വനാഥ് പ്രതാപ് സിംഗ്.
1989 മുതൽ 1990 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി പി സിംഗിൻ്റെ (1931-2008) ജന്മവാർഷികദിനമാണ്
ജൂൺ 25.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക വഴി, ഇന്ത്യയിലെ പിന്നോക്ക സമുദായങ്ങൾക്ക് അധികാരത്തിലുള്ള പങ്ക് ഉറപ്പുവരുത്തിയ സിംഗ്, അതുവഴി രാജ്യത്തിൻ്റെ ചരിത്രംതന്നെ മാറ്റിയെഴുതി. മണ്ഡലും കമണ്ഡലവും തമ്മിലുള്ള ഏറ്റുമുട്ടലാണു ബ്രാഹ്മണ മേധാവിത്വമുള്ള സംഘപരിവാറിന് എൽ കെ അദ്വാനിയെ മുൻനിർത്തി ബാബ്റി മസ്ജിദ് പ്രസ്ഥാനം രൂപംകൊടുക്കാൻ പ്രേരകമായത്. കേന്ദ്രമന്ത്രിസഭയെ താഴെയിറക്കുക മാത്രമല്ല, ബാബ്റി മസ്ജിദ് തകർത്ത് ഹിന്ദു വർഗീയത ആളിക്കത്തിച്ച്, അവർ അധികാരത്തിൽ എത്തുകകൂടി ചെയ്തു എന്നതാണ് ചരിത്രത്തിൻ്റെ ഒരു വിഗതി.
എങ്കിലും നരേന്ദ്ര മോദി എന്ന പിന്നോക്ക സമുദായക്കാരനെ പ്രധാനമന്ത്രിപദത്തിൽ എത്തിക്കാൻ സംഘപരിവാർ തയാറായത് വി പി സിംഗ് അഴിച്ചുവിട്ട മണ്ഡൽ കൊടുങ്കാറ്റ് മൂലമാണ്.
ഉത്തർപ്രദേശിൽ കോൺഗ്രസ് എം എൽ എ യും, എം പിയുമായിരുന്ന വി പി സിംഗ്, 1980 മുതൽ 1982 വരെ യു പി മുഖ്യമന്ത്രിയുമായി.
ചമ്പൽ കൊള്ളക്കാരെ അമർച്ച ചെയ്യാനുള്ള ശ്രമത്തിൽ സ്വന്തം സഹോദരൻ്റെ ജീവൻ വരെ ബലി കൊടുക്കേണ്ടിവന്നു. കേന്ദ്രമന്ത്രിസഭയിൽ വാണിജ്യം, വിദേശകാര്യം, ധനകാര്യം, പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത സിംഗിന്, ബോഫോഴ്സ് അഴിമതി തുറന്നുകാട്ടിയതിന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. എന്നാൽ പിന്നീട് ജനതാ ദൾ എന്ന പാർട്ടിയുടെ നേതാവായി പ്രധാനമന്ത്രി പദത്തിലെത്താൻ ഈ ആദർശശാലിക്ക് കഴിഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ മൂലം 2006ൽ വി പി സിംഗ് സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.
മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം വി പി സിംഗ് രാജ്യത്ത് സ്രഷ്‌ടിച്ച വിപ്ലവം ജനശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിക്കുന്ന ജീവചരിത്രമാണ് ആശിഷ് സിംഗ് എഴുതിയ The Disruptor.
– ജോയ് കള്ളിവയലിൽ.

