ശൂരനാട് കുഞ്ഞൻപിള്ള

#ഓർമ്മ

ഡോ. ശൂരനാട്ടു കുഞ്ഞന്‍ പിള്ള.

പ്രശസ്ത ചരിത്രകാരൻ ശൂരനാട് കുഞ്ഞൻ പിള്ളയുടെ ( 1911- 1995 )
ജന്മവാർഷിക ദിനമാണ്
ജൂൺ 24.

പ്രശസ്തനായ നൂറോ സർജനും എഴുത്തുകാരനുമായ മകൻ ഡോക്ടർ കെ രാജശേഖരൻ നായർ ( KR Nair )എഴുതിയ
ഓർമ്മക്കുറിപ്പ്.

“ശൂരനാടെന്ന എന്ന ഒരു ചെറിയ ഗ്രാമത്തിലെ ഒരു കാര്‍ഷികകുടുംബത്തിലെ വിജ്ഞരായ ദമ്പതികള്‍ക്ക് പിറന്ന ആറു ആണ്‍ സന്താനങ്ങളില്‍ മൂന്നാമത്തേത്. സൗകര്യങ്ങള്‍ കുറവായിരുന്ന അന്നത്തെ കാലത്ത് സ്കൂള്‍ പഠനകാലത്തു തന്നെ സംസ്കൃതം സ്വയം പഠിച്ചെടുത്ത് വൈദുഷ്യം സമ്പാദിച്ച ശേഷമാണ് ഡോക്ടർ ഗോദവര്‍മ്മ തുടങ്ങിയ വമ്പന്മാരുടെ മുന്നില്‍ സംസ്കൃതം രണ്ടാംഭാഷയായി പഠിക്കാന്‍ ചോദിച്ചു നേടിയത്.

പിന്നെ ബിരുദങ്ങള്‍ നേടിയത് എം. ഏ, ആദ്യം ഇംഗ്ലീഷില്‍ പിന്നെ സംസ്കൃതത്തില്‍, അവസാനം മലയാളത്തില്‍. മൂന്നിലും അതിസ്തുത്യര്‍ഹമായ വിജയം. കൂടാതെ വേറെ എത്രയോ ഭാഷകളില്‍ അഗാധമായ അവഗാഹം.

അദ്ധ്യാപകനായിട്ടായിരുന്നു തുടക്കം, ആദ്യം സ്കൂളില്‍, പിന്നെ സയന്‍സ് കോളേജില്‍ സംസ്കൃത – മലയാളം അദ്ധ്യാപകന്‍. അധ്യാപനം മാറിയത് ശ്രീ. ഉള്ളൂരിന്‍റെ നിര്‍ദ്ദേശാനുസരണം പുരാതന ചുരുളുകളുടെ പഠനങ്ങളിലും, പിന്നെ തിരുവിതാംകൂര്‍ ചരിത്ര പഠനങ്ങളിലേക്കും. കിട്ടിയ ഖ്യാതി അനുപമമായിരുന്നു. സ്റ്റേറ്റ് മാന്വല്‍ ജോലി കഴിഞ്ഞ് പിന്നെ ചെന്നുപെട്ടത് സെക്രട്ടേറിയറ്റില്‍ ഭരണാധികാരിയായി. എന്നാലും കേരളത്തിലെ എത്രയോ തലമുറകളുടെ ഗുരുനാഥനായി, മലയാള സാഹിത്യത്തിലെ കുലപതിയായി!

അവിടെനിന്നാണ് സ്വന്തം തട്ടകത്തിലേക്കു പോകുന്നത്. ലെക്സിക്കോഗ്രാഫി. അവിടെ Pre Suranad, Post Suranad എന്നൊരു വേര്‍തിരിവു വരെ ഉണ്ടാക്കി.

ഒന്നിനോടും വലിയ ആസക്തി കാണിക്കാത്ത അദ്ദേഹത്തിനു സാഹിത്യനിപുണന്‍ മുതല്‍, പത്മശ്രീയും വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി എത്രയോ ബഹുമതികളാണ് കിട്ടിയത്. രണ്ടു യൂണിവേഴ്സിറ്റികളില്‍ നിന്നു ഡി.ലിറ്റ്. അവയൊക്കെ അദ്ദേഹത്തിന്‍റെ വിനയത്തിന്‍റെ മാറ്റു കൂട്ടിയതേ ഉള്ളൂ.

മരണം: സകലബഹുമതികളോടും പതിനായിരക്കണക്കിനു ആരാധകരുടെ അഭിവാദനങ്ങളും വാങ്ങി- 1995 മാര്‍ച്ച് 8 ന്. ഒരു മലയാള വൈജ്ഞാനികസാഹിത്യകാരന് പൊതുജനങ്ങളില്‍ നിന്നു ഇങ്ങനെയൊരു ആദരോപഹാരം മുമ്പോ, അതിനു ശേഷമോ കിട്ടിയ ചരിത്രമില്ല.

എത്രയോ രാഷ്ട്രീയക്കാര്‍ എത്രയോ തവണ എവിടെയൊക്കയോ പറഞ്ഞിരുന്നു അദ്ദേഹത്തിനു സ്മാരകം ഉണ്ടാക്കാന്‍ പോകുന്നെന്ന്, വാര്‍ഷിക അനുസ്മരണയോഗങ്ങള്‍ / പഠനക്ലാസ്സുകള്‍ / സ്മാരകപ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന്. ഒന്നും കണ്ടില്ല ഇതുവരെ.

എന്‍റെ സുഹൃത്ത് ഒരു കവി എഴുതിയതു മാതിരി ഈ പറച്ചിലൊക്കെ വായുവില്‍ അപ്പൊഴേ അലിഞ്ഞുപോകും, ഈ ബഹുമതി പത്രങ്ങളൊക്കെ ചിതല്‍ തിന്നു പോകും, ലോഹഫലകങ്ങള്‍ ക്ലാവു കയറി മങ്ങും, പക്ഷെ അദ്ദേഹത്തിന്‍റെ ലെക്സിക്കണ്‍ യത്നം മതി മലയാളമുള്ളിടത്തോളം കാലം ആ പുണ്യപുരുഷനെ ഓര്‍ക്കാന്‍”.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *