#ചരിത്രം
ഒരു കോട്ടൺ സാരിയുടെ കഥ.
ലോകപ്രശസ്തരായ സിനിമാതാരങ്ങൾ, ഗായകർ, കായികതാരങ്ങൾ തുടങ്ങിയവർ ധരിക്കുന്ന വസ്ത്രങ്ങൾ വലിയ ബ്രാൻഡുകളായി മാറുന്ന കാഴ്ച നാം സാധാരണ കാണുന്നതാണ്. പ്രമുഖ വസ്ത്ര ഡിസൈനർമാർ അവർക്കായി പ്രത്യേകം വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് അവതരിപ്പിക്കുന്നു. പിന്നീട് അത്തരം വസ്ത്രങ്ങൾ വിപണിയിൽ വൻതോതിൽ വിൽക്കപ്പെടുന്നു. എന്തു വില കൊടുത്തും ആരാധകര് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ മാതിരി വസ്ത്രം ധരിക്കാൻ മത്സരിക്കുന്നു.
പക്ഷേ ദരിദ്രരിൽ ദരിദ്രയായി, സാധാരണക്കാരുടെ ഇടയിൽ ജീവിച്ച, അശരണരുടെ അത്താണിയായി, ലോകം മുഴുവൻ വിശുദ്ധയായി ആചരിച്ച, ഒരു സന്യാസിനി ധരിച്ച ഒരു സാധാരണ കോട്ടൺ സാരി ലോകം മുഴുവൻ തിരിച്ചറിയുന്ന ബ്രാൻഡ് ആയി മാറിയ ചരിത്രമാണ് മദർ തെരേസ എന്ന പുണ്യവതിയുടെ ജീവിതകഥ.
കൽക്കത്തയിൽ തോട്ടികളും കൂലിപ്പണിക്കാരുമായ സ്ത്രീകളുടെ വേഷമായിരുന്നു നീലക്കരയുള്ള പരുക്കൻ വെള്ളസാരി. സഭാ വസ്ത്രം ഉപേക്ഷിച്ച് മദർ തെരഞ്ഞെടുത്തത് ആ വേഷമായിരുന്നു .
അതോടെ
നീലക്കരയൻ വെള്ളസാരി വിശുദ്ധിയുടെ പ്രതീകമായി മാറി.
മദർ തെരേസയെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ ഒരു പവിത്രത കൂടി ഈ വേഷത്തിലുണ്ടായിരുന്നു.
വെള്ള വസ്ത്രം പരിശുദ്ധിയേയും സമാധാനത്തേയും, കരകളുടെ നീലനിറം ക്രിസ്തുവിന്റെ അമ്മയായ മറിയത്തേയും പ്രതിധാനം ചെയ്യുന്നു. അതോടൊപ്പം ധരിക്കുന്ന ക്രൂശിതരൂപം ക്രിസ്തുവിന്റെ കുരിശുമരണത്തേയും ഉയിർത്തെഴുന്നേൽപ്പിനെയും കുറിക്കുന്നു.
മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹത്തിൻ്റെ സഭാവസ്ത്രമായി അവർ നിശ്ചയിച്ചതും അതേ നീലക്കരയൻ വെള്ള കോട്ടൺ സാരി തന്നെയാണ്. അതോടെ അത് ലോകം മുഴുവൻ തിരിച്ചറിയുന്ന ബ്രാൻഡായി മാറി.
നീലക്കരയുള്ള സാരി ധരിച്ച മുഖമില്ലാത്ത സ്ത്രീയായി, എം എഫ് ഹുസൈൻ വരച്ച മദറിൻ്റെ ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്.
– ജോയ് കള്ളിവയലിൽ.



