#ഓർമ്മ
എം എ ജോൺ.
എം എ ജോണിന്റെ (1936-2011) ജന്മവാർഷികദിനമാണ്
ജൂൺ 23.
കേരള രാഷ്ട്രീയത്തിലെ ഒരു ദുഃഖകഥാപത്രമാണ് കെ എസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഈ സ്ഥാപകനേതാവ്.
1957ൽ തന്റെ നാടായ കുറവിലങ്ങാട്ട് സ്വന്തം ചിലവിൽ ജോൺ സംഘടിപ്പിച്ച കെ എസ് യു ക്യാമ്പ് ആണ് കേരളത്തിൽ കെ എസ് യു എന്ന പ്രസ്ഥാനം വളർന്നു പന്തലിക്കാൻ ഇടയായത്. 100 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 63 കൊല്ലം മുൻപ് ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ള നേതാക്കളെ കുറവിലങ്ങാട് എന്ന കൊച്ചുഗ്രാമത്തിൽ എത്തിച്ചു എന്ന് പറയുമ്പോൾ എം എ ജോൺ എന്ന നേതാവിന്റെ സംഘാടകമികവ് വ്യക്തമാവും.
1961ൽ യൂത്ത് കോൺഗ്രസിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. കോൺഗ്രസിനുള്ളിൽ റാഡിക്കൽ ഫോറം സംഘടിപ്പിച്ച ജോൺ, 1964ൽ യൂത്ത് കൊണ്ഗ്രസ്സ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ പുനസംഘടിപ്പിച്ചപ്പോൾ ദേശീയ നേതൃത്വത്തിലെത്തി.
എൻ ഡി തിവാരി കൺവീനറായ കേന്ദ്രസമിതിയിൽ മോഹൻ ധാരിയ, എം എ ജോൺ, നന്ദിനി സത്പതി എന്നിവരായിരുന്നു അംഗങ്ങൾ.
തിവാരി യു പി മുഖ്യമന്ത്രിയായി. ധാരിയ കേന്ദ്രമന്ത്രിയായി. സത്പതി ഒറീസാ മുഖ്യമന്ത്രിയായി. ജോൺ മാത്രം അധികാരമോഹികളായ സഹപ്രവർത്തകരുടെ വഞ്ചനമൂലം രക്തസാക്ഷിയായി. 1968ൽ കെ പി സി സി ജനറൽ സെക്രട്ടറിയാകാനുള്ള വാഗ്ദാനം നിരസിച്ച് കെ പി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ടി ഒ ബാവക്ക് എതിരെ മത്സരിച്ചതാണ് ജോണിന്റെ ശത്രുക്കൾക്ക് പിന്നീട് ജോണിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യാനും പുറത്താക്കാനും അവസരം നൽകിയത്.
ആ സ്ഥാനത്ത് സെക്രട്ടറിയായ എ കെ ആൻ്റണി പിന്നീട് മുഖ്യുന്ത്രിയും കേന്ദ്രമന്ത്രിയുമായി.
ജോണിന്റെ ശിഷ്യന്മാർ മിക്കവരും മന്ത്രിപദമുൾപ്പടെയുള്ള അധികാരക്കസേരകളിൽ ദീർഘനാൾ സസുഖം വാണു എന്നതാണ് ചരിത്രത്തിന്റെ ഒരു തമാശ.
ജോൺ നേതൃത്വം നൽകിയ കൊണ്ഗ്രസ്സ് പരിവർത്തനവാദികൾ 1975ലെ അടിയന്തിരാവസ്ഥ യോടെ ശിഥിലാമായെങ്കിലും ആദർശശാലികളായ ഒരുകൂട്ടം യുവാക്കൾ കേരളീയ സമൂഹത്തിനു മുതൽക്കൂട്ടായി മാറി എന്നതാണ് പിൽക്കാലചരിത്രം.
ഒരുകാലത്തും കോൺഗ്രസുകാരനായിട്ടില്ലാത്ത എനിക്ക് എം എ ജോൺ ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവാണ്. അതിലേറെ പ്രിയപ്പെട്ട അമ്മാവനും . ജോണും എന്റെ അച്ഛൻ എബ്രഹാം കള്ളിവയലിലും സഹോദരീ സഹോദരപുത്രന്മാരാണ്.
അപ്പന്റെ പ്രിയപ്പെട്ട മാന്നുള്ളിൽ ജോണിച്ചനുമായുമായി അവസാനകാലത്ത് നടത്തിയിരുന്ന സംഭാഷണങ്ങൾ കേരളരാഷ്ട്രീയത്തെയും സമൂഹത്തെയും ആഴത്തിൽ പഠിച്ച ആ ധിക്ഷണയെ അടുത്തറിയാൻ എന്നെ സഹായിച്ചു.
ജോൺ എന്ന വായനക്കാരനെ ചെറുപ്പത്തിൽതന്നെ എനിക്ക് സുപരിചിതമായിരുന്നു.
എം എ ജോൺ ഇന്നും ഓർക്കപ്പെടുന്നു എന്നുള്ളത് മതി ആ മഹാന്റെ നന്മ ബോധ്യപ്പെടാൻ.
– ജോയ് കള്ളിവയലിൽ.




