വിലാസിനി

#ഓർമ്മ

വിലാസിനി.

വിലാസിനിയുടെ (1928-1995) ജന്മവാർഷികദിനമാണ്
ജൂൺ 23.

വടക്കാഞ്ചേരിക്കടുത്തു കരുമത്രയിൽ ജനിച്ച മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് 1947ൽ കരസ്ഥമാക്കിയ ഗണിതശാസ്ത്രബിരുദവുമായി 1953ൽ സിംഗപ്പൂരിലേക്ക് കപ്പൽ കയറി.
വിവിധ പത്രമാസികകളിൽ എഡിറ്ററായി ജോലിചെയ്തശേഷം 1977ലാണ് കേരളത്തിൽ തിരിച്ചെത്തിയത്.
1965ൽ പ്രസിദ്ധീകരിച്ച “നിറമുള്ള നിഴലുകൾ” എന്ന നോവൽ വിലാസിനിയെ മലയാളത്തിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ നിരയിൽ പ്രതിഷ്ഠിച്ചു. നോവലിന് 1966ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തുടർന്ന്, ഊഞ്ഞാൽ, ചുണ്ടെലി, തുടക്കം, ഇണങ്ങാത്ത കണ്ണികൾ, തുടങ്ങിയ നോവലുകളെല്ലാം മലയാളികൾ ആവേശപൂർവ്വം സ്വീകരിച്ചു.
4 വാല്യങ്ങളിലായി 3958 പേജുകളുള്ള “അവകാശികൾ” ആണ് വിലാസിനിയുടെ മാഗ്നം ഓപ്പസ്. ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട ഏറ്റവും വലിയ ഈ നോവൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് മലയാ തുടങ്ങിയ പ്രദേശങ്ങളിൽ ജീവിച്ച മലയാളികളുടെ കഥയാണ്. 1981ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, 1983ലെ വയലാർ അവാർഡും, അവകാശികൾ നേടി.
മലയാളത്തിൽ ആദ്യമായി മനഃശാസ്ത്ര സമീപനത്തോടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു എന്നതാണ് വിലാസിനിയുടെ മൗലികത. വിദേശ നോവലുകളുടെ വിപുലമായ വായനയാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്.
സഹശയനം എന്ന നോവലിന്റെ വിലാസിനിയുടെ വിവർത്തനമാണ് മലയാളവായനക്കാർക്കു യാസുനാരി കവാബത്ത എന്ന വിശ്വപ്രശസ്ത ജാപ്പനീസ് എഴുത്തുകാരനെ പരിചയപ്പെടുത്തിയത്. വേറെയും വിദേശനോവലുകൾ അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തി.
നോവൽ പഠനങ്ങൾ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതാൻ കാരണം ഒരു പക്ഷേ, തന്റേതുൾപ്പെടെ നോവലുകൾ മലയാളത്തിൽ വേണ്ടവിധം പഠിക്കപ്പെടുന്നില്ല എന്ന ചിന്തയിൽ നിന്നാവാം.
നിരൂപണത്തിനു സ്വന്തമായി വിലാസിനി അവാർഡ് ഏർപ്പെടുത്തിയതും അതുകൊണ്ടാവണം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *