കൂനൻ കുരിശു സത്യവും ഒരു പഴ മൊഴിയും

#കേരളചരിത്രം

കൂനൻ കുരിശു സത്യവും ഒരു പഴമൊഴിയും.

കേരളത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തെ പോർച്ചുഗീസ് പാരമ്പര്യത്തിലേക്കു മാറ്റാൻ ഗോവ മെത്രാൻ ആർച്ച് ബിഷപ്പ് മെനസ്സിസിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമമാണ് ഉദയംപേരൂർ സൂനഹദോസ് .
അതിനെതിരെയുള്ള സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധമായിരുന്നു 1653 ജനുവരി 3നു നടന്ന കൂനൻ കുരിശു സത്യം.

ഇനി മുതൽ തങ്ങളും പിൻ‍ഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് ഒരു വിഭാഗം മട്ടാഞ്ചേരിയിൽ ഒന്നിച്ചുകൂടി സത്യമെടുക്കുകയായിരുന്നു.
സാമ്പാളൂർ എന്നത് പോർട്ടുഗീസ്കാരുടെ കൊടുങ്ങല്ലൂരിലെ സെന്റ് പോളിന്റെ നാമധേത്തിലുള്ള
വൈദിക പഠനകേന്ദ്രത്തേയും ദേവാലയത്തേയും പ്രാദേശികഭാഷയിൽ വിളിച്ചിരുന്ന പേരായിരുന്നു.

കൂനൻ കുരിശു സത്യം മാർപാപ്പയുടെ സർവ്വാധിപത്യത്തിനെതിരായിട്ടായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ലെന്നും അത് മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശൊസഭക്കാർക്കുമെതിരായിരുന്നു എന്ന് ഡോ. ക്ലോഡിയസ് ബുക്കാനൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

കൂനൻ കുരിശു സത്യത്തെതുടർന്ന് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പിളർപ്പ് രൂക്ഷമായി.
ഒരു പ്രബലവിഭാഗം മെനെസിസ് നയിച്ച റോമൻ കത്തോലിക്കാ നേതൃത്വവുമായി വിഘടിച്ചു നിന്നു.
അവർ ഇടപ്പള്ളിയിലും, ചേന്ദമംഗലത്തും യോഗം ചേരുകയും ആലങ്ങാട്ടു പള്ളിയിൽ വെച്ച് അർക്കദ്യാക്കോൻ ( Arch Deacon – വിശ്വാസികളുടെ നേതാവ് ) തോമസിനെ “മാർ തോമ ഒന്നാമൻ” എന്ന പേരിൽ മെത്രാനായി വാഴിക്കുകയും ചെയ്തു.

പിന്നീട് തോമാമെത്രാനെ സഹായിക്കാൻ കടമറ്റത്തു കടവിൽ ചാണ്ടി, കല്ലിശ്ശേരിൽ ഇട്ടിത്തൊമ്മൻ, വേങ്ങൂർ ഗീവർഗീസ്, പള്ളിവീട്ടിൽ പറമ്പിൽ ചാണ്ടി എന്നീ കത്തനാരന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. കടവിൽ ചാണ്ടിയും, പറമ്പിൽ ചാണ്ടിയും പാപ്പായുടെ പ്രതിനിധിയെ കണ്ട് റോമിന് വഴങ്ങാൻ തീരുമാനിച്ചു.

മലബാറിലെ സുറിയാനികളുടെ ഇടയിലെ ഭിന്നത മനസിലാക്കിയ മാർപ്പാപ്പ 1680ൽ റോമിൽനിന്നും
ജോസഫ് സെബാസ്റ്റീനി എന്ന ഒരു കർമ്മലീത്താ മെത്രാനെ തർക്കങ്ങൾ തീർക്കാനായി അയച്ചിരുന്നു. മാർതോമ ഒന്നാമന്റെ സഹായിയായിരുന്ന കടവിൽ ചാണ്ടി കത്തനാരും, പറമ്പിൽ ചാണ്ടി കത്തനാരും, അവരുടെ അനുയായികളും ജോസഫ്
സെബാസ്റ്റീനി മെത്രാന്റെ കൂടെ ചേർന്ന് ശ്രമിച്ചതിൻ്റെ ഫലമായി വടക്കുംകൂർ രാജാവിന്റെ സഹായം സമ്പാദിച്ചു.

ഇതിനിടയിൽ കൊച്ചിയിൽ ഡച്ചുകാരോട് പറങ്കികള്‍ ( പോർച്ചുഗീസുകാർ) തോല്‍ക്കുകയും, ഡച്ചുകാര്‍ ഒഴികെ എല്ലാ വിദേശികളും രാജ്യം വിടണം എന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിഷപ്പ് സെബസ്റ്റിനി ,
മാർതോമ്മ ഒന്നാമന്റെ സഹായിയായിരുന്ന
പറമ്പില്‍ ചാണ്ടിയെ സുറിയാനികളുടെ മെത്രാനായി വാഴിച്ചു .

നസ്രാണികൾ മാർപ്പാപ്പയെ എതിർക്കുന്ന ‘പുത്തൻകൂർ’, അനുകൂലിക്കുന്ന ‘പഴയകൂർ’ എന്ന് രണ്ടായി പിരിഞ്ഞു.

പുത്തൻകൂറ്റുകാരും പഴയകൂറ്റുകാരും പള്ളികൾ പിടിക്കാനുള്ള മത്സരം തുടർന്നു. 1661നും 1662നും ഇടയ്ക്കു മലബാറിലെ 116 പള്ളികളില്‍ 84 എണ്ണവും പറമ്പില്‍ ചാണ്ടി മെത്രാന്‍ നയിക്കുന്ന കത്തോലിക്കാസഭയോട് ചേര്‍ന്നു. എതിർപക്ഷത്തെ തോമസിന്റെ കൂടെ 32 പള്ളികൾ ഉണ്ടായിരുന്നു .
കൂനന്‍ കുരിശു സത്യത്തിനുശേഷം പറമ്പില്‍ ചാണ്ടി മെത്രാന്റെ കീഴില്‍ അണിനിരന്ന 84 പള്ളികളാണ് ഇന്നത്തെ സീറോ മലബാര്‍ സഭയുടെയും
തൃശൂർ കേന്ദ്രമാക്കിയ കൽദായ സുറിയാനി
സഭയുടെയും മുന്‍ഗാമികള്‍ .
മാർ തോമായോടൊപ്പം നിന്ന 32 പള്ളികളില്‍ നിന്നുമാണ് ഇന്നത്തെ
മലങ്കര ഓർത്തഡോക്സ്, മലങ്കര യാക്കോബായ , മലങ്കര കത്തോലിക്കാ, തൊഴിയൂർ സുറിയാനി
സഭകൾ രൂപംകൊണ്ടത്‌.

മാർത്തോമാ ഒന്നാമന്റെ സഹായിയായിരുന്ന പറമ്പിൽ ചാണ്ടിയെയാണല്ലോ ബിഷപ്പ് സെബസ്റ്റിനി മെത്രാനായി വാഴിച്ചത്. മറുകണ്ടം ചാടിയ പറമ്പിൽ ചാണ്ടിക്കത്തനാർക്ക് മെത്രാൻ സ്ഥാനവും, കടവിൽ ചാണ്ടി കത്തനാർക്ക് വികാരി ജനറൽ സ്ഥാനവും ബിഷപ്പ് സെബസ്റ്റിനി നൽകിയെങ്കിലും ഉടനെ അംഗീകാരം നൽകാൻ റോം തയ്യാറായില്ല.
ഏട്ടുകൊല്ലം കഴിഞ്ഞ്
കടുത്തുരുത്തിയിൽ ബിഷപ്പ്
സെബസ്റ്റിനിയുടെ വസതിയിൽ കൂടിയ യോഗത്തിൽ വെച്ചാണ് പറമ്പിൽ ചാണ്ടിയെ ബിഷപ്പ് ആയി ഔദ്യോഗികമായി അംഗീകരിച്ചത്.

ആലങ്ങാട്ട് വെച്ച് പന്ത്രണ്ട് വൈദികർ കൂടിയാണ്‌ അന്നത്തെ ആർച്ച് ഡീക്കനെ സുറിയാനിക്കാരുടെ മെത്രാനായി വാഴിച്ചത്. ആചാരപരമായി ഇത് തെറ്റായിരുന്നു. ഒരു മെത്രാനു മാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ തോമാ അർക്കദിയാക്കോൻ അധികാരപരമായ ഉത്തരവാദിത്തങ്ങൾ മാത്രമേ നിർവഹിച്ചിരുന്നുള്ളു. അദ്ദേഹം ആത്മീയമായ കർമ്മങ്ങൾ നടത്തിയിരുന്നില്ല.

1665ല്‍ അന്ത്യോക്യ പാത്രിയാര്‍ക്കിസ് അയച്ച മാര്‍ ഗ്രിഗോറിയസ് എന്ന ബിഷപ്പ് മലബാറില്‍ എത്തി.
എന്നാല്‍ ഈ സമയത്തിനുള്ളില്‍ 70% ശതമാനത്തോളം സുറിയാനി ക്രിസ്ത്യാനികള്‍ പറമ്പിൽ ചാണ്ടി മെത്രാൻ്റെയൊപ്പം ചേർന്നിരുന്നു.

1653ലെ കൂനൻ കുരിശുസത്യത്തിനു ശേഷം പിളർന്ന നസ്രാണികളുടെ ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ പല പ്രാവശ്യമായി നടന്നിരുന്നു.
ഇരുവിഭാഗത്തെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ
പുത്തൻകൂർ നേതാവായിരുന്ന മാർത്തോമാ ഒന്നാമനും, ചാണ്ടി മെത്രാനും ( തൊമ്മനും ചാണ്ടിയും )
പ്രകടിപ്പിച്ച മനോഭാവത്തിൽ നിന്നാണ്
“തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്ന പഴഞ്ചൊല്ലു മലയാളത്തിന് ലഭിച്ചത്. ഇരുവരുടെയും നിസ്സഹകരണം മൂലം സ്വാഭാവികമായും
ഐക്യശ്രമങ്ങൾ പരാജയയപ്പെടുകയും ചെയ്തു.
(കടപ്പാട്)
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *