#ഓർമ്മ
സെബീന റാഫി.
സെബീന റാഫിയുടെ ( 1918 – 1990 ) ചരമവാർഷികദിനമാണ്
ജൂൺ 22.
Shaji George എഴുതിയ അനുസ്മരണം.
“കുഞ്ഞുകുഞ്ഞിൻ്റെ രണ്ടു വഞ്ചികളിൽ കൊച്ചിൻ ഹാർബർ ടെർമിനിസിലേക്കു തീവണ്ടി പിടിക്കുവാൻ പുറപ്പെട്ട ചവിട്ടുനാടക സംഘത്തിൽ പന്ത്രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. ധാരാളം ഹെയർപിന്നുകൾ കുത്തി, വല പിടിപ്പിച്ച്, തലമുടി പിറകിൽ ചെറുതായി കെട്ടിവച്ചിരുന്ന, അണിയത്തിലെ പടിയിലിരുന്ന ആ സ്ത്രീയുടെ ചുണ്ട് പൂച്ചക്കുട്ടിയുടെ പോലെ ചെറുതും, കണ്ണുകൾ തീക്ഷണവും, കൈകാലുകൾ ലോലവുമായിരുന്നു. അങ്ങനെ ഞാൻ ആദ്യമായി സെബീന റാഫിയെ കണ്ടു.
ചവിട്ടുനാടകക്കാരെ കയറ്റി അയയ്ക്കുവാൻ കൊട്ടാരം ജെട്ടിയിലേക്ക് ലന്തൻബത്തേരിയിലെയും പോഞ്ഞിക്കരയിലെയും ഒരുപാട് ആളുകൾ വന്നിരുന്നു. റോസിചേച്ചി പറഞ്ഞു: “ആദ്യോയ്ട്ടാണ് ചവിട്ടുനാടകം കേരളം വിട്ട് പൊറത്ത് കടക്കാമ്പോണത്, അതിൻ്റെ ഫുൾ ക്രെഡിറ്റ് സെബീന മേഡത്തിനാണ്.”
ഞാൻ സെബീന മേഡം കൈ വീശുന്നതിന് കാത്തുനിന്നു. അതിൻ്റെ ദിശ, അവരുടെ ഭർത്താവും, ഞങ്ങളെപ്പോലെ മരപ്പണിക്കാരനായ നടുവത്തേഴത്ത് കുടുംബത്തിലെ പ്രസിദ്ധനായ ശൗരിയാശാരിയുടെ മകൻ, നടുവത്തേഴത്തെ പ്രസിദ്ധനായ ജോസഫ് മേസ്തിരിയുടെ മകൻ, പോഞ്ഞിക്കരയുടെ പേര് കേരളത്തിലും റോമയിലും അറിയിച്ച, പ്രസിദ്ധനായ എഴുത്തുകാരൻ ‘പാപികൾ’ എന്ന നോവൽ എഴുതിയതിന് പള്ളിയുമായി ഇടഞ്ഞുനിന്നിരുന്ന, ഞാൻ അന്നുവരെ കണ്ടിട്ടില്ലാത്ത പോഞ്ഞിക്കര റാഫിയെ ലാക്കാക്കിയായിരിക്കുമെന്നു ഞാൻ ഊഹിച്ചു. സെബീന റാഫി കൈവീശി; തിരക്കിൽ നിന്ന് അകന്ന്, ഒരു തെങ്ങും ചാരി നിന്നിരുന്ന റാഫി, വായിച്ചുകൊണ്ടിരുന്ന ബെർണാഡ് ഷായുടെ ‘ആമുഖങ്ങൾ’ എന്ന തടിച്ച പുസ്തകത്തിൽനിന്ന് തക്കസമയത്ത് കണ്ണുയർത്തി, സെബീനയെ നോക്കി കൈവീശിയതിനുശേഷം കണ്ണ് പുസ്തകത്തിലേക്ക് മടക്കി.
തൻ്റെ ആദ്യനോവലായ ലന്തൻബത്തേരിയിലെ ലുത്തിനിയകളിൽ എൻ.എസ്. മാധവൻ സെബീന റാഫിക്ക് വാഴ്‌വ് നേർന്നത് ഇപ്രകാരമാണ്. സെബീന റാഫിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, സെബീന റാഫി 1964ൽ രചിച്ച ‘ചവിട്ടുനാടകം’ പുസ്തകത്തിൻ്റെ പുതിയ പതിപ്പ് 2010 ൽ പ്രസിദ്ധികരിച്ചത് പ്രണതയാണ്. പീന്നീട് സബീന ടീച്ചറുടെ പുസ്തകങ്ങൾ ഒന്നും പുറത്ത് വന്നില്ല. സബീന റാഫിയുടെ ജന്മശതാബ്ദിയും ആരും അറിയാതെ കടന്നുപോയി. 1972ൽ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ ‘കലിയുഗ’ത്തിൻ്റെ സഹരചയിതാവിൻ്റെ ജന്മശതാബ്ദി അവരും മറന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ സെബീന റാഫിയുടെ ജീവചരിത്രം പ്രസിദ്ധികരിച്ച കാര്യം മറക്കുന്നില്ല.
ചവിട്ടുനാടകം:
കഥകളി പോലുള്ളൊരു കേരളീയ ദൃശ്യകല (കഥകളിയിൽ ഹസ്തമുദ്രയ്ക്കാണ് പ്രാധാന്യമെങ്കിൽ ചവിട്ടുനാടകത്തിൽ ചുവടുവെയ്പിനാണ് പ്രാധാന്യം) എന്നിങ്ങനെ “ശബ്ദതാരാവലി”യിൽ നാമമാത്രമായ വിവരണത്തിൽ ഒതുങ്ങിയ ചവിട്ടുനാടകത്തെ കേരളത്തിന് പുറത്തേക്ക് എത്തിച്ചത് സെബീന ടീച്ചറാണ്. സ്ത്രീകൾ പ്രവേശിക്കാൻ മടിച്ചിരുന്ന ചവിട്ടുനാടക വേദിയിലെ ആദ്യത്തെ സ്ത്രീസംവിധായകയും അതിനെക്കുറിച്ചുള്ള പ്രാമാണിക കൃതിയുടെ ഗ്രന്ഥകാരിയുമാണ് ടീച്ചർ.1918 ഒക്ടോബർ 6ന് ഗോതുരുത്തിലാണ് ജനിച്ചത്. പാലിയം സ്കൂളിൽ നിന്ന് പത്താംതരം പാസായത്തിനുശേഷം അധ്യാപികയായി. തുടർന്നും പഠനം നടത്തി. മദ്രാസ്, കേരള യൂണിവേഴ്സിറ്റികളിൽ നിന്ന് ചരിത്രത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം നേടി.
ബി.എഡും സമ്പാദിച്ചു.
1956 ജൂലൈ ലക്കം
സാഹിത്യപരിഷത്ത് മാസികയിലാണ് ചവിട്ടുനാടകത്തെക്കുറിച്ച് മലയാളത്തിലെ ആദ്യലേഖനം സെബീന ടീച്ചർ പ്രസിദ്ധീകരിച്ചത്. മഹാകവി വള്ളത്തോളായിരുന്നു അന്ന് സാഹിത്യപരിഷത്തിൻ്റെ അധ്യക്ഷൻ. ജി. ശങ്കരക്കുറുപ്പ് പരിഷത്ത് മാസികയുടെ പത്രാധിപരും. ആ ലേഖനത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ് 1957 ഒക്ടോബർ 4ന് പരിഷത്തിൻ്റെ കോട്ടയം സമ്മേളനത്തിൽ ചവിട്ടുനാടകം അവതരിപ്പിക്കാൻ ലഭിച്ച അവസരം. സബീന ടീച്ചർ സംവിധാനം ചെയ്ത ‘വീരകുമാരൻ’ ആണ് അന്ന് ഗോതുരുത്ത് ചവിട്ടുനാടക സംഘം അവതരിപ്പിച്ചത്.
തുടർന്ന് 1959ലെ റിപ്പബ്ലിക് ദിനാഘോഷത്തിലും ചവിട്ടുനാടകം അരങ്ങേറി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദും സെബീനടീച്ചറേയും സംഘത്തേയും മുക്തകണ്ഠം പ്രശംസിച്ചു. നാടകം കണ്ട് സന്തോഷഭരിതനായ നെഹ്റു, കാറൽസ്മാൻ നാടകത്തിലെ റൊൾദോൻ്റെ വേഷമണിഞ്ഞ മനീക്കലാശാൻ്റെ കിരീടം ശിരസ്സിലണിഞ്ഞു നിൽക്കുന്ന ചിത്രം പ്രസിദ്ധമാണ്.
1963 മെയ് 18ന് സെബീന ടീച്ചർ പോഞ്ഞിക്കര റാഫിയെ ജീവിതപങ്കാളിയാക്കി. അങ്ങനെ പോഞ്ഞിക്കര ദ്വീപിൻ്റെ മരുമകളും സെബീന റാഫിയുമായി മാറി നമ്മുടെ കഥാനായിക. മലയാളത്തിലെ ആദ്യ സാഹിത്യകാര ദമ്പതികൾ. കലിയുഗം, ശുക്രദശയുടെ ചരിത്രം, മാർക്സിസം ഒരു തിരിഞ്ഞുനോട്ടം; എമ്മാവൂസിലേക്കുള്ള യാത്രയും, എന്നിവയാണ് ഈ ദമ്പതികളുടെ പ്രധാന കൃതികൾ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലും ഫോർട്ടുകൊച്ചി സാന്താക്രൂസ് ഹൈസ്കൂളിലും സെബീന റാഫി അധ്യാപികയായിരുന്നു.
എഴുത്തിലും ഗവേഷണത്തിലും സാഹിത്യ പ്രവർത്തനത്തിലും മുഴുകിയ റാഫി – സബീന ദമ്പതികളുടെ ജീവിതം കടുത്ത പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കലിയുഗത്തിൻ്റെ കാര്യം മാത്രം ഉദ്ധരിക്കട്ടെ. വർഷങ്ങൾ നീണ്ട ഗവേഷണത്തിൻ്റെ ഫലമായി പൂർത്തികരിച്ച കലിയുഗം നാല് വർഷം സാഹിത്യപ്രവർത്തക സഹകരണസംഘത്തിൻ്റെ അലമാരിയിൽ ഭദ്രമായി അവർ സൂക്ഷിച്ചു. എറണാകുളത്തെ CICC ബുക്ക് ഹൗസ് അത് അച്ചടിക്കാൻ തയ്യാറായപ്പോഴാണ്. SPCS ഉറക്കത്തിൽ നിന്ന് ഉണർന്നത്.
ടീച്ചറിൻ്റെ മരണത്തെക്കുറിച്ച് റാഫി സർ എഴുതിയത് ഇങ്ങിനെയാണ്.
1990 ജൂൺ 22 തിങ്കൾ.
അന്നാണ്, അന്നു രാവിലെയാണ് എൻ്റെ എല്ലാമായിരുന്ന, എൻ്റെ നേട്ടങ്ങളുടെയെല്ലാം നേട്ടമായി എപ്പോഴും എൻ്റെ കൂടെ ഉണ്ടായിരുന്ന എൻ്റെ സെബീന ഈ ലോകത്തിൽ നിന്നും വേർപിരിഞ്ഞുപോയത്. ദൈവം എനിക്ക് തന്ന നിധിയായിരുന്ന എൻ്റെ സെബീനയെ, എൻ്റെ കൂട്ടുകാരിയെ ദൈവം തന്നെ വിളിച്ചു കൊണ്ടു പോയത്…
ഏഴാം ക്ലാസ്സ് വിദ്യഭ്യാസം മാത്രം നേടാൻ കഴിഞ്ഞ പോഞ്ഞിക്കര റാഫിയുടെ സ്വർണ്ണ വാച്ച് എന്ന കഥ ഡോ.കെ. അയ്യപ്പപ്പണിക്കർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആ കഥ ഉത്തർപ്രദേശിലെ ഇൻറർമീഡിയറ്റ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയതു വായിച്ചപ്പോൾ സെബീന ടീച്ചർ ആഹ്ലാദത്തോടെ പറഞ്ഞു: ഒ.ഹെൻറിക്കും, റസ്കിൻ ബോണ്ടിനും പ്രേംചന്ദിനുമൊപ്പം എൻ്റെ റാഫിയും….!
പോഞ്ഞിക്കര റാഫിയെ മാത്രമല്ല തീരദേശ ജനതയുടെ കലാരൂപത്തേയും ടീച്ചർ മുഖ്യധാരയിലേക്കാനയിച്ചു.
ജീവിതത്തിലും ഉന്നത ആദർശം പുലർത്തി ആ മഹതി. നവോത്ഥാന നേതാക്കളുടെ കൂട്ടത്തിൽ സെബീന റാഫിയുമുണ്ട്.
പക്ഷേ, സാംസ്കാരികകേരളം അത് വേണ്ട രീതിയിൽ പറയാതെ പോകുന്നു.
