കൂട്ടത്തുകുളം മേരി

#ഓർമ്മ

കൂത്താട്ടുകുളം മേരി.

കൂത്താട്ടുകുളം മേരിയുടെ ( 1921-2014) ചരമവാർഷികദിനമാണ്
ജൂൺ 22.

കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ ഭരണകൂട മർദ്ദനങ്ങൾക്കിരയായ വനിതാനേതാവ് ഒരു പക്ഷെ
കൂത്താട്ടുകുളം മേരിയായിരിക്കും.

ഉടുമ്പന്നൂരിൽ ജനിച്ച പി ടി മേരി
അവിടെനിന്നും പഠനസൗകര്യത്തിനായി കൂത്താട്ടുകുളത്ത് അമ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. വടകര സെന്റ് ജോൺസ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
1938ൽ ദിവാൻ ഭരണത്തിനെതിരെ നടന്ന സമരത്തിൽ
തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്കൂളിലെ നേതൃത്വം സ്വമേധയാ ഏറ്റെടുത്തുകൊണ്ടാണ് പൊതുജീവിതം ആരംഭിച്ചത് .
ടി.ടി.സി പഠനശേഷം പി.എസ്.സി വഴി ടെലിഫോൺ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും സാമൂഹ്യപ്രവർത്തനത്തിറങ്ങുകയായിരുന്നു. കോട്ടയം മഹിളാ സദനത്തിൽ സന്നദ്ധപ്രവർത്തകയായിരുന്ന സമയത്ത്. പി.കൃഷ്ണപിള്ള, ഇ.എം.എസ്സ് തുടങ്ങിയവരുമായി ഉണ്ടായ പരിചയം കമ്മ്യൂണിസ്റ്റ് അനുഭാവിയാക്കി മാറ്റി.
തോപ്പിൽ ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ അനുവാദം നൽകാതിരുന്നതിനാൽ സദനം വിട്ടു. 1945-46ൽ തിരുനെൽവേലിയിൽ വിമൻസ് വെൽഫെയർ ഓഫീസറായി ജോലി ചെയ്തു.
പിന്നീട് ഉദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചുപോന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി.

1949ലെ തിരു-കൊച്ചി സംയോജനത്തിനു ശേഷം അറസ്റ്റ് വാറണ്ട് വന്നതോടെ ഒളിവിൽ പോയി. ഒളിവിൽ താമസിക്കുമ്പോൾ കെ.ആർ. എന്നാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി പ്രവർത്തനത്തിനിടക്കു പരിചയപ്പെട്ട കമ്യൂണിസ്റ്റ് പ്രവർത്തകനായ സി.എസ്.ജോർജ്ജിനെ വിവാഹം കഴിച്ചു. പാർട്ടിയുടെ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറിയായി.

ഒരു രാത്രി കമ്മിറ്റി കഴിഞ്ഞു വരുന്നവഴി, പോലീസ് പിടിയിലായി. തുറന്ന പോലീസ് വണ്ടിയിൽ കയറ്റി നിർത്തി മേരിയുടെ നീളമുള്ള മുടി രണ്ടു വശത്തുമായി കെട്ടിവച്ച് വഴിനീളെ പ്രദർശന വസ്തുവാക്കി. യാത്രയിലുടനീളം മർദ്ദനമേറ്റു. സ്റ്റേഷനിൽ വെച്ചും മേരിയെ ക്രൂരമായി മർദ്ദനത്തിനു വിധേയമാക്കി. പാർട്ടിരഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചുവെങ്കിലും, പോലീസിനു അതു കിട്ടിയില്ല. പോലീസ് ലോക്കപ്പിൽ മേരിയെ നഗ്നയാക്കി നിർത്തി മർദ്ദിച്ചു. ഭർത്താവിനെ, കൺമുമ്പിൽ കൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുപോലും മേരി പാർട്ടിരഹസ്യങ്ങൾ പുറത്തുപറയാൻ തയ്യാറായില്ല. മേരിയുടെ ഗുഹ്യഭാഗങ്ങളിൽ പോലീസ് ലാത്തിപ്രയോഗം നടത്തിയെന്ന്, ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ തോപ്പിൽ ഭാസി രേഖപ്പെടുത്തിയിട്ടുണ്ട്.​
രണ്ടു പേർ കാൽവെള്ളയിൽ അടി തുടങ്ങി. കരച്ചിൽ കേൾക്കാതിരിക്കാൻ ഒരു പോലിസുകാരൻ കഴുത്തിൽ ഞെക്കിപ്പിടിച്ചു. കാൽ വലിക്കാതിരിക്കാൻ രണ്ടു പോലീസുകാർ രണ്ടു തുടകളിലും ചവിട്ടിപ്പിടിച്ചു.

ആറുമാസം നീണ്ട പീഡനങ്ങൾക്കൊടുവിൽ രഹസ്യങ്ങളുടെ തരിമ്പുപോലും കിട്ടാതായപ്പോൾ പോലീസ് മേരിയെ ആശുപത്രിയിലാക്കി. പീഡനങ്ങൾക്കൊടുവിൽ പിടിപെട്ട ടൈഫോയിഡായിരുന്നു കാരണം.
രണ്ടു വർഷത്തെ ജയിൽവാസമായിരുന്നു കോടതി വിധിച്ച ശിക്ഷ.

പിന്നീട്
മലബാർ ഡിസ്ട്രിക്ട് ബോർഡിൽ സ്കൂൾ അധ്യാപികയായി. 1957-ൽ സംസ്ഥാന സർക്കാർ ബോർഡ് ഏറ്റെടുത്തതോടെ സർക്കാർ സ്കൂളിലെ അധ്യാപികയായി. 1977ൽ വിരമിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സി പി ഐയിലായി.

മേരിയുടെ ആത്മകഥ “കനലെരിയും കാലം”
ഒരു കാലഘട്ടത്തിന്റെ കഥയാണ്. തീവ്രമായ വായനാനുഭവമാണ്. വാർധക്യ കാലത്ത്
ഒന്നാന്തരം ചിത്രകാരി കൂടിയായി മാറി, മേരി.

സി.പി.ഐ നേതാവ് ബിനോയ്‌ വിശ്വത്തിന്റെ ഭാര്യ ഷൈല മകളാണ്. കവയിത്രി മേരി ജോൺ കൂത്താട്ടുകുളം​ മാതൃസഹോദരിയും, പ്രശസ്ത നാടകകൃത്ത് സി.ജെ.തോമസ് മാതൃസഹോദരനുമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *