#കേരളചരിത്രം
പൂഞ്ഞാർ ഇടവക.
തിരുവിതാംകൂർ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടം നേടിയ നാടുവാഴിയാണ് പൂഞ്ഞാർ രാജാവ്. കോട്ടയം ജില്ലയുടെ അതിർത്തിയാണ് പൂഞ്ഞാർ പ്രദേശം.
കേരളത്തിൽ തോട്ടവ്യവസായത്തിന് തുടക്കമിട്ട, മൂന്നാർ ഉൾപ്പെടുന്ന 43000 ഏക്കർ കണ്ണൻ ദേവൻ മലകൾ, ജെ ഡി മൺറോ പാട്ടത്തിന് എടുത്തത് പൂഞ്ഞാർ കോവിലകത്ത് നിന്നാണ്.
പൂഞ്ഞാർ രാജകുടുംബത്തിലെ ഗോദവർമ്മ രാജ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിൻ്റെ സഹോദരി കാർത്തിക തിരുനാൾ തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ പൂഞ്ഞാർ കോവിലകം കൂടുതൽ ശ്രദ്ധ ആകർഷിച്ചു. കേരളത്തിലെ കായികരംഗത്തിൻ്റെ പിതാവാണ് കേണൽ ഗോദവർമ്മ രാജ. പുത്രൻ കിരീടാവകാശിയായ അവിട്ടം തിരുനാൾ ബാല്യത്തിൽ തന്നെ മരണമടഞ്ഞു. ചിത്തിര തിരുനാളിൻ്റെ ഭരണകാലത്ത് തന്നെ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും നാട്ടുരാജ്യങ്ങൾ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഭാഗമായി മാറുകയും ചെയ്തതോടെ തിരുവിതാംകൂർ രാജ്യം തന്നെ ഇല്ലാതായി.
ഗോദവർമ്മ രാജായുടെ സഹോദരൻ രാമവർമ്മ മലബാറിലേക്ക് കുടിയേറി ആലക്കോട് പ്രദേശത്ത് ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങി കൃഷി ചെയ്തു. ആധുനിക ആലക്കോടിൻ്റെ ശില്പിയാണ് ആലക്കോട് തമ്പുരാൻ എന്ന് അറിയപ്പെട്ടിരുന്ന രാമവർമ്മ രാജ.
പൂഞ്ഞാർ ഇടവകയുടെ ആരംഭം കുറിച്ച ഉടമ്പടി:
” തെക്കുംകൂർ സ്വരൂപത്തിങ്കനിന്നും പൂഞ്ഞാറ്റിൽ പെരുമാൾക്ക് മഞ്ഞമല പെരിയാർ ഉൾപ്പെട മലമ്പിറം എഴുതി കൊടുത്തതാവിത്.കൊല്ലം 594 (AD 1419) മകരം ഞായറിൽ പൂഞ്ഞാർ ഉദയകുലശേഖരപ്പെരുമാൾ പണ്ടാരത്തിലേയ്ക്ക് വെൺപല നാട്ടുടയ കോതവർമ്മൻ കോവിലധികാരികൾ മഞ്ഞമല പെരിയാർ മലമ്പിറത്തിനതിര് –
കിഴക്ക് കണ്ണമ്മേട്ടിനും തലക്കുളത്ത് മേട്ടിനും നേതാകര മേട്ടിനും വഴുക്കപ്പാറ മേട്ടിനും തലമല കിഴക്കോട്ട് ചാഞ്ഞതിനും മേക്കുത്തെക്ക് വഴുക്കപ്പാറയ്ക്കും മുല്ലയ്ക്കും പേരടപ്പാറത്തോട്ടിനും തേവരക്കുളത്ത് മേട്ടിനും ചോറ്റിപ്പാറയ്ക്കും കൂട്ടിക്കൽക്കും മേക്കുവടക്ക് മന്നംമുട്ടിക്കും കുന്നോംമുറിക്കും കുടമുരുട്ടിമലയ്ക്കും മാറുമലയ്ക്കും പെരിയൽമലയ്ക്കും പോഴാക്കല്ലിനും കിടങ്ങൽമുറിക്കും കിഴക്കുവടക്ക് നല്ല തണ്ണീരാറ്റിനും ചെങ്കരത്തോടിനും ചാഞ്ഞനോടയ്ക്കും മുരിക്കത്തറമേട്ടിനും തെക്കുള്ള നാലതിർത്തിക്കകത്ത് മഞ്ഞമല ചാത്താവിനെയും മലയടിമാരെയും കൂടെ അട്ടിപ്പേർ എഴുതി തന്നിരിക്കുന്നു. കുറിമാനം കൊല്ലവർഷം 614
(AD 1439) “
കടനാടിന് കിഴക്കോട്ട് മൂലമറ്റം, ഇടുക്കി, ദേവികുളം ഉൾപ്പെടുന്ന പ്രദേശങ്ങൾ വടക്കുംകൂറിൽ നിന്നും അതേ വർഷം തന്നെ വാങ്ങി. ആസ്ഥാനം പൂഞ്ഞാറായി തീരുമാനിച്ച് വാഴ്ച തുടങ്ങി. കമ്പം, ബോഡനായ്ക്കന്നൂർ ഉൾപ്പെടെയുള്ള തമിഴ് പ്രദേശങ്ങളും പൂഞ്ഞാർ രാജ്യത്തിന്റെ ഭാഗമായിരുന്നു.
(ചിത്രത്തിൽ പൂഞ്ഞാർ കോവിലകം)
കടപ്പാട്: Pallikkonam Rajeev .
Posted inUncategorized