#കേരളചരിത്രം
സഭയും സുതാര്യതയും.
കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭ ആഭ്യന്തര പ്രശ്നങ്ങളിൽ പെട്ട് ആടിയുലയാൻ തുടങ്ങിയിട്ട് കാലമേറെയായി.
എന്തു സംഭവിച്ചാലും കാറ്റും വെളിച്ചവും കടക്കാൻ അനുവദിക്കില്ല, അങ്ങനെ ചെയ്താൽ തങ്ങൾ ഇപ്പോള് അനുഭവിക്കുന്ന സർവാധികാരം ചോദ്യം ചെയ്യപ്പെടും എന്ന മെത്രാന്മാരുടെ ഭയമാണ് പ്രതിസന്ധികളുടെ മൂല കാരണം എന്ന് എല്ലാവർക്കും അറിയാം.
വർഷങ്ങൾക്ക് മുൻപ്
പ്രസിദ്ധീകരിച്ച ഒരു ലേഖനം കാണുക. കേരള സഭയില് പിളർപ്പ് ഉൾപ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഉദയംപേരൂർ സൂനഹദോസ് തീരുമാനങ്ങളിൽ നിന്നാണ് തുടക്കം.
“പട്ടക്കാരൻ- ഉദയംപേരൂരിനു മുമ്പും പിമ്പും.
പ്രൊഫ. സ്കറിയാ സക്കറിയ / ഡോ. ജെ. നാലുപറയിൽ
ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ കാണുന്ന വൈദികർ?
ഉദയംപേരൂർ കാനോനകളിൽ വൈദികരെ കത്തനാരന്മാർ/കത്തങ്ങളെന്നും പട്ടക്കാരെന്നും വിളിക്കുന്നുണ്ട്. രണ്ടും തമ്മിൽ അൽപം വ്യത്യാസമുണ്ട്. കത്തനാർ എന്ന പദം വൈദികപദവിയായിട്ടായിരിക്കണം കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പട്ടക്കാരൻ എന്ന പദം ശുശ്രൂഷയുമായി ബന്ധപ്പെടുത്തിയാണ് കരുതുന്നത്. ഇതാരും വിശദമായി പഠിച്ചിട്ടുള്ള വിഷയമാണെന്നു തോന്നുന്നില്ല.
ഒരു പള്ളിയുടെ നടത്തിപ്പിൽ കൃത്യമായ ഭാഗഭാഗിത്വം നിശ്ചയിക്കപ്പെട്ട് അത് നിർവ്വഹിക്കുന്ന ആളാണ് പട്ടക്കാരൻ. എന്നാൽ പരിശീലനത്തിനു ശേഷം വൈദികപട്ടം സ്വീകരിച്ച ഏതൊരാളും ഒരു കത്തനാരാണ്. അദ്ദേഹത്തിന് ഇടവകശുശ്രൂഷയിൽ കൃത്യമായ ഒരു ഫംഗ്ഷൻ
ഉണ്ടായിരിക്കണമെന്നില്ല എന്നർത്ഥം.
വൈദികരുടെ കുടുംബജീവിതം?
വൈദികരുടെ കുടുംബജീവിതത്തെക്കുറിച്ച് വിശദമായ പരാമർശം ഗുവയായുടെ ജൊർണാദയിലുണ്ട്. വൈദികർ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുന്നു. സാധാരണക്കാരിൽ നിന്ന് അവരെ വേർതിരിച്ചറിയാൻ സാധിക്കുന്നില്ല. അതിനാൽ അവർക്ക് വേഷത്തിലും, തൊഴിലിലും, പെരുമാറ്റത്തിലും വ്യത്യാസമുണ്ടാകണമെന്നാണ് സൂനഹദോസ് ശഠിക്കുന്നത്. അതിന്റെ ആദ്യത്തെ പടിയായിട്ടാണ് കുടുംബജീവിതത്തിൽ നിന്ന് അവരെ മോചിപ്പിച്ചത്. ഭാര്യയും മക്കളുമായി കുടുംബജീവിതം നയിച്ചു കഴിഞ്ഞിരുന്നവരെ വേർപിരിച്ച് വിടുന്നു. അതാണ് ഏറ്റവും പ്രാകൃതമായ നടപടിയായി എല്ലാവരും ചൂണ്ടിക്കാണിക്കാറുള്ളത്.
കാനോനകളിലെ അഞ്ചാം യോഗവിചാരം ‘പട്ട’ത്തെക്കുറിച്ചാണ്. അതിന്റെ പതിനൊന്നാമത്തെ കാനോനയാണ് പട്ടക്കാരുടെ വിവാഹം വിലക്കുന്നതും ദമ്പതികളെ വേർപിരിക്കുന്നതും. ഗ്രീക്ക് സഭയിലുള്ളപോലെ പട്ടക്കാർ ഇവിടെ കല്ല്യാണം കഴിക്കുന്നതായി സൂനഹദോസ് നിരീക്ഷിക്കുന്നു. എന്നാൽ, അതിലുപരി ഇവിടെ പട്ടം ഏറ്റതിനുശേഷവും കല്ല്യാണം കഴിക്കുന്ന പതിവുണ്ടെന്നും സൂനഹദോസ് പറയുന്നു. മറ്റെങ്ങും ഇല്ലാത്ത ഈ രീതിയിൽ സൂനഹദോസ് ദുഃഖിക്കുന്നു. കെട്ടിയവൾ മരിച്ചാൽ രണ്ടാം കെട്ടും മൂന്നാം കെട്ടും നടത്തുന്ന പതിവും ഇവിടുണ്ട്.
അതിനാൽ പെണ്ണുകെട്ടി കഴിയുന്ന പട്ടക്കാരെ കുർബ്ബാനയും മറ്റു കൂദാശകളും പരികർമ്മം ചെയ്യുന്നതിൽ നിന്നും മഹറോൻ ശിക്ഷയുടെ കീഴിൽ സിനഡ് വിലക്കുന്നുണ്ട്. പെണ്ണുകെട്ടിയ പട്ടക്കാരോട് വേർപിരിയാൻ മഹറോന്റെ ശിക്ഷയുടെ കീഴിൽ സിനഡ് കൽപ്പിക്കുന്നു.
ഇതവർ കർശനമായി നടപ്പിലാക്കി. പട്ടക്കാരെ അവരുടെ ഭാര്യമാരിൽ നിന്നും മക്കളിൽ നിന്നും ബലമായി വേർപിരിക്കുന്ന സംഭവങ്ങൾ ഗുവയായുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചനും ഭാര്യയും കരഞ്ഞു നിലവിളിച്ച് വേർപിരിയുന്ന രംഗം അനേകം പള്ളികളിൽ അരങ്ങേറി. ഹൃദയഭേദകമായ രംഗങ്ങളായിരുന്നു അവ.
കാനോനകളിൽ ദേശത്തു പട്ടക്കാരെക്കുറിച്ച് പറയുന്നുണ്ടല്ലോ?
സർക്കാർ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥന്റെ നിയമനപത്രവുമായി വരുന്നപോലെ മെത്രാന്റെ നിയമനപത്രവുമായി വരുന്ന വികാരിയച്ചന്മാരായിരുന്നില്ല അന്നത്തെ വൈദികർ. മറിച്ചുള്ള സംവിധാനമായിരുന്നു ദേശത്തു പട്ടക്കാർ. അതാത് ദേശത്തെ മല്പാന്റെ മേൽനോട്ടത്തിൽ പരിശീലനം നേടുന്നവർക്ക് പരിശീലനം പൂർത്തിയാക്കിയാൽ ദേശത്ത് കുറി കിട്ടണം. ദേശത്ത് കുറി ഇടവകയുടെ എൻ ഒ സിയാണ് (No objection certificate). ഇടവകയോഗമാണ് ഇത് കൊടുക്കേണ്ടത്. അതോടെ അയാൾക്ക് ജീവനാംശം കൊടുക്കേണ്ട ചുമതലയും ഇടവക ഏറ്റെടുക്കുകയാണ്. ദേശത്തെ കുറിയുള്ളയാളാണ് ദേശത്തു പട്ടക്കാരൻ. ഒരിടവകയിൽ തന്നെ ഒന്നിലധികം ദേശത്തു പട്ടക്കാർ കാണാം. അപ്പോൾ അവിടെ മൂപ്പുമുറയാണ് പ്രധാനം. ഏറ്റവും തലമൂത്തയാൾ വികാരിയാകും. ബാക്കിയുള്ളവർ അദ്ദേഹത്തോട് സഹകരിച്ചു ശുശ്രൂഷ ചെയ്യുന്നു.
അന്നത്തെ സംവിധാനത്തിൽ വൈദികനെ നിശ്ചയിക്കാനും നിയമിക്കാനുമുള്ള അവകാശം ഇടവക സമൂഹത്തിന്റേതായിരുന്നു. ആ അധികാരമാണ് ഉദയംപേരൂരിനുശേഷം മെത്രാനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. മെത്രാന്റെ നിയമനമുണ്ടെങ്കിൽ മാത്രമേ പട്ടം കിട്ടിയ വൈദികന്റെ തിരുക്കർമ്മങ്ങൾ പോലും സാധുവാകുന്നുള്ളൂ.
ഇതിലൂടെ വന്ന മാറ്റം?
അതുവരെ ജനങ്ങളോടായിരുന്നു വൈദികർ കണക്കുപറയേണ്ടിയിരുന്നത്. അത് മാറി മെത്രാനോടായി കണക്കുപറയേണ്ടത് എന്നുവന്നു. ദേശത്തു കുറി കിട്ടി ദേശത്തു പട്ടക്കാരനാകുന്നതിനു പകരം, സെമിനാരിയിൽ പഠിച്ച്, മെത്രാൻ പട്ടം കൊടുത്ത്, മെത്രാന്റെ ചീട്ടുമായി ഒരുവനെ ഇടവകയിലേക്ക് അയക്കുകയാണ്. അങ്ങനെ മെത്രാന്റെ ഒരു പ്രതിനിധിയായി മാറി പട്ടക്കാരൻ. അതോടെ പട്ടക്കാരന്റെ കൂറും കടപ്പാടും മെത്രാനോടായി; നേരത്തെ ഇടവക ജനത്തോടായിരുന്നു.
സന്യാസവൈദികരുടെ കടന്നുവരവ് സൃഷ്ടിച്ച മാറ്റമാണ് അന്നത്തെ മറ്റൊരു പ്രധാന ഘടകം. ഈശോസഭക്കാരും, ഫ്രാൻസിസ്കൻസും, കർമലീത്താക്കാരും കടന്നുവന്നതോടെ ഇവിടുത്തെ വൈദികാന്തരീക്ഷം മാറി. സന്യാസവൈദികർ മറ്റൊരു സമാന്തരലോകം സൃഷ്ടിച്ചു. അവർക്ക് ഇടവകയോടോ, ഇടവകയോഗത്തോടോ ഒരു കടപ്പാടും ഇല്ലല്ലോ. സന്യാസവൈദികരാണ് സൂനഹദോസ് കൊണ്ടുവന്ന കാര്യങ്ങൾ മുമ്പോട്ടു കൊണ്ടുപോകാൻ നേതൃത്വം കൊടുത്തത്.
സഭാത്മകമായി വന്ന മാറ്റം?
ദൈവജനത്തിന്റെ കൂട്ടായ്മയാണ് സഭയെന്നതായിരുന്നു മാർത്തോമാ നസ്രാണികളിൽ അന്തർലീനമായിരുന്നു സഭാദർശനം. ദൈവനിവേശിതമായി മുകളിൽ നിന്ന് താഴേക്ക് വരുന്ന ഒരു ഊർജപ്രസരണമാണ് സഭയെന്നതാണ് സിനഡ് കൊണ്ടുവന്ന സഭാദർശനം. എല്ലാ സംരംഭങ്ങളും മുകളിൽ നിന്നും വരണം. വികാരി മെത്രാന്റെയൊരു പ്രതിനിധിയും നിർവാഹകനും മാത്രമാണ്. പണ്ട് സഭാകൂട്ടായ്മയ്ക്ക് ഉള്ളിലായിരുന്നു അധികാരത്തിന്റെ എല്ലാ പടവുകളും. ആ സഭാദർശനമാണ് (Ecclesiology) സിനഡ് അട്ടിമറിച്ചത്.
പള്ളിയോഗത്തിന്റെ റോൾ എങ്ങനെ മാറി?
രണ്ടാം വത്തിക്കാൻ കൗൺസിലിന് അനേക നൂറ്റാണ്ടുകൾക്ക് മുമ്പ് നമുക്ക് യോഗമുണ്ടെന്ന് ഓർക്കണം. ഏറെ കാര്യക്ഷമമായിട്ടാണ് പലയിടങ്ങളിലും പള്ളിയോഗങ്ങൾ പ്രവർത്തിച്ചിരുന്നത്. ഉദയംപേരൂരിനു ശേഷവും പള്ളിയോഗങ്ങളുടെ തീരുമാനങ്ങളെ മറികടക്കാൻ യൂറോപ്യൻ മെത്രാന്മാർക്ക് പോലും ഭയമുണ്ടായിരുന്നു. അത്രയ്ക്ക് ഭംഗിയായിട്ട് അത് തുടർന്നുപോന്നു. എന്നാൽ പലതരത്തിൽ അതിന് ‘ക്ലിപ്പ്’ ഇടുന്നതിനുള്ള ശ്രമങ്ങളായിരുന്നു. യോഗം എന്തു തീരുമാനിച്ചാലും അവസാനതീരുമാനം മെത്രാന്റേതായിരിക്കുമെന്ന നിയന്ത്രണം കൊണ്ടുവന്നു. മെത്രാന് വേണമെങ്കിൽ വിലക്ക് കൽപ്പിക്കാമെന്ന നിയമവും വന്നു. പക്ഷേ പാശ്ചാത്യ മെത്രാന്മാരാരെങ്കിലും യോഗതീരുമാനങ്ങളെ വിലക്കാൻ ഒരുമ്പെട്ടിട്ടുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല.
പള്ളിയോഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ?
ഉദയംപേരൂർ സൂനഹദോസിനു മുമ്പുള്ള പള്ളിയോഗത്തെ ഏതെങ്കിലും തരത്തിൽ പുനരുദ്ധരിച്ചതാണ് ഇന്നത്തെ നമ്മുടെ പള്ളിയോഗമെന്ന് എനിക്കഭിപ്രായമില്ല. അവ തമ്മിൽ യാതൊരു ചേർച്ചയുമില്ല. മെത്രാന്മാർക്ക് ആവശ്യമുള്ള കാര്യങ്ങളിൽ അവർക്ക് ഹിതകരമായ ഉപദേശം നൽകുന്നതിനുള്ള ഒരു ഉപദേശകസമിതി മാത്രമാണ് ഇന്നത്തെ യോഗം.
എല്ലാ ഇടവക പ്രതിനിധികളും ഒരുമിച്ചു കൂടുന്ന സഭാസമ്മേളനമായിരുന്നു പൊതുയോഗം. അതിന് സമാന്തരമായി ഇന്ന് ഉള്ളത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയാണ്. വേണ്ടപ്പെട്ടവരെ അതാത് രൂപതകളിൽ നിന്നും നോമിനേറ്റ് ചെയ്ത് അയക്കുന്ന രീതിയാണത്. ഇതിനും സഭാനേതൃത്വത്തെ ഉപദേശിക്കാനുള്ള അധികാരമേയുള്ളൂ.
എനിക്കിവിടെ ഒരു കാര്യം പറയാനുണ്ട്. ഉദയംപേരൂർ സൂനഹദോസിന് മുമ്പുണ്ടായിരുന്ന സഭാഭരണക്രമങ്ങളെല്ലാം 2017-ൽ കൊണ്ടുവരണമെന്നോ പുനർജീവിപ്പിക്കണമെന്നോ പറയുന്നത് അതീവ ബാലിശമായിരിക്കും. അങ്ങനെ പുനരുദ്ധരിച്ച് നമുക്ക് ആധുനികകാലത്ത് മുമ്പോട്ടുപോകാൻ സാധിക്കില്ല. അപ്പോൾ സഭാത്മകമായ ജീവിതത്തെ സഹായിച്ചിരുന്നവയെ തിരിച്ചറിഞ്ഞും, മാനേജ്മെന്റ് തത്വങ്ങളെ കൂടെ ഉപയോഗിച്ചും, ആധുനികകാലത്തെ മൂല്യബോധങ്ങൾ പ്രയോജനപ്പെടുത്തിയും ഒരു സഭാകൂട്ടായ്മയെ വികസിപ്പിച്ചെടുക്കാൻ പടിപടിയായി നമ്മൾ ശ്രമിക്കണം. പക്ഷേ അത് അതികേന്ദ്രീകൃതമാകാതെ ജനകേന്ദ്രീകൃതമായി, വിശ്വാസകേന്ദ്രീകൃതമായി കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യണം.
അത്തരത്തിലൊരു ധീരമായ ശ്രമത്തിന് ഓറിയന്റൽ കാനൻ നിയമം മാത്രം രൂപീകരിച്ചപ്പോൾ നമുക്ക് അവസരമുണ്ടായിരുന്നു. അതിൽ പലയിടങ്ങളിലും കൂട്ടിച്ചേർക്കലിനുള്ള അവസരമുണ്ടായിരുന്നു. ഓറിയന്റൽ കാനൻ നിയമം ഉണ്ടാക്കിയപ്പോൾ നമുക്ക് വളരെയേറെ പങ്കാളിത്തമുണ്ടായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ നേതൃത്വം അതിൽ നിന്ന് ഒളിച്ചോടിക്കളഞ്ഞു. നമ്മൾ അന്ന് ധൈര്യപ്പെട്ടില്ല. ആലോചിച്ചുറച്ച് തീരുമാനം എടുക്കാൻ ആരോഗ്യമുള്ള സമൂഹമായി സഭാസമൂഹത്തെ കാണുന്നുണ്ടെങ്കിൽ ഇനിയും നമുക്ക് അവസരമുണ്ട്.
കണ്ണുമടച്ച് അനുകരിച്ചതു കൊണ്ടോ, കണ്ണടച്ച് പുനരുദ്ധരിച്ചതു കൊണ്ടോ കാര്യമില്ല. യഥാർത്ഥത്തിൽ പൂർണ്ണമായ പുനരുദ്ധാരണം വളരെയേറെ അപകടകരമാണ്. ഇന്ത്യയിലാകമാനം ഇപ്പോൾ പുനരുദ്ധാരണവാദികൾ എല്ലായിടത്തും അരങ്ങ് തകർക്കുകയാണല്ലോ. അതുപോലെ സുറിയാനി കത്തോലിക്കരുടെയിടയിൽ പുനരുദ്ധാരണ വാദം ഉണ്ടായാൽ അതിൽ ഞാൻ ഖേദിക്കും.
നിലവിലുള്ള സംവിധാനം തൃപ്തികരമല്ല. പുനരുദ്ധാരണ വാദവും ആരോഗ്യകരമായിരിക്കില്ല. നമ്മുടെ സഭയുടെ ചരിത്രവും തനിമയും നമ്മുടെ പിതാക്കന്മാർക്കൊക്കെ അറിയാം. അവർക്കൊക്കെ അക്കാര്യത്തിൽ ബോധ്യമുണ്ട്. അതിന്റെ വെളിച്ചത്തിൽ തുറന്ന മനസ്സോടെ ആധുനിക മാനേജ്മെന്റ് തത്വങ്ങൾ കൂടെ കൂട്ടിച്ചേർത്ത് നമ്മൾ നവീകരിക്കണം. ഉദാഹരണത്തിന് പണ്ട് നമ്മുടെ പള്ളിയോഗത്തിൽ സ്ത്രീകളെ അടുപ്പിച്ചിരുന്നില്ല. അതിന്ന് പിന്തുടരാൻ പറ്റുമോ? പള്ളിയോഗങ്ങളിൽ അവർക്കിന്ന് പ്രാതിനിധ്യം കൊടുക്കുന്നുണ്ടല്ലോ. ചെറിയൊരു തുടക്കമാണത്. ഇനിയും മുമ്പോട്ടുപോകണം.
ചങ്ങനാശ്ശേരി അതിരൂപതയുടെ സാമ്പത്തിക കണക്കു മുഴുവൻ ഒരു വർഷം പടിയറ പിതാവ് പാസ്റ്ററൽ കൗൺസിലിൽ അവതരിപ്പിച്ചു; അച്ചടിച്ചു വിതരണം ചെയ്തു. എന്നാൽ, അതിനുശേഷം അതാവർത്തിക്കാൻ പിതാവിന് കഴിഞ്ഞില്ല. അത് ചരിത്രമാണ്. അന്ന് ഞാനായിരുന്നു അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി. അത്തരം ധീരപൂർവ്വമായ നടപടികളാണ് വേണ്ടത്. അന്ന് ആളുകളൊക്കെ ഏറെ കൗതുകത്തോടെയാണ് പാസ്റ്ററൽ കൗൺസിലിന് എത്തിയത്. എന്തൊക്കെയോ നിഗൂഡതകൾ പുറത്തുവരുമെന്ന് പ്രതീക്ഷിച്ച്. കണക്ക് അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ഉള്ളി തൊലി പൊളിച്ച പോലെയായി.
ഇതിലൊന്നും കള്ളത്തരമുണ്ടെന്ന് ഞാൻ പറയില്ല. പക്ഷേ കെടുകാര്യസ്ഥത ഒത്തിരിയുണ്ട്. യഥാർത്ഥ സാമൂഹ്യനിയന്ത്രണം ഇല്ലാതെ വരുമ്പോഴുള്ള അപകടമാണിത്. ഇത്രയും സത്യസന്ധമായി ജീവിക്കുന്നവർ എന്തിന് കണക്ക് പരസ്യപ്പെടുത്താൻ ഭയപ്പെടണം? രൂപതാതലത്തിലും അതിനു മുകളിലും കണക്കവതരിപ്പിക്കാത്തത് അതിനുള്ളിൽ കള്ളത്തരമുള്ളതുകൊണ്ടായിരിക്കില്ല. മറിച്ച് സ്വന്തം കാര്യക്ഷമതയെക്കുറിച്ചുള്ള വിശ്വാസമില്ലായ്മയിൽ നിന്ന് വരുന്ന ഭയംകൊണ്ടാണ്.” ……….
https://ml.m.wikipedia.org/w/index.php?title=%E0%B4%89%E0%B4%A6%E0%B4%AF%E0%B4%82%E0%B4%AA%E0%B5%87%E0%B4%B0%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%82%E0%B4%A8%E0%B4%B9%E0%B4%A6%E0%B5%8B%E0%B4%B8%E0%B5%8D&diffonly=true
Posted inUncategorized