#ഓർമ്മ
മള്ളൂർ ഗോവിന്ദപിള്ള.
മള്ളൂർ ഗോവിന്ദപ്പിള്ളയുടെ (1878-1969) ചരമവാർഷികദിനമാണ്
ജൂൺ 20.
തിരുവിതാംകൂറിലെ ഏറ്റവും പ്രമുഖനായ
അഭിഭാഷകൻ, തിരുവിതാംകൂർ ലോ കോളേജ് പ്രിൻസിപ്പൽ, സാഹിത്യ നിരുപകൻ, കവി, തിരുവിതാംകൂർ സർവ്വകലാശാലയുടെ പൗരസ്ത്യഭാഷാവകുപ്പ് അദ്ധ്യക്ഷൻ, നിയമവകുപ്പ് അദ്ധ്യക്ഷൻ, ശ്രീമൂലം പ്രജാസഭാ അംഗം ബഹുമുഖപ്രതിഭയായ മള്ളൂർ അലങ്കരിച്ച സ്ഥാനങ്ങൾ അനവധിയാണ്.
“ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമെ രാമനാരായണ” എന്ന ചൊല്ല് കേട്ടാണ് എൻ്റെ തലമുറ വളർന്നത്. തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തനായ ഈ ക്രിമിനൽ വക്കീൽ ജനിച്ചത് കോട്ടയം കോടിമതയിലാണ്.
ഹൈസ്കൂൾ അധ്യാപകനായി ജീവിതമാരംഭിച്ച മള്ളൂർ, 1904ൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 2 രൂപ ഫീസ് വാങ്ങി തുടങ്ങിയ വക്കീലിൻ്റെ ഫീസ് 4 വര്ഷം കഴിഞ്ഞപ്പോഴേക്കും ചാല ലഹള കേസിൽ 5000 രൂപ ആയിരുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിൻ്റെ കഴിവ് എന്തായിരുന്നു എന്ന് വ്യക്തമാകും. ഇന്നത്തെ അഡ്വക്കേറ്റ് ജനറലിനു തുല്യമായ സര്ക്കാര് വക്കീലായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകനായിരുന്ന സമയത്ത് മള്ളൂരിന് തൻ്റെ ശിഷ്യനെ ജെയിലിൽ അടപ്പിക്കേണ്ടതായും വന്നു. കോഴഞ്ചേരി പ്രസംഗത്തിൻ്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട പിൽക്കാല തിരുക്കൊച്ചി മുഖ്യമന്ത്രി സി കേശവൻ ആയിരുന്നു ആ പ്രിയ ശിഷ്യൻ.
ഒരു കൊലക്കേസിൽ ഹാജരാക്കിയ തോക്കിൽ നിന്ന് കൊലക്ക് ഉപയോഗിച്ച വെടിയുണ്ട പുറപ്പെടുവിക്കാൻ കഴിയില്ല എന്ന് തെളിയിച്ച് പ്രതിയെ വെറുതെ വിടീക്കാൻ മള്ളൂരിന് കഴിഞ്ഞു. പക്ഷേ നാട്ടിൽ മുഴുവൻ പാട്ടായ കഥ വെടിയുണ്ട വിഴുങ്ങി മള്ളൂർ കൊലപാതകിയെ രക്ഷപെടുത്തി എന്നായിരുന്നു.
ഒരുകാലത്ത് തിരുവനന്തപുരത്തെ ഏത് യോഗവും മള്ളൂർ വന്നതിനു ശേഷമേ ആരംഭിക്കുകയുള്ളൂ . അത്രക്കായിരുന്നു അദ്ദേഹത്തിൻ്റെ ആഞ്ജാശക്തിയും പ്രഭാഷണമികവും.
തിരുവനന്തപുരം വഞ്ചിയൂരുള്ള മള്ളൂർ റോഡ് ഈ അഭിഭാഷകസിംഹത്തിൻ്റെ ഓർമ്മ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized