#ഓർമ്മ
നിധീരിക്കൽ മാണിക്കത്തനാർ.
നിധീരിക്കൽ മാണിക്കത്തനാരുടെ ( 1842- 1904) ചരമവാർഷികദിനമാണ് ജൂൺ 20.
19ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളികളിൽ സമുന്നതനാണ് കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ അനിഷേധ്യനേതാവായിരുന്ന മാണിക്കത്തനാർ( ഫാദർ ഇമ്മാനുവൽ നിധീരി).
1920ൽ ഭാഷപോഷിണി നടത്തിയ ഒരു സർവേയിൽ ശ്രീശങ്കരാചര്യർ, മാർത്താണ്ഡവർമ്മ, രാജാ കേശവദാസൻ തുടങ്ങിയവരോടൊപ്പം കേരളത്തിന്റെ 15 വീരപുത്രന്മാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട മാണിക്കത്തനാർ ധിക്ഷണ കൊണ്ടും നേതൃപാടവം കൊണ്ടും സമൂഹത്തിന് നൽകിയ അമൂല്യസംഭാവനകൾ എണ്ണിയാൽ തീരില്ല.
കൂനൻകുരിശു സത്യത്തിനുശേഷം ഭിന്നിച്ചുനിന്ന മാർതോമാ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ തലനാരിഴക്കു വിജയിക്കാതെ പോയത് ചരിത്രത്തിൻറെ വിഗതിയായി അവശേഷിക്കുന്നു.
അതിനായി അദ്ദേഹം തുടങ്ങിയ നസ്രാണി ജാത്യ ഐക്യസംഘം പിന്നീടു വന്ന അധികാരികൾ തകർത്തു.
കേരളസഭക്ക് സ്വയംഭരണം ലഭിക്കുന്നതിനായി അര നൂറ്റാണ്ട് കാലം അദ്ദേഹം പോരാടി. സുറിയാനിക്കാർക്കായി കോട്ടയം, തൃശ്ശൂർ വികാരിയത്തുകൾ സ്ഥാപിക്കപ്പെട്ടു. മാണിക്കാത്തനാർ വികാരി ജനറലായി നിയമിക്കപ്പെട്ടു. മെത്രാന്റെ സ്ഥാനികചിഹ്നങ്ങൾ അണിഞ്ഞു ദിവ്യബലി അർപ്പിക്കാനുള്ള അധികാരം ലഭിച്ചുവെന്നത് സഭയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമാണ്.
മലയാളത്തിലെ പത്രമുത്തശിയായ ദീപികയുടെ സ്ഥാപകനും പ്രഥമപത്രാധിപരും എന്ന നിലയിൽ കേരളസമൂഹം മാണിക്കത്തനാരോട് കടപ്പെട്ടിരിക്കുന്നു.
സമ്പന്നവും പ്രശസ്തവുമായ കുറവിലങ്ങാട് നിധീരിക്കൽ കുടുംബത്തിലെ അംഗമെന്ന നിലയിൽ കണക്കറ്റ സ്വത്തിന് ഉടമയായിരുന്നിട്ടും ദൈവത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. സഭയിലെ വിഭാഗീയതമൂലം വൈദികനാകാൻ 17 കൊല്ലം കാത്തിരിക്കേണ്ടി വന്നിട്ടും വെച്ച കാൽ പുറകോട്ട് എടുക്കാൻ അദ്ദേഹം തയാറായില്ല. മുഴുവൻ സ്വത്തുക്കളും അദ്ദേഹം സഭക്കായി ചെലവഴിച്ചു. കോട്ടയത്ത് കോളേജ് തുടങ്ങാൻ അദ്ദേഹം വാങ്ങിയ സ്ഥലത്താണ് ഇന്ന് ബസേലിയോസ് കോളേജ് സ്ഥിതിചെയ്യുന്നത്. കുറവിലങ്ങാട് അദ്ദേഹം പണികഴിപ്പിച്ച ബ്രഹ്‌മാണ്ടൻ പള്ളിമേട ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു.
വി സി ജോർജ് മലയാളത്തിലും എബ്രഹാം നിധീരി ഇംഗ്ലീഷിലും രചിച്ചിട്ടുള്ള ജീവചരിത്രങ്ങൾ ഫാദർ ഇമ്മാനുവൽ നിധീരി എന്ന ബഹുമുഖപ്രതിഭയെ നമുക്ക് പരിചയപ്പെടുത്തുന്നു.
– ജോയ് കള്ളിവയലിൽ.


