#ഓർമ്മ
വായന ദിനം.
പി എൻ പണിക്കരുടെ ഓർമ്മദിനം.
ജൂൺ 19 വായന ദിനമാണ്.
മലയാളികളിൽ വായനാശീലം വളർത്താൻ ജീവിതം ഉഴിഞ്ഞുവെച്ച പി എൻ പണിക്കരുടെ (1909-1995) ചരമദിനമാണ് മലയാളികൾ വായന ദിനമായി ആചരിക്കുന്നത്.
കോട്ടയം ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനനം.
കൂട്ടുകാരോടൊപ്പം വീടുവീടാന്തരം കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച്
‘സനാതന ധര്‍മം’ എന്ന പേരില്‍ നീലംപേരൂരില്‍ ആരംഭിച്ച വായനശാലയാണ് തുടക്കം. വര്‍ത്തമാനപ്പത്രങ്ങള്‍ ചുരുക്കമായിരുന്ന അക്കാലത്ത് ഗ്രാമത്തിലെ ചായക്കടയില്‍ പത്രം വായിക്കാനെത്തുന്ന സാധാരണ ജനങ്ങള്‍ക്ക് ഒരു വിജ്ഞാനകേന്ദ്രമായി സനാതനധര്‍മം വായനശാല മാറി.
1925ല്‍, 16 വയസില്‍ അദ്ദേഹം അധ്യാപകനായി. അമ്പലപ്പുഴയിലേക്ക് സ്ഥലം മാറ്റപ്പെട്ട പണിക്കര്‍ സാര്‍ അവിടെയും ഒരു ഗ്രന്ഥശാല തുടങ്ങി.
വായനശാലക്ക് ആവശ്യമായ വസ്തുവും, കെട്ടിടവും, ഫര്‍ണീച്ചറും മറ്റ് സാധനസാമഗ്രികളും സൗജന്യമായി സമാഹരിക്കുവാന്‍ കഴിഞ്ഞത് പണിക്കർ സാറിന്റെ ലക്ഷ്യബോധത്തിൻ്റെ തെളിവാണ്. സാഹിത്യപഞ്ചാനന്‍ പി കെ നാരായണപിള്ളയുടെ ഓർമ്മക്കായി ‘പി കെ മെമ്മോറിയല്‍’ എന്നാണ് ഗ്രന്ഥശാലക്ക് പേരിട്ടത്. ഗ്രന്ഥശാലകളുടെ ഒരു സംഘത്തെ കുറിച്ചായി പിന്നീട് അദ്ദേഹത്തിന്റെ ആലോചന. തിരുവിതാംകൂര്‍ കമ്പനീസ് ആക്ട് അനുസരിച്ച് 1945 ഏപ്രില്‍ 30ന് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം എന്ന പ്രസ്ഥാനം ഉത്ഘാടനം ചെയ്യപ്പെട്ടു.
ദിവാൻ സര്‍ സി പി രാമസ്വാമി അയ്യരായിരുന്നു ഉത്ഘാടകന്‍. അമ്പലപ്പുഴ ആസ്ഥാനമാക്കി 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി ആരംഭിച്ച സംഘത്തിന്റെ സെക്രട്ടറിയായി പണിക്കര്‍ സാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റപ്പെട്ടു. ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ ഒരു അലമാരയുടെ അടിത്തട്ട് സംഘം റെക്കോര്‍ഡുകള്‍ സൂക്ഷിക്കുവാനായി ലഭിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുവേണ്ടി മുഴുവന്‍ സമയവും വിനിയോഗിക്കുവാന്‍ അദ്ദേഹം അധ്യാപകവൃത്തി ഉപേക്ഷിച്ചു.
സംഘത്തിന് ഒരു ആസ്ഥാനത്തിനായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. തിരുവനന്തപുരം സംസ്‌കൃത കോളേജ് വളപ്പിലെ ഒരു ചെറിയ മുറി അനുവദിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പില്‍ സ്ഥലം സമ്പാദിച്ച് സംഘത്തിന് സ്വന്തമായി ആസ്ഥാനമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞത് പി എന്‍ പണിക്കര്‍ സാറിന്റെ ശ്രമം മൂലമാണ്.
തിരു- കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ
കൊച്ചി രാജ്യത്തെ മുഴുവന്‍ ലൈബ്രറികളേയും ഗ്രന്ഥശാലാ സംഘത്തിന്റെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ പണിക്കര്‍ സാറിനെ സഹായിച്ചത് പനമ്പിള്ളി ഗോവിന്ദമേനോനാണ്.
‘എഴുത്ത് പഠിച്ച് കരുത്തു നേടുക’, ‘ വായിച്ചു വളരുക’, ‘ചിന്തിച്ചു പ്രബുദ്ധരാകുക’, ഇതെല്ലാം പണിക്കര്‍ സാര്‍ നമുക്കു നല്കിയ മുദ്രാവാക്യങ്ങളാണ്. സ്വന്തമായി കെട്ടിടമില്ലാതിരുന്ന പല ഗ്രന്ഥശാലകള്‍ക്കും ഉദാരമതികളില്‍ നിന്നും സ്ഥലവും കെട്ടിടവും ചോദിച്ചു വാങ്ങിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാലാസംഘങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിച്ചു. പുസ്തകങ്ങള്‍ വിലകൊടുത്തും സംഭാവനയായും സമാഹരിച്ച് സാർ ഗ്രന്ഥശാലകളെ സഹായിച്ചു. കേരളപ്പിറവിയോടെ, സംഘത്തിന്റെ പേര് കേരള ഗ്രന്ഥശാലാ സംഘം എന്നാക്കി. 1971ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി കൊണ്ടാടി. ഇന്ന് ഗ്രന്ഥശാലാ സംഘം കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരികപ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു.
1976ല്‍ നടന്ന സംഘം തെരഞ്ഞെടുപ്പിനു ശേഷം
32 വര്‍ഷത്തെ നിസ്തദ്രവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തോട് അദ്ദേഹത്തിനു വിടപറയേണ്ടി വന്നു. ഗ്രന്ഥശാലാസംഘത്തിന്‍റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു.
പച്ചവെള്ളം കുടിച്ചും കാൽനടയായും ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ചാണ് അദ്ദേഹം സംഘത്തെ വളർത്തിയത്. ലളിതജീവിതവും ഉയര്‍ന്നചിന്തയും – അദ്ദേഹത്തിന്റെ ജീവിതം അതിനുദാഹരണമായിരുന്നു. വേഷത്തിലും ആഹാരത്തിലും അദ്ദേഹം അറുപിശുക്കനാണെന്നു തോന്നും. മിതമായ ആഹാരം, കഠിനാധ്വാനം ഇവ അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. പൊതുമുതല്‍ ചെലവഴിക്കുന്നതില്‍ അതീവനിയന്ത്രണം അദ്ദേഹം പാലിച്ചിരുന്നു.
ഗ്രന്ഥശാലാസംഘത്തോടു വിടപറയേണ്ടി വന്നെങ്കിലും, പി ടി ഭാസ്‌കരപണിക്കര്‍, തെങ്ങമം ബാലകൃഷ്ണന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ. ശിവദാസന്‍പിള്ള തുടങ്ങിയ ക്രാന്തദര്‍ശികളുടെ സഹകരണത്തോടെ, 1977 ജൂണ്‍ 30ന് കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിക്ക് ( KANFED) അദ്ദേഹം ജന്മംനല്കി. അനൗപചാരിക വിദ്യാഭ്യാസം വെറും അക്ഷരം പഠിപ്പിക്കലല്ല എന്നു ജനങ്ങള്‍ക്കു ബോധ്യമായി. ബോധവത്കരണ പ്രക്രിയയിലൂടെ ജനങ്ങളെ ജനാധിപത്യ ഭരണസംവിധാനത്തിന്റെ ഭാഗഭാക്കാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1985ല്‍, സാക്ഷരതയുടെ സന്ദേശം പ്രചരിപ്പിക്കുവാന്‍ കാസര്‍കോടു നിന്നും കന്യാകുമാരിയിലേക്ക് പണിക്കര്‍ സാര്‍ നയിച്ച യാത്ര ചരിത്രമാണ്.
14 ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പുരോഗതിയും ബോധവത്കരണവും, ജനങ്ങള്‍ക്ക് പഠിക്കണം, വീട്ടമ്മമാര്‍ക്കൊരു പുസ്തകം, തുടങ്ങിയവ അതില്‍പെടും.
കാഞ്ഞങ്ങാട് പി എൻ പണിക്കർ സഹകരണ ആയുർവേദ മെഡിക്കൽ കോളേജ് ഈ അക്ഷരസ്നേഹിയുടെ സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized