#ഓർമ്മ
ചങ്ങമ്പുഴ.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ
(1911-1948) ഓർമ്മദിവസമാണ്
ജൂൺ 17.
ഒരു തലമുറയുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന ചങ്ങമ്പുഴയുടെ രണ്ടു വരി കവിതയെങ്കിലും ചൊല്ലാത്ത മലയാളിയില്ല.
ഇടപ്പള്ളിയിലെ ഒരു ക്ഷയിച്ച തറവാട്ടിൽ, ദാരിദ്ര്യത്തിനു നടുവിൽ ജനിച്ച ചങ്ങമ്പുഴ, പഠിക്കുന്ന കാലത്ത് തന്നെ കവി എന്ന നിലയിൽ പ്രസിദ്ധനായി. പ്രിയ തോഴൻ, കവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയിൽ ഹൃദയം നുറുങ്ങി എഴുതിയ രമണൻ എന്ന ഖണ്ഡകാവ്യം, മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ കവിതയായി മാറി.
തിരുവനന്തപുരത്തെ ബിരുദപഠനകാലത്ത് തന്നെ ശ്രീദേവി എന്ന യുവതിയെ വിവാഹം ചെയ്ത ചങ്ങമ്പുഴ പക്ഷേ, ഭാര്യക്കും മക്കൾക്കും സമ്മാനിച്ചത് ദുരന്തജീവിതമാണ്. ദേവി എന്ന വിവാഹിതയായ കാമുകിയുടെ സാമീപ്യം പ്രതീക്ഷിച്ച്
മദ്രാസിൽ നിയമം പഠിക്കാൻ പോയെങ്കിലും പൂർത്തിയാക്കാതെ തിരിച്ചുപോന്ന കഥ എം കെ സാനുജീവചരിത്രത്തിൽ വിവരിക്കുന്നുണ്ട്.
വിദ്യർഥിയായിരിക്കെ സ്വന്തം കവിത ക്ലാസിൽ പഠിപ്പിക്കുന്നത് കാണാൻ ഭാഗ്യമുണ്ടായ പ്രതിഭയാണ് 17 വയസിൽ കവിത എഴുതി പ്രസിദ്ധപ്പെടുത്തിയ ചങ്ങമ്പുഴ.
പിന്നീട് മംഗളോദയം മാസികയുടെ പത്രാധിപസമിതിയിൽ അംഗമായി.
മദ്യത്തിനും മദിരാക്ഷിക്കും കീഴ്പെട്ട, തികഞ്ഞ അരാജകജീവിതം നയിച്ച ചങ്ങമ്പുഴ ക്ഷയരോഗം പിടിപെട്ട് ജീവിതം അവസാനിക്കുമ്പോൾ വെറും 38 വയസ് മാത്രമായിരുന്നു പ്രായം.
സഹപാഠിയായ ഗുപ്തൻ നായർ, സുഹൃത്തായ എം കെ സാനു, എം പി വീരേന്ദ്രകുമാർ എന്നിവർ എഴുതിയ ജീവചരിത്രങ്ങൾ ശ്രദ്ധേയമാണ്.
ഇടപ്പളളിയിലെ ചങ്ങമ്പുഴ സ്മാരകം ഇന്ന് വലിയ ഒരു സാംസ്കാരിക കേന്ദ്രമാണ്. ചങ്ങമ്പുഴ പാർക്ക് ഇന്ന് ഒരു മെട്രോ സ്റ്റേഷനാണ്.
– ജോയ് കള്ളിവയലിൽ.
https://youtu.be/Z4GDAtLOae4













