അയ്യൻകാളി

#ഓർമ്മ

അയ്യങ്കാളി.

അയ്യങ്കാളി (1863-1941) സ്മൃതിദിനമാണ്
ജൂൺ 18.

അധഃസ്ഥിതജനതയുടെ അവകാശങ്ങൾക്കായി ആദ്യമായി പോരാട്ടം നടത്തിയ മഹാനാണ് അയ്യങ്കാളി.
തിരുവനന്തപുരത്തെ വെങ്ങാനൂരിൽ അയ്യൻ്റെ മകനായി
ജനിച്ച കാളിയാണ് അയ്യങ്കാളി എന്ന് അറിയപ്പെട്ടുതുടങ്ങിയത്.
പുലയർ, പറയർ തുടങ്ങിയ തൻ്റെ ജനത മനുഷ്യരായിപ്പോലും കണക്കാക്കപ്പെടുന്നില്ല എന്ന ദുഃഖസത്യം ചെറുപ്പത്തിൽതന്നെ തിരിച്ചറിഞ്ഞ അയ്യങ്കാളി, 1898-99 കാലത്ത് തിരുവിതാംകൂറിൻ്റെ ചരിത്രത്തിലാദ്യമായി കാർഷികസമരം നടത്തി. വയലുകൾ കൊയ്യാതെ ഇടുക എന്ന സമരരീതി ബാലരാമപുരം, കഴക്കൂട്ടം തുടങ്ങിയ പ്രദേശങ്ങളിൽ മാടമ്പിമാരുമായി ഏറ്റുമുട്ടൽ വരെയെത്തിയിട്ടും പിന്മാറാൻ അയ്യങ്കാളി തയാറായില്ല. അധഃസ്ഥിതസ്ത്രീകളുടെ അടിമത്തത്തിൻ്റെ പ്രതീകമായ കല്ലുമാല പൊട്ടിച്ചെറിയാൻ നേതൃത്വംകൊടുത്ത സമരമാണ് 1915ലെ കല്ലുമാല സമരം.
ദളിത് കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള പോരാട്ടം വിജയിക്കാൻ 1904 വരെ വേണ്ടിവന്നു. വെങ്ങാനൂരിൽ അദ്ദേഹം സ്വന്തമായി ഒരു സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.
മുന്നോക്കജാതിക്കാർക്ക് മാത്രം സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്ന വില്ലുവണ്ടി സ്വന്തമായി വാങ്ങി തലപ്പാവ് ധരിച്ച് യാത്രചെയ്താണ് തൻ്റെ ജനതയുടെ അപകർഷതാബോധം ആ മഹാൻ മാറ്റിയെടുത്തത്.
1907ൽ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അയ്യങ്കാളി, അധസ്ഥിതജനതക്കായി ശബ്ദമുയർത്താൻ നിയമനിർമ്മാണവേദിയും ഉപയോഗപ്പെടുത്തി.
വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ 1980 നവംബറിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അനാശ്ചാദനം ചെയ്തത്. തിരുവനന്തപുരത്തെ വി ജെ ടി ഹാൾ 2019 ഓഗസ്റ്റ് മുതൽ അയ്യങ്കാളി ടൗൺ ഹാൾ ആണ്.
ദളിത് സമൂഹത്തിൻ്റെ ഉന്നമനത്തിനായി 1911ൽ അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘം പക്ഷേ, അതേകാലത്ത് രൂപം കൊണ്ട എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയ സംഘടനകൾ പോലെ വിജയം നേടിയിട്ടില്ല. ദളിതരിലെ ഉപ ജാതികളും, അവർക്ക്
സ്വന്തമായി ഭൂമിയും ഉയർന്ന വിദ്യാഭ്യാസവും ഇല്ലാതെ പോയതാവാം പ്രധാന കാരണം.
ദലിതർ ഇന്ന് ആർക്കും അവഗണിക്കാൻ കഴിയാത്ത ശക്തിയായി വളരുന്നുവെങ്കിൽ അതിൻ്റെ ചാലകശക്തി അയ്യങ്കാളി എന്ന മഹാനാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *