#ചരിത്രം
ജസ്റ്റീസ് എച്ച് ആർ ഖന്നയും
നട്ടെല്ലുള്ള ജഡ്ജിമാരും.
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രം പരിശോധിച്ചാൽ അതതുകാലത്തെ സർക്കാരുകൾക്ക് അപ്രീതിയുണ്ടാകുന്ന വിധിന്യായങ്ങൾ പുറപ്പെടുവിക്കാൻ ആർജവവും ധയ്ര്യവും കാണിച്ച ന്യായാധിപന്മാർ എണ്ണത്തിൽ കുറവാണ് എന്ന് കാണാം. അതിനുള്ള പ്രതിബദ്ധത കാണിച്ച മിക്കവരും സർക്കാരിൻ്റെ വൈര്യനിരാതനബുദ്ധിക്ക് ഇരയായിട്ടുമുണ്ട് .
ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിക്കാണിച്ച ജഡ്ജിമാരുടെ കൂട്ടത്തിൽ സ്വർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട പേരാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന എച്ച് ആർ ഖന്ന.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ 1975ലെ കുപ്രസിദ്ധമായ അടിയന്തിരാവസ്ഥക്കാലത്ത് ഒരു പൗരൻ്റെ ജീവനെടുക്കാൻ പോലും സർക്കാരിന് അധികാരമുണ്ട് എന്ന് ഭൂരിപക്ഷം വരുന്ന നാല് ജഡ്ജിമാർ വിധിയെഴുതിയപ്പോൾ ശക്തമായി വിയോജിച്ച ഏക ജഡ്‌ജിയാണ് ജസ്റ്റീസ് ഖന്ന. അതിന് അദ്ദേഹം കനത്ത വില കൊടുക്കേണ്ടിയും വന്നു. ചീഫ് ജസ്റ്റിസ് പദവി അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ജസ്റ്റീസ് ഖന്ന രാജിവെച്ച് ഒഴിയുകയും ചെയ്തു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്നു രാജേന്ദ്രനാഥ് അഗർവാൾ.
സുപ്രസിദ്ധ പത്രപ്രവർത്തകനായ കുൽദീപ് നയ്യാരെ കുപ്രസിദ്ധമായ മിസ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തപ്പോൾ അന്യായമായി തടങ്കലിൽവെക്കപ്പെടുന്ന ഒരു പൗരന് നഷ്ടപരിഹാരം നൽകാൻപോലും സർക്കാരിന് ബാധ്യതയുണ്ട് എന്ന് ജസ്റ്റീസ് രംഗനാഥൻ, ജസ്റ്റീസ് അഗർവാൾ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിധിയെഴുതി. രംഗനാഥൻ മണിപ്പൂർ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. അഡീഷണൽ ജഡ്ജിയായിരുന്ന അഗർവാളിന് സ്ഥിരനിയമനം നഷ്ടപെട്ടു.
പക്ഷേ 1977ൽ അധികാരത്തിൽ വന്ന ജനതാ സര്ക്കാര് അദ്ദേഹത്തിന് മുൻകാലപ്രാബല്യത്തോടെ സ്ഥിരനിയമനം നൽകി. ജസ്റ്റീസ് അഗർവാൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിക്കുകയും ചെയ്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസാകരുത് എന്ന് ഉറപ്പിക്കാനായി വർഷങ്ങളാണ് ജസ്റ്റീസ് കെ എം ജോസഫിൻ്റെ നിയമനം കോളീജിയം പല തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്ക്കാര് തടഞ്ഞുവെച്ചത്.
അതേസമയം സർക്കാരിന് അനുകൂലമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ കാത്തിരിക്കുന്നത് രാജ്യസഭാ എം പി, ഗവർണർ, വിവിധ കമ്മീഷൻ ചെയർമാൻ സ്ഥാനങ്ങൾ തുടങ്ങിയ പ്രലോഭനങ്ങളാണ്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിയുടെ സ്വപ്നങ്ങൾ മുഴുവൻ പൂവണിയാതെ പോയതിൻ്റെ ഒരു കാരണം തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ശതകോടികൾ സംഭരിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം സുപ്രീംകോടതി പരാജയപ്പെടുത്തിയതാണ്.
ജുഡീഷ്യറിയുടെ അടിമുതൽ മുടിവരെ സംഘപരിവാർ അനുകൂലികൾ കയറിപ്പറ്റിക്കഴിഞ്ഞു എന്നതിൻ്റെ തെളിവാണ് കൽക്കത്ത ഹൈക്കോടതിയിലെ ഒരു ജഡ്ജി വിരമിക്കുന്ന ദിവസം നടത്തിയ പരസ്യസമ്മതം.
ജസ്റ്റീസ് ഖന്നയുടെ ആത്മകഥ നിയമവ്യവസ്ഥയെ സ്നേഹിക്കുന്ന എല്ലാവരും വായിക്കേണ്ട ഒന്നാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized