#ഓർമ്മ
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ.
ഉള്ളൂരിൻ്റെ (1877-1949) ചരമവാർഷികദിനമാണ്
ജൂൺ 15.
ആശാൻ, ഉള്ളൂർ, വള്ളത്തോൾ – പോയ ഒരു തലമുറയിലെ മലയാളകവിതയുടെ മുഖമായിരുന്നു കവിത്രയങ്ങൾ.
അവരിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ച ഏക വ്യക്തിയാണ് ഉള്ളൂർ.
കവിയും ഭരണാധികാരിയും എന്നതിന് പുറമേ സാഹിത്യചരിത്രകാരനും കൂടിയായിരുന്നു ബഹുമുഖ പ്രതിഭയായ ഉള്ളൂർ.
ചങ്ങനാശ്ശേരിയിൽ ജനിച്ച പരമേശ്വര അയ്യർ ക്ലർക്കായി തിരുവിതാംകൂർ സർവീസിൽ കയറിയതോടെ തിരുവനന്തപുരത്തെ ഉള്ളൂരിൽ താമസമാക്കി. ജോലിയിൽ ഇരുന്നുകൊണ്ട് തന്നെ നിയമ ബിരുദവും മലയാളം തമിഴ് ഭാഷകളിൽ എം എ യും നേടി.
ദിവാൻ പേഷ്ക്കാരും ( ഇന്നത്തെ കളക്ടർ) ഗവർമെൻ്റ് സെക്രട്ടറിയുമായി ഉയർന്നു. ഉന്നത ഉദ്യോഗസ്ഥർ രാജഭരണകാലത്ത് നിയമസഭാ അംഗങ്ങളും കൂടിയായിരുന്നു. ഉള്ളൂർ ശ്രീമൂലം പോപ്പുലർ അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിലും അംഗമായി സേവനംചെയ്തു.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ വിഷയങ്ങളിൽ എഴുതിയ 66 പ്രബന്ധങ്ങളുടെ സമാഹാരമാണ് 4 വാല്യങ്ങളുള്ള വിജ്ഞാനദീപിക. മയൂരസന്ദേശത്തിന് ഇംഗ്ലീഷ് വിവർത്തനവും രചിച്ചു.
കാക്കേ കാക്കേ കൂടെവിടെ എന്ന മനോഹരമായ ബാല കവിത ഉള്ളൂർ എഴുതിയതാണ് എന്ന് പലർക്കും അറിയില്ല.
കവിതകൾക്ക് പുറമെ കേരള സാഹിത്യ ചരിത്രമാണ് മഹാകവിയുടെ നിതാന്ത സംഭാവന.
” അടിയനിനിയുമുണ്ടാം ജന്മ:മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ” എന്നാണ് ഈ ദേശസ്‌നേഹി എഴുതിയത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized