സത്യൻ

#ഓർമ്മ

സത്യൻ.

സത്യൻ്റെ ( 1912-1971) ചരമവാർഷികദിനമാ ണ്
ജൂൺ 15.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ എന്ന് വിശേഷിപ്പിക്കാവുന്ന സത്യൻ്റെ സിംഹാസനം അര നൂറ്റാണ്ടിനു ശേഷവും ഒഴിഞ്ഞു കിടക്കുന്നു.
ചാരുവിളാകത്ത് വീട്ടിൽ മാനുവൽ സത്യനേശൻ നാടാർ തിരുവനന്തപുരം സെൻ്റ് ജോസഫ്സ് സ്കൂളിൽ അധ്യാപകനായിരുന്നു. ജോലി രാജി വെച്ചു പട്ടാളത്തിൽ ചേർന്ന സത്യൻ രണ്ടാം ലോകമഹായുദ്ധത്തിൽ വൈസ്രോയിയുടെ കമ്മിഷൻഡ് ഓഫീസറായി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. തിരിച്ചെത്തി തിരുവിതാംകൂർ പോലീസിൽ ഇൻസ്‌പെക്ക്ടറായി. കുപ്രസിദ്ധമായ പുന്നപ്ര വയലാർ സമരം അടിച്ചമർത്താൻ ഈ ഇൻസ്‌പെക്ക്ടറുമുണ്ടായിരുന്നു.
41 വയസിലാണ് സിനിമയിൽ അരങ്ങേറിയത്. ആദ്യത്തെ ചിത്രം ത്യാഗസീമ വെളിച്ചം കണ്ടില്ല. 1952ൽ ആത്മസഖി റിലീസായി .
മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നീലക്കുയിൽ സത്യൻ്റെ ജീവിതത്തിലും നിർണ്ണായകമായി. ഉറൂബ്, പി ഭാസ്കരൻ, രാമു കാര്യാട്ട്, മിസ് കുമാരി എന്നിവരോടൊപ്പം സത്യനും ചരിത്രത്തിൽ ഇടംപിടിച്ചു. കേശവദേവിൻ്റെ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ റിക്ഷാക്കാരൻ പപ്പു സത്യനെ മലയാളസിനിമയുടെ തലപ്പത്ത് എത്തിച്ചു. പിന്നീട് മരണം വരെ രണ്ടു പതിറ്റാണ്ട് സത്യൻ ഒന്നാമനായി അടക്കിവാണു. കറുത്ത, കുള്ളനായ, ഒരു മനുഷ്യൻ സിനിമയിലെ നായകസങ്കല്പം തന്നെ തകർത്തെറിഞ്ഞു.
മലയാളത്തിലെ എണ്ണപ്പെട്ട പല നോവലുകളും ഓർക്കപ്പെടുന്നത് വെള്ളിത്തിരയിൽ സത്യൻ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ്.
കടൽപ്പാലം, യക്ഷി, അനുഭവങ്ങൾ പാളിച്ചകൾ എല്ലാം സത്യൻ്റെ നിത്യസ്മാരകങ്ങളായി നിലനിൽക്കുന്നു.
രക്താർബുദം ബാധിച്ചത് അറിഞ്ഞത് കുട്ട്യേടത്തി എന്ന സിനിമയിൽ അഭിനയിക്കുമ്പോഴും. എന്നിട്ടും മരണം മാടിവിളിക്കുന്നതുവരെ പൗരുഷത്തിൻ്റെ പ്രതീകമായി ആ അഭിനയചക്രവർത്തി രംഗത്ത് തുടർന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *