#കേരളചരിത്രം
#ചരിത്രം
കാഞ്ഞിരപ്പള്ളിയിൽ സൈക്കിൾ.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഇന്ത്യയിലെ സാധാരണക്കാരൻ്റെ വാഹനമാണ് സൈക്കിൾ.
യൂറോപ്പിൽ സൈക്കിൾ കണ്ടുപിടിച്ച് ഏതാണ്ട് 70 വര്ഷം കഴിഞ്ഞ് 1890കളിലാണ്
ഈ ഇരുചക്രവാഹനം ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിച്ചത്. പിന്നീടങ്ങോട്ട് സൈക്കിൾ വിപണിയുടെ വളർച്ച അഭൂതപൂർവമായിരുന്നു. 1910 ആയപ്പോഴേക്കും 35000 സൈക്കിളുകൾ ഇറക്കുമതി ചെയ്തിരുന്നു.
ഞാൻ ജനിച്ചു വളർന്ന
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ആദ്യത്തെ സൈക്കിൾ വന്ന കഥ ഒരു നൂറ്റാണ്ട് മുൻപ് കല്ലറക്കൽ കരിക്കാട്ടുപറമ്പിൽ കുരുവിള കുഞ്ഞുവർക്കി “ദേശചരിത്രം” എന്ന പേരിൽ എഴുതി സൂക്ഷിച്ചത് വായിക്കുക:
” 1908- ലാണ് കാഞ്ഞിരപ്പള്ളിയിൽ ഒരു സൈക്കിൾ പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് അഞ്ചടിയിൽക്കുറയാതെ പൊക്കമുള്ളതും കാലുകൊണ്ട് ചവിട്ടിവിടുന്നതുമായ ഒരു സൈക്കിളിൽ കോട്ടയത്തുനിന്ന് ഒരു സായ്പ്പ് വന്നുചേർന്നു. പലിടത്ത് വീണും ക്ഷതമേറ്റുമാണ് അദ്ദേഹം കാഞ്ഞിരപ്പള്ളിയിലെത്തിയത്. സൈക്കിളിൽ തുടർന്നു സഞ്ചരിക്കാനുള്ള പ്രയാസം കൊണ്ട് സായ്പ്പ് സൈക്കിൾ ഇവിടെ ഓഫീസിൽ വച്ചിട്ട് കിഴക്കോട്ട് നടന്നു പോകുകയാണുണ്ടായത്. പ്രസ്തുത സൈക്കിൾ അവിടെ നിന്ന് ഉരുട്ടിക്കൊണ്ടുവന്ന് അങ്ങാടിയിൽ എല്ലാവരെയും കാണിക്കയുണ്ടായി. അന്ന് ഇവിടെ ആർക്കും സൈക്കിൾസവാരി പരിചിതമായിരുന്നില്ല. 1909- ൽ തിരുവിതാംകൂർ – കൊച്ചി റസിഡൻ്റ് സായ്പ്പ് ( Political Agent) മൂന്നു ചക്രങ്ങളുള്ള ഒരു സൈക്കിളിൽ കോട്ടയം മുതൽ മുണ്ടക്കയം വരെ യാത്ര ചെയ്തതായി കേട്ടിട്ടുണ്ട് “.
(അവലംബം: കാഞ്ഞിരപ്പള്ളി നൂറ്റാണ്ടുകളിലൂടെ എന്ന ഗ്രന്ഥത്തിൽ ഫാദർ ജേക്കബ് ഏർത്തയിൽ ഉദ്ധരിച്ചു ചേർത്തത്).
ഇന്ത്യയിൽ ആദ്യമായി സൈക്കിൾ നിർമ്മിച്ചത് ബംഗാളിൽ റാലി കമ്പനിയുടെ വിതരണക്കാരനായ സെൻ ആണ്. ഇന്ന് ആ കമ്പനി തന്നെ ഇല്ലാതായി. ഇപ്പൊൾ ഏറ്റവും കൂടുതൽ വിൽപനയുള്ള സൈക്കിളുകൾ ഹീറോ, ആവൺ, ബി എസ് എ , ഹെർക്കുലീസ് തുടങ്ങിയവയാണ്. പൂനയിലെ സൈക്കിൾ മ്യുസിയത്തിൽ സൈക്കിളുകളിൾ വന്ന രൂപമാറ്റങ്ങൾ വിളിച്ചറിയിക്കുന്ന 150ൽപ്പരം മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
50 കൊല്ലം മുൻപ് ജനിച്ച മിക്കവർക്കും ഒരു സൈക്കിൾ യാത്രയുടെ കഥ പറയാനുണ്ടാവും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized