#കേരളചരിത്രം
#ഓർമ്മ
മാർത്താണ്ഡവർമ്മ
പാലം , ആലുവ.
കേരളചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട ഒരു ദിവസമാണ് 1940 ജൂൺ 14.
പെരിയാറിൻ്റെ തെക്കും വടക്കുമായി മുറിഞ്ഞുകിടന്നിരുന്ന ആലുവ ഭൂപ്രദേശം അന്ന് ഒരു പാലം വഴി ബന്ധിക്കപ്പെട്ടു.
ബ്രിട്ടീഷ് ഭരണകാലത്തെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ സാക്ഷ്യമായി നിലനിൽക്കുന്ന ഈ പാലത്തിൽനിന്ന് മനോഹരമായ പെരിയാർ നദിയും, പ്രശസ്തമായ മഹാശിവരാത്രി ആഘോഷങ്ങൾ നടക്കുന്ന ആലുവാ മണപ്പുറവും കാണാനാകും.
പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തത് തിരുവിതാംകൂറിലെ അന്നത്തെ ഇളയരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ്. അദ്ദേഹത്തിൻ്റെ പേരാണ് നൽകിയിരിക്കുന്നത്.
ആലുവ പട്ടണത്തിന്റെ മുഖമുദ്രയായ പാലം ഇന്നും ഉപയോഗത്തിലിരിക്കുന്നു.
ജെ.ബി. ഗാമൺ ആൻഡ് കമ്പനിയാണ് നിർമ്മാണം നടത്തിയത്. ചീഫ് എൻജിനീയർമാർ ജി.ബി.എസ്. ട്രസ്കോട്ടും, എം.എസ്. ദുരൈസ്വാമിയും. കൊച്ചി-സേലം NH 544 (പഴയ NH47) ദേശീയ പാതയിലാണ് പാലം സ്ഥിതിചെയ്യുന്നത്. മൂന്ന് വീതം ആർച്ചുകളാണ് പാലത്തിന്റെ ഇരു വശത്തുമായുള്ളത്. പാലത്തിന്റെ മുകളിൽ തിരുവിതാംകൂറിന്റെ ചിഹ്നമുണ്ട്. കരിങ്കല്ലാണ് തൂണുകളുടെ പണിക്ക് ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു സവിശേഷത ഡെക്കിനടിയിൽ ആറ് സ്ഥലങ്ങളിലുള്ള കൂറ്റൻ ഷോക്ക്- അബ്സോർബർ സ്പ്രിംഗുകളാണ്. അക്കാലത്ത് എട്ട് ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്.
ദേശീയപാതയിൽ നാലുവരി ഗതാഗതം സാധ്യമാക്കുന്നതിനായി പഴയ പാലത്തിന് സമാന്തരമായി, അതേ മാതൃകയിൽ പിന്നീട് ഒരു പുതിയ പാലം നിർമ്മിച്ചു.
2002 ജൂൺ 23ന്, പുതിയ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പുതിയ പാലത്തിന്റെ നിർമ്മാണം L & T കമ്പനിയാണ് നടത്തിയത്. ഏകദേശം എട്ടു കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ പാലത്തിന് 141 മീറ്റർ നീളവും, നടപ്പാതകൾ ഉൾപ്പെടെ12.56 മീറ്റർ വീതിയുമാണ് ഉള്ളത്. പഴയ പാലത്തിന്റെ ആർച്ചുകളേക്കാൾ 1.1 മീറ്റർ ഉയരം കൂടിയതാണ് പുതിയ പാലത്തിന്റെ ആർച്ചുകൾ.
ഇന്ന് പക്ഷേ രണ്ടു പാലങ്ങൾക്കും താങ്ങാൻ കഴിയാത്ത വിധത്തിൽ വാഹനങ്ങൾ പെരുകിയിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized