#ഓർമ്മ
ചെ ഗുവേര.
ഡോക്റ്റർ ഏർണെസ്റ്റൊ ചെ ഗുവേരയുടെ (1928-1967)
ജന്മവാർഷികദിനമാണ്
ജൂൺ 14.
വിപ്ലവകാരി എന്ന വാക്കിൻ്റെ പര്യായമായാണ് ലോകമെങ്ങും ചെ ആരാധിക്കപ്പെടുന്നത്.
ആൽബർട്ടോ കോർദ എടുത്ത ചെ യുടെ ഫോട്ടോപോലെ ലോകപ്രശസ്തമായ ഒന്ന് വേറെ അധികമില്ല.
അർജൻ്റീനയിൽ ജനിച്ച ഏർണസ്റ്റൊ വൈദ്യശാസ്ത്ര വിദ്യാർഥിയായിരിക്കെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടത്തിയ ഒരു പര്യടനമാണ് പാവങ്ങളുടെ പക്ഷം ചേരാൻ അദ്ദേഹത്തിന് പ്രേരകമായത്. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പേരിൽ ചെ തന്നെ, തൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മെക്സിക്കൻ കാടുകളിൽവെച്ചാണ് ഫീഡൽ കാസ്ട്രോയെ പരിചയപ്പെട്ടത്. ക്യൂബയിൽ ബറ്റിസ്റ്റ എന്ന ഏകാധിപതിയെ താഴെയിറക്കാൻ നടത്തിയ പോരാട്ടത്തിൽ ചെയും സജീവപങ്കാളിത്തം വഹിച്ചു. കാസ്ട്രോയുടെ മന്ത്രിസഭയിൽ അംഗമായി. മന്ത്രിയായിരിക്കെ 1959ൽ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നെഹ്രുവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ചെ പക്ഷേ, തൻ്റെ വിപ്ലവാഭിമുഖ്യം ഒരിക്കലും മറന്നില്ല.
1965ൽ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ ചെ, കോംഗോയിൽ സംഘടിപ്പിച്ച വിപ്ലവശ്രമം പരാജയപ്പെട്ടു. പിന്നീട് ബൊളീവിയയായി പോരാട്ടവേദി. അവിടെവെച്ചു പിടിയിലായ ചെ, സി ഐ എ യുടെ നിർദേശപ്രകാരം വെറും 39 വയസിൽ വെടിവെച്ച് കൊല്ലപ്പെടുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.






