#ഓർമ്മ
#ചരിത്രം
ചരിത്രം തിരുത്തിയ വിധി.
ജൂൺ 12, 1975 ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതിയ ദിവസമാണ്.
അലഹാബാദ് ഹൈക്കോടതി ജഡ്ജി ജഗ്മോഹൻലാൽ സിൻഹ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവായി വിധി പ്രഖ്യാപിച്ചു. എതിർസ്ഥാനാർഥി രാജ് നാരായൺ കൊടുത്ത കേസിൽ നാലുവർഷം നീണ്ട വിചാരണക്കുശേഷം 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നിന്നുള്ള തെരഞ്ഞെടുപ്പാണ് അസാധുവാക്കിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ 123(7) വകുപ്പ് പ്രകാരം പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ അഴിമതി കാണിച്ചതായി ജസ്റ്റിസ് സിൻഹ കണ്ടെത്തി.
6 കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരക്ക് വിലക്ക് കൽപ്പിക്കപ്പെട്ടു.
” Every human being has a price, but Sinha was not one of them” ( എല്ലാ മനുഷ്യർക്കും ഒരു വിലയിടാൻ സാധിക്കും, പക്ഷേ സിൻഹ അക്കൂട്ടത്തിൽപ്പെട്ട ആളല്ലായിരുന്നു) എന്നാണ് പ്രശസ്ത പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ എഴുതിയത്.
അപ്പീലിൽ സുപ്രീംകോടതി ജഡ്ജി വി ആറ് കൃഷ്ണ അയ്യർ വിധി ഭാഗികമായി മാത്രമേ സ്റ്റേ ചെയ്തുള്ളു. ലോക്സഭയിൽ വോട്ടിംഗിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ചില്ല.
പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാൻ ഇന്ദിരാ ഗാന്ധി തയാറായില്ല. അധികാരം നിലനിർത്താനായി 13 ദിവസത്തിന് ശേഷം അവർ
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാക്കളെ ജെയിലിൽ അടച്ചു. പത്രങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയെയും അവരുടെ കോൺഗ്രസ് പാർട്ടിയെയും തൂത്തെറിഞ്ഞു കൊണ്ടാണ് ജനങ്ങൾ കടുത്ത ജനാധിപത്യ ധ്വംസനത്തിന് മറുപടി നൽകിയത്.
നിർഭയനായ ഒരു ജഡ്ജി ചരിത്രത്തിലേക്ക് നടന്നു കയറി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized