പോത്തൻ ജോസഫ്

#ഓർമ്മ

പോത്തൻ ജോസഫ്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പത്രാധിപന്മാരിൽ ഒരാളായിരുന്നു പോത്തൻ ജോസഫ് (1892-1972).

പ്രഗൾഫ അഭിഭാഷകനും സ്വതന്ത്രസമര സേനാനിയും ഗാന്ധിജിയുടെ യംഗ് ഇന്ത്യയുടെ പത്രാധിപരും ആയിരുന്ന ബാരിസ്റ്റർ ജോർജ് ജോസഫിൻ്റെ അനുജനായി
ചെങ്ങന്നൂരിലെ ഊരിയിൽ കുടുംബത്തിലാണ് പോത്തൻ ജോസഫിന്റെ ജനനം. ചെങ്ങന്നൂർ ഹൈസ്കൂൾ, സി.എം.എസ്. കോളേജ് കോട്ടയം, ചെന്നൈ പ്രസിഡൻസി കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. ബി.എ. ബിരുദം നേടിയതിനുശേഷം കോട്ടയം എം.ഡി. സെമിനാരി സ്കൂളിൽ അധ്യാപകനായി ചേർന്നു. ബോംബെ സർവകലാശാലയിൽ നിന്നും നിയമബിരുദവും നേടി.
മുഹമ്മദ് അലി ജിന്ന, ഗാന്ധിജി, നെഹ്‌റു, സരോജിനി നായിഡു, ആനിബസന്റ് പോലുള്ള ഇന്ത്യൻ പ്രമുഖരുമായി അടുത്തിടപഴകിയിരുന്നു അദ്ദേഹം. കാർട്ടൂണിസ്റ് ശങ്കറിനെ ലോകത്തിനു നൽകിയത് ഇദ്ദേഹമാണ്. ദി ഇന്ത്യൻ ഡെയ്‌ലി മെയിലിൽ ആരംഭിച്ച് ‘Over A Cup of Tea’ എന്ന നാമത്തിൽ അഞ്ചു പതിറ്റാണ്ട് കാലം നീണ്ട രാഷ്ട്രീയ കോളം പോത്തൻ ജോസഫിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു.
തൻ്റെ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറല്ലായിരുന്നു. ഫലം 40 വര്ഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ 30 പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ജോലി ചെയ്തു.

ഫിറോസ് ഷാ മേത്ത ആരംഭിച്ച ദ് ബോംബെ ക്രോണിക്കിളിൽ സബ് എഡിറ്ററായിട്ടാണ് തുടക്കം. കൊൽകത്തയിലെ ക്യാപിറ്റൽ (1920-24) മുംബൈയിലെ ദ വോയ്സ് ഓഫ് ഇന്ത്യ (1924) മോത്തിലാൽ നെഹ്രുവിന്റെ ഇന്ത്യൻ ഡെയ്‌ലി ടെലിഗ്രാഫ് (1926/ലക്നൗ) സരോജിനി നായിഡുവിന്റെ ഇന്ത്യൻ നാഷണൽ ഹെറാൾഡ് എന്നീ പത്രങ്ങളിലും പോത്തൻ സേവനം ചെയ്തു. അടുത്ത ഊഴം പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായിട്ടായിരുന്നു. അവിടെ നേരിട്ട ദുരനുഭവങ്ങളാണ് രാജിവെച്ചു 1942 ഒക്ടോബറിൽ ജിന്നയുടെ ഡോൺ ദിനപത്രത്തിൻ്റെ പത്രാധിപത്യം ഏറ്റെടുക്കാൻ നിമിത്തമായത്. ( പ്രഗൾഫനായ അസിസ്റ്റൻ്റ് എഡിറ്റർ എടത്തട്ട നാരായണനെയും പോത്തൻ ജോസഫ് ഡോണിലേക്ക് ക്ഷണിച്ചെങ്കിലും എടത്തട്ട നിരസിക്കുകയായിരുന്നു. എടത്തട്ട പിന്നീട് പേട്രിയട്ട് പത്രാധിപർ എന്ന നിലയിൽ പ്രശസ്തനായി).

1973-ൽ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പത്മഭൂഷൺ നൽകി രാജ്യം ഈ മഹാനായ പത്രാധിപരെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *